Deshabhimani

ഇരുട്ടടിയിൽ വലഞ്ഞ്‌ ആശുപത്രികളും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 16, 2026, 02:00 AM | 1 min read

കാസർകോട്‌

‘പീക്ക് അവർ’ ലോഡ്‌ ഷെഡിങ്‌ തുടരുന്നത്‌ ജില്ലയിലെ ആശുപത്രികളുടെ പ്രവർത്തനവും അവതാളത്തിലാക്കുന്നു. വിവിധ സമയങ്ങളിലായി ദിവസവും ഏകദേശം 50 മിനുട്ട്‌ വീതമാണ്‌ ആശുപത്രികളിലും അപ്രഖ്യാപിത കട്ട്. ഇതുകാരണം ഐസിയു, തിയറ്റർ, വെന്റിലേറ്റർ, എക്‌സ് റേ, ലാബ് തുടങ്ങിയവയുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നതായി ആശുപത്രി ജീവനക്കാർ പറയുന്നു. കൃത്യമായി ശീതീകരിച്ച്‌ സൂക്ഷിക്കേണ്ട മരുന്നുകളെയും വൈദ്യുതി മുടക്കം പ്രതിസന്ധിയിലാക്കും. ഓക്സിജൻ കോൺസൻട്രേറ്ററുകൾ, എയർബെഡുകൾ, ബൈപാസ്‌ മെഷീനുകൾ തുടങ്ങിയ ഉപകരണങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുന്നത് രോഗികളുടെ ജീവനും ഭീഷണിയാവുന്നുണ്ട്‌. പല സർക്കാർ ആശുപത്രികളിലും ജനറേറ്റർ ഉപയോഗം കാര്യക്ഷമമല്ല. തകരാറുകാരണവും അധികബാധ്യതയിള്ളതിനാലുമാണിത്‌. ചിലയിടങ്ങളിൽ ജനറേറ്റർ തന്നെയില്ല. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വൈദ്യുതി മുടങ്ങുന്പോൾ ജനറേറ്ററുകളെ ആശ്രയിക്കുന്നുണ്ട്‌. 250, 350 കെവി വീതം ശേഷിയുള്ള രണ്ട് ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചാണ് ആശുപത്രി ‘ഇരുട്ടടി’യെ ഒരു പരിധിവരെ അതിജീവിക്കുന്നത്‌. ഇന്ധനച്ചെലവ്‌ കാര്യമായി ബാധിക്കുന്നതിനാൽ ഇത്‌ ശാശ്വതവുമല്ല. കാസർകോട്ടെ ജില്ലാ ആയുർവേദ ആശുപത്രിയിൽ വൈദ്യുതി പോയാൽ ചൂടുകാരണം കടുത്ത പ്രയാസം അനുഭവിക്കേണ്ടി വരുന്നതായി രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. ആശുപത്രിയിൽ തടസ്സമില്ലാതെ വൈദ്യുതി ഉറപ്പുവരുത്താൻ ഇൻവർട്ടറോ ജനറേറ്ററോ ഇല്ല. സാധാരണക്കാരായ നിരവധി രോഗികൾ ചികിത്സയ്‌ക്കെത്തുന്ന ആശുപത്രിയാണിത്‌. കാസർകോട്‌ ജനറൽ ആശുപത്രിയിൽ ഒരു കെട്ടിടത്തിൽ മാത്രമാണ്‌ ജനറേറ്റർ. 400 കെവിയുടെ ജനറേറ്ററാണുള്ളത്‌. ആശുപത്രിയുടെ മുഴുവൻ ഭാഗത്തേക്കും ഇത്‌ പര്യാപ്‌തമല്ല. ഇൻവർട്ടറുകളുടെ കാര്യവുമിങ്ങനെയാണ്‌. ചെലവും വലിയ പ്രശ്‌നമാണ്‌. ജനറേറ്റർ പ്രവർത്തിപ്പിക്കാൻ മണിക്കൂറിൽ 45 ലിറ്റർവരെ ഡീസൽ വേണമെന്ന്‌ ആശുപത്രി അധികൃതർ പറഞ്ഞു. ഓഡിയോളജി സംവിധാനവും അവതാളത്തിലാണ്‌. അതിരാവിലെ എത്തുന്ന രോഗികൾ പവർക്കട്ടിനെതുടർന്ന്‌ മടങ്ങിപ്പോവുന്നതും പതിവാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home