വരൂ; നീന്തൽ ജീവിതപാഠമാണ്

വട്ടംതട്ട എ കെ ജി സ്‌മാരക ഗ്രന്ഥാലയവും ജ്വാല വനിതാവേദിയും ചേർന്ന് ആരംഭിച്ച നീന്തൽ പരിശീലനത്തിൽനിന്ന്

സ്വന്തം ലേഖകൻ
Published on Sep 16, 2025, 02:00 AM | 1 min read
ബേഡഡുക്ക
നീന്താൻ പഠിക്കാൻ പോരുന്നോ? നീന്തൽ പഠിച്ചാൽ പലതുണ്ട് കാര്യമെന്ന് ഓർമപ്പെടുത്തിയാണ് വട്ടംതട്ട എ കെ ജി സ്‌മാരക ഗ്രന്ഥാലയവും ജ്വാല വനിതാവേദിയും കുഞ്ഞുങ്ങളെ വിളിക്കുന്നത്. ജലദുരന്തങ്ങൾ ആവർത്തിക്കുന്പോൾ നീന്തലെന്ന ജീവിതപാഠത്തെ പരിശീലിപ്പിക്കുകയാണ് ഇൗ ഗ്രന്ഥാലയം. കഴിഞ്ഞ ദിവസം ആരംഭിച്ച പരിശീലനത്തിൽ പത്തുപേർ വീതമുള്ള ബാച്ചുകളായാണ് പരിശീലനം. ഒയോലം മൂലയിലെ കെ കരുണാകരന്റെ കുളത്തിലാണ് പരിശീലനം. കുഴിയെടുത്ത് അരിക് ഉറപ്പിച്ച് ടാർപോളിൻ വിരിച്ചതാണ് ഇരുപത് മീറ്ററോളം നീളവും പത്തുമീറ്റർ വീതിയുമുള്ള കുളം. കുട്ടികളുടെ ശാരീരികവും മാനസികവുമായ ക്ഷമത വർധിപ്പിക്കുയെന്ന ദൗത്യവും നീന്തൽ പരിശീലനത്തിനുണ്ട്. പത്തുക്ലാസുകൾ കൊണ്ട് നീന്തൽ നല്ല രീതിയിൽ പരിശീലിക്കാനാകും. കുറ്റിക്കോൽ അഗ്നിരക്ഷാനിലയത്തിലെ ഡിഫൻസ് അംഗം എ ടി ശശിധരൻ, ലൈഫ് ഗാർഡ് പി പ്രസീത, കായികാധ്യാപിക പി പ്രവീണ എന്നിവരാണ് പരിശീലകർ. വൈകുന്നേരങ്ങളിൽ ആഴ്‌ചയിൽ മൂന്നുദിവസം വീതമാണ് പരിശീലനം. നീന്തൽ മത്സരങ്ങളിൽ ഉൾപ്പെടെ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് അതിനൊത്ത വിധം പരിശീലനമുണ്ടാകും. കുട്ടികളുടെ പരിശീലനത്തിന് ശേഷം വനിതകൾക്ക് ഉൾപ്പെടെ പരിശീലനം നൽകും. എ ടി ശശിധരൻ പരിശീലനം ഉദ്‌ഘാടനം ചെയ്‌തു. എ ദീപ അധ്യക്ഷയായി. പി പ്രസീത, പി പ്രവീണ, കെ കുരുണാകരൻ, ഇ പ്രദീപ് കുമാർ, ഇ പ്രഭാകരൻ, എം കൃഷ്‌ളണപ്രസാദ്, ഇ പ്രമോദ് കുമാർ, പി എസ് സുരഭി, കാഞ്ചന പനക്കുളം എന്നിവർ സംസാരിച്ചു.









0 comments