ad
Deshabhimani

12 കേന്ദ്രത്തിൽ ഇന്ന്‌ 
കർഷകത്തൊഴിലാളി 
മാർച്ച്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 01, 2026, 03:00 AM | 1 min read

കാസർകോട്‌ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്ര സർക്കാർ പാസ്സാക്കിയ വിബിജി ആർഎഎംജി പദ്ധതി നിലവിൽ വരുന്ന ബുധനാഴ്‌ച കർഷകത്തൊഴിലാളികൾ ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ ജില്ലയിലെ 12 ഏരിയാകേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക്‌ മാർച്ചും ധർണയും നടത്തും. രാവിലെ 10ന്‌ ചെറുവത്തൂരിൽ സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രനും കാഞ്ഞങ്ങാട്ട്‌ ജില്ലാ സെക്രട്ടറി കെ വി കുഞ്ഞിരാമനും ഉദുമ പള്ളിക്കരയിൽ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി വി കെ രാജനും ചെർക്കളയിൽ പള്ളിക്കൈ രാധാകൃഷ്‌ണനും അഡൂരിൽ ഓമന രാമചന്ദ്രനും കാലിക്കടവിൽ എം വി ബാലകൃഷ്‌ണനും നീലേശ്വരത്ത്‌ പി കുഞ്ഞിക്കണ്ണനും ഭീമനടിയിൽ എം സി മാധവനും രാജപുരത്ത്‌ വി വി സുകുമാരനും കൊളത്തൂരിൽ സി രാമചന്ദ്രനും പുത്തിഗെയിൽ എ ജാസ്‌മിനും ഹൊസങ്കടിയിൽ സി വി കൃഷ്‌ണനും ഉദ്‌ഘാടനംചെയ്യും. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ കടുത്ത സമ്മർദത്തിന്റെ ഫലമായിട്ടാണ്‌ തൊഴിലുറപ്പ്‌ നിയമം രാജ്യത്ത്‌ യാഥാർഥ്യമായത്‌. കോടിക്കണക്കിന് സാധാരണക്കാരുടെ ആശ്രയമായ പദ്ധതി ഏകപക്ഷീയമായാണ്‌ കേന്ദ്ര സർക്കാർ അവസാനിപ്പിച്ചത്‌. പകരം കൊണ്ടുവന്ന പദ്ധതിയിലൂടെ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് തൊഴിലും വേതനവും നഷ്ടപ്പെടാൻ ഇടയാവും. കൂലി നൽകാതെയും വൻതോതിൽ കുടിശ്ശിക വരുത്തിയും തൊഴിൽദിനം വെട്ടിക്കുറച്ചും കഴിഞ്ഞ 10 വർഷമായി മോദി സർക്കാർ പദ്ധതി ദുർബലപ്പെടുത്തുകയായിരുന്നു. ഒടുവിൽ പദ്ധതി പൂർണമായും ഇല്ലാതാക്കാനാണ്‌ പുതിയ നിയമം നടപ്പാക്കുന്നത്‌. പുതിയ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ്‌ സമരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home