ad
Deshabhimani

വരുമാനത്തിൽ സ്‌റ്റേഷനുകൾ മുന്നിൽ

ട്രെയിൻ യാത്രക്കാർക്ക്‌ ദുരിതം മാത്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 09, 2026, 02:44 AM | 1 min read

കാസർകോട്

യാത്രാവരുമാനത്തിൽ പ്രധാന സ്‌റ്റേഷനുകളെല്ലാം മുന്നിൽ നിൽക്കുന്പോഴും ജില്ലയിലെ ട്രെയിൻ യാത്രക്കാരോട്‌ കരുണ കാട്ടാതെ റെയിൽവേ. 2025–26 വർഷത്തിൽ കാസർകോട്‌ സ്‌റ്റേഷൻ 48.12 കോടി രൂപയും കാഞ്ഞങ്ങാട്‌ 19.92 കോടിയും നീലേശ്വരം 8.49 കോടിയും ചെറുവത്തൂർ 4.98 കോടിയും വരുമാനം നേടിയെന്നാണ്‌ വിവരാവകാശ പ്രകാരമുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്‌. മുൻവർഷത്തെക്കാൾ ഉയർന്ന തുകയാണത്‌. യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾ പലതിനും ഇപ്പോഴും പരിഹാരമില്ല. ജില്ലയിലൂടെ കടന്നുപോകുന്ന പല പ്രധാന ട്രെയിനുകൾക്കും പ്രധാന സ്റ്റേഷനുകളിൽപോലും സ്റ്റോപ്പില്ലാത്ത അവസ്ഥയാണ്‌. വികസന കാര്യത്തിലും പല സ്‌റ്റേഷനുകളും പിന്നിലാണ്‌. നിലവിലെ മിക്ക ട്രെയിനുകളിലും ജനറൽ കോച്ചുകളിൽ വീർപ്പുമുട്ടിയാണ്‌ യാത്രക്കാരുടെ സഞ്ചാരം. വൈകിട്ടും രാത്രിയും തെക്കുനിന്ന്‌ കണ്ണൂർ, കാസർകോട്‌ ജില്ലകളിലേക്കുള്ള ട്രെയിൻ യാത്രാ ദുരിതത്തിനും അറുതിയായില്ല. വൈകിട്ട്‌ അഞ്ചിന്‌ കോഴിക്കോട്‌ നിന്ന്‌ പരശുറാം എക്സ്പ്രസ് കഴിഞ്ഞാൽ കണ്ണൂരിന് അപ്പുറത്തേക്ക് സാധാരണ യാത്രക്കാർക്ക് ആശ്രയിക്കാവുന്ന ട്രെയിനുകളില്ല. തെക്കുഭാഗത്തുനിന്ന് വരുന്ന 11 ട്രെയിനുകൾ കണ്ണൂരിൽ സർവീസ് അവസാനിപ്പിക്കുന്നുണ്ട്‌. വൈകിട്ടുള്ള മംഗള, നേത്രാവതി തുടങ്ങിയ ദീർഘദൂര ട്രെയിനുകളിൽ അൺറിസർവ്ഡ് കോച്ചുകൾ കുറവായതിനാൽ യാത്രക്കാർക്ക്‌ കയറാൻ പോലും സാധിക്കാത്ത അവസ്ഥ. പരശുറാം എക്സ്പ്രസ്സിലാകട്ടെ യാത്രക്കാരുടെ വലിയ തിരക്കാണ്‌. ​കോഴിക്കോട് നിന്ന് വൈകീട്ട് 5.30ന്‌ പുറപ്പെടുന്ന പാലക്കാട് -– കണ്ണൂർ എക്സ്പ്രസ്സ് കാസർകോട്ടേക്കോ മംഗളൂരുവിലേക്കോ നീട്ടണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. വടക്കോട്ടേക്ക് നീട്ടുന്ന ട്രെയിൻ രാത്രിതന്നെ കണ്ണൂരിലേക്ക് മടങ്ങുകയാണെങ്കിൽ വൈകിട്ട് 7.10 നു ശേഷം കാസർകോട് ഭാഗത്ത് നിന്ന് തെക്കോട്ട് പ്രതിദിന വണ്ടിയില്ല എന്ന പ്രശ്നത്തിനും പരിഹാരമാകും. യാത്രാ ദുരിതത്തിന്‌ പരിഹാരമായി ജില്ലയിൽ മെമു അനുവദിക്കണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home