ad
Deshabhimani

കണ്ണീർ നോവായി നാടിന്റെ പൊന്നോമനകൾ

അഡൂർ പൊനോരത്ത്  വീടിന്റെ മതിലിടിഞ്ഞ്  കല്ലും മണ്ണും റോഡരിലേക്ക് പതിച്ചപ്പോൾ. ഇതിനടിയിൽപെട്ടാണ് മുൻസീറും മുസമ്മീലും മരിച്ചത്. സമീപം തകർന്ന ബസ് കാത്തിരിപ്പ് കേന്ദ്രവും കാണാം

അഡൂർ പൊനോരത്ത് വീടിന്റെ മതിലിടിഞ്ഞ് കല്ലും മണ്ണും റോഡരിലേക്ക് പതിച്ചപ്പോൾ. ഇതിനടിയിൽപെട്ടാണ് മുൻസീറും മുസമ്മീലും മരിച്ചത്. സമീപം തകർന്ന ബസ് കാത്തിരിപ്പ് കേന്ദ്രവും കാണാം

avatar
രജിത്‌ കാടകം

Published on Jun 07, 2026, 02:39 AM | 1 min read


അഡൂർ

മഴയുടെ തണുപ്പിൽ ഒരു കൂട്ടം കുഞ്ഞുങ്ങളുടെ കളിചിരികളാൽ മുഖരിതമായിരുന്നു ദേലംപാടി പഞ്ചായത്തിലെ അഡൂർ പൊനോരം പ്രദേശം. എന്നാൽ നിമിഷങ്ങൾക്കകം ആ ചിരികൾ നാടിനെ നടുക്കിയ നിലവിളിക്കും സങ്കടത്തിനും വഴിമാറുമെന്ന് ആരും കരുതിയില്ല. അഡൂർ ജിഎച്ച്എസ്എസിലെ അഞ്ചാം ക്ലാസുകാരൻ മുൻസീറും ഒമ്പതാം ക്ലാസുകാരൻ മുസമ്മിലും കൂട്ടുകാരനും ബന്ധുവുമായ മുഹമ്മദ് വഹ്ഷും നെല്ലിക്കയും മാങ്ങയും കുടിവെള്ളവും ലെയ്സ് പാക്കറ്റുകളും നിരത്തിവച്ച് റോഡരികിൽ കൊച്ചുകച്ചവടത്തിയായിരുന്നു. നേരിയ മഴ മാത്രമാണ്‌ അവിടെ ഉണ്ടായിരുന്നത്‌. അപ്രതീക്ഷിതമായാണ്‌ സമീപത്തെ മതിൽ കുട്ടികളുടെ ജീവനെടുത്തത്‌. എല്ലാം നിമിഷനേരം കൊണ്ടായിരുന്നു. അടുത്തിടെ പണിതീർത്ത അയൽവാസിയുടെ വീട്ടുമതിലിനോട് ചേർന്നുള്ള റോഡരികിൽ കെട്ടിയ ചെറിയ കൂരയിലേക്ക് മഴയിൽ കുതിർന്ന മതിലും മണ്ണും ഇടിഞ്ഞുവീഴുകയായിരുന്നു. ​ശനിയാഴ്ച വൈകിട്ട് 4.45 ഓടെയാണ്‌ സംഭവം. ശബ്ദം കേട്ട് ആളുകൾ ഓടിക്കൂടിയപ്പോൾ ആ കൂട്ടത്തിൽ മുൻസീറിന്റെയും മുസമ്മിലിന്റെയും ഉമ്മ സൗദയുമുണ്ടായിരുന്നു. കല്ലുകൾക്കും മണ്ണിനും ഇടയിൽപ്പെട്ട് ശ്വാസം കിട്ടാതെ പ്രാണനായി നിലവിളിക്കുന്ന മക്കളെയാണ്‌ ആ ഉമ്മ കണ്ടത്‌. കല്ലുകളും മണ്ണും വകഞ്ഞുമാറ്റി, ചോരയിൽ കുതിർന്ന ആ കുരുന്നുകളെ നെഞ്ചോടു ചേർത്ത് നാട്ടുകാർ മുള്ളേരിയ സഹകരണ ആശുപത്രിയിലേക്ക് ജീവന്റെ അവസാന ശ്വാസത്തിനായി പാഞ്ഞു. എന്നാൽ ആ കുഞ്ഞുജീവനുകളെ രക്ഷിക്കാനായില്ല. പരിക്കേറ്റ വഹാസിനെ വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ചെർക്കളയിലെ ആശുപത്രിയിലേക്ക് മാറ്റി. കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ മുൻസീറിന്റെയും മുസമ്മീലിന്റെയും മൃതദേഹം ശനിയാഴ്ച രാത്രി പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം ഞായറാഴ്ച.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home