ad
Deshabhimani

ഇഡിയുടെ വേട്ടയാടലിനെതിരെ നാടെങ്ങും പ്രതിഷേധം

തൊട്ടാൽ തീയാകും

 കേന്ദ്ര സർക്കാരിന്റെ ഭരണകൂട ഭീകരതയ്ക്കും രാഷ്ട്രീയ പ്രേരിത ഇഡി റെയ്ഡുകൾക്കുമെതിരെ സിപിഐ എം നേതൃത്വത്തിൽ മടിക്കൈ കാഞ്ഞിരപ്പൊയിലിൽ നടത്തിയ  പന്തംകൊളുത്തി പ്രകടനം

കേന്ദ്ര സർക്കാരിന്റെ ഭരണകൂട ഭീകരതയ്ക്കും രാഷ്ട്രീയ പ്രേരിത ഇഡി റെയ്ഡുകൾക്കുമെതിരെ സിപിഐ എം നേതൃത്വത്തിൽ മടിക്കൈ കാഞ്ഞിരപ്പൊയിലിൽ നടത്തിയ പന്തംകൊളുത്തി പ്രകടനം

വെബ് ഡെസ്ക്

Published on May 28, 2026, 02:28 AM | 2 min read

കാസർകോട്‌

സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയനെ വേട്ടയാടാനുള്ള ഇഡി നീക്കത്തിനെതിരെ ജില്ലയിലും പ്രതിഷേധം ആളിക്കത്തി. പിണറായിയിലെ വീട്ടിൽ പരിശോധന നടക്കുന്നുവെന്ന വാർത്ത പുറത്തുവന്നപ്പോൾതന്നെ ഏരിയാകേന്ദ്രങ്ങളിൽ നേതാക്കളും പ്രവർത്തകരും പ്രകടനമായി നിരത്തിലിറങ്ങി. ലോക്കൽ കേന്ദ്രങ്ങളിലും പ്രകടനം നടന്നു. വൈകിട്ട്‌ ബ്രാഞ്ച്‌ കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനവും നടന്നു. സംസ്ഥാന, ജില്ലാ കമ്മിറ്റിയംഗങ്ങൾ വിവിധ കേന്ദ്രങ്ങളിൽ പ്രകടനത്തിന്‌ നേതൃത്വം നൽകി. കേന്ദ്ര ഏജൻസിയുടെ വേട്ടയാടലിനെതിരെ ഏരിയാ, ലോക്കൽ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. വൈകിട്ട്‌ ബ്രാഞ്ച്‌ കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനവും നടന്നു. ചെറുവത്തൂർ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റിയംഗം രജീഷ്‌ വെള്ളാട്ട്‌ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ ബാലകൃഷ്ണൻ, ജില്ലാ കമ്മിറ്റിയംഗം പി സി സുബൈദ, ടി പി കുഞ്ഞബ്ദുള്ള, കയനി കുഞ്ഞിക്കണ്ണൻ, ടി നാരായണൻ എന്നിവർ സംസാരിച്ചു. കാസർകോട്ട്‌ സംസ്ഥാനകമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനംചെയ്തു. ജില്ലാസെക്രട്ടറിയറ്റംഗം എം സുമതി അധ്യക്ഷയായി. ജില്ലാകമ്മിറ്റിയംഗം കെ എ മുഹമ്മദ് ഹനീഫ സംസാരിച്ചു. ഏരിയാസെക്രട്ടറി ടി എം എ കരീം സ്വാഗതം പറഞ്ഞു. മടിക്കൈ ചാളക്കടവിൽ സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബി ബാലൻ അധ്യക്ഷനായി. ജില്ലാകമ്മിറ്റിയംഗം പി ബേബി, ശശീന്ദ്രൻ മടിക്കൈ എന്നിവർ സംസാരിച്ചു. കെ പ്രഭാകരൻ സ്വാഗതം പറഞ്ഞു.


പിണറായിയിൽപരിശോധനാ പ്രഹസനം 5 മണിക്കൂർ

സ്വന്തം ലേഖകൻ പിണറായി മുന്നറിയൊപ്പൊന്നുമില്ലാതെ തീർത്തും രാഷ്ട്രീയപ്രേരിതമായി പിണറായി വിജയന്റെ വീട്ടിൽ നടത്തിയ ഇഡി പരിശോധനാ പ്രഹസനം നീണ്ടത്‌ അഞ്ചു മണിക്കൂർ. രാവിലെ 8.30ന് തുടങ്ങിയ പരിശോധന 1.30 വരെ തുടർന്നു. വീട്ടിലെ രേഖകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, സാമ്പത്തിക ഇടപാട് വിവരങ്ങൾ എന്നിവ കണ്ട്‌ കൃത്യത ഉറപ്പുവരുത്തി. പരിശോധനാവിവരം പുറത്തുവന്നതോടെ നാട്ടുകാരും സിപിഐ എം പ്രവർത്തകരും ഇവിടേക്ക്‌ ഒഴുകിയെത്തി. വസതിക്കുമുന്നിൽ റോഡിൽ കുത്തിയിരുന്ന്‌ മുദ്രാവാക്യംവിളി തുടർന്നു. ചെങ്കൊടികളും പ്രതിഷേധസൂചകമായി ബാനറുകളും ഉയർത്തി. പരിശോധന കഴിഞ്ഞ് ഇഡിയും സംഘവും പുറത്തിറങ്ങുന്നതുവരെ പ്രതിഷേധമിരമ്പി. തുടർന്ന് നേതാക്കളും പ്രവർത്തകരും പിണറായി ടൗണിലേക്ക് പ്രതിഷേധപ്രകടനം നടത്തി.

ഡിവൈഎഫ്ഐ പ്രവർത്തകരും പ്രകടനം നടത്തി.


വീട്ടുമുറ്റത്തും പ്രതിഷേധത്തീ

സ്വന്തം ലേഖകൻ പിണറായി പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ പിണറായി പാണ്ട്യാലമുക്കിലെ വീട്ടിലെ ഇഡി റെയ്ഡിൽ പ്രതിഷേധിച്ച്‌ നൂറുകണക്കിനാളുകളാണ്‌ വീടിന്‌ മുന്നിലെത്തിയത്‌. വൻ ജനരോഷത്തിനിടെ, റെയ്ഡ് അവസാനിപ്പിച്ച ഇഡി സംഘത്തിന്‌, ഒന്നും കിട്ടിയില്ലെന്ന് എഴുതി ഒപ്പിട്ടുനൽകിയതോടെയാണ്‌ പുറത്തേക്കിറങ്ങാൻ സാധിച്ചത്. രാവിലെ 8.30ന്‌ ഇഡി സംഘം എത്തുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. തുടർന്ന് മേൽനോട്ടക്കാരനായ ചെങ്ങര നാണുവിനെ വിളിച്ചുവരുത്തി പരിശോധന തുടങ്ങി. വിവരമറിഞ്ഞ്‌, പിണറായി ഏരിയാ സെക്രട്ടറി കെ ശശിധരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ കക്കോത്ത് രാജൻ, പിണറായി ലോക്കൽ സെക്രട്ടറി സി നന്ദനൻ, കോയിപ്രത്ത് രാജൻ ഉൾപ്പെടെ ചുരുക്കം പ്രവർത്തകർ മാത്രമാണ് ആദ്യഘട്ടത്തിൽ എത്തിയത്‌. ഒന്പതോടെ കൂടുതൽ സിപിഐ എം പ്രവർത്തകരെത്തി മുദ്രാവാക്യംവിളികളുമായി പ്രതിഷേധംതുടങ്ങി. മാധ്യമപ്രവർത്തകരും എത്തി. സംഘർഷസാധ്യത കണക്കിലെടുത്ത് തലശേരി എഎസ്‌പി നന്ദഗോപൻ, പിണറായി പൊലീസ് ഇൻസ്പെക്ടർ അജീഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സന്നാഹം സ്ഥലത്തെത്തി. സി നന്ദനൻ, കെ ഷാജി, ചെങ്ങര നാണു എന്നിവരെയാണ് പരിശോധനാസമയം വീട്ടിനുള്ളിൽ പ്രവേശിപ്പിച്ചത്. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ, ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് എന്നിവരെത്തി ജനങ്ങളുടെ പ്രതിഷേധത്തോടൊപ്പം അണിനിരന്നു. തുടർന്ന്, വി കെ സനോജ് എംഎൽഎ, ഇ പി ജയരാജൻ, എം വി ജയരാജൻ, വത്സൻ പനോളി, വി ശിവദാസൻ എംപി, ടി വി രാജേഷ്, പി പുരുഷോത്തമൻ തുടങ്ങിയവരുമെത്തി.


എൽഡിഎഫ്‌ പ്രതിഷേധ പ്രകടനം ഇന്ന്‌

കാസർകോട്‌

രാഷ്‌ട്രീയ പകപോക്കൽ ലക്ഷ്യമിട്ട്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്‌ റെയ്‌ഡ്‌ നടത്തിയ ഇഡിയുടെ നടപടിയിൽ പ്രതിഷേധിച്ച്‌ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ വ്യാഴാഴ്‌ച കാഞ്ഞങ്ങാട്ട്‌ പ്രതിഷേധ പ്രകടനവും യോഗവും നടക്കും. വൈകിട്ട്‌ നാലിന്‌ കോട്ടച്ചേരി ട്രാഫിക്‌ ജങ്‌ഷന്‌ സമീപത്തെ പെട്രോൾ പന്പ്‌ പരിസരത്തുനിന്ന്‌ പ്രകടനം ആരംഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home