ചട്ടഞ്ചാൽ–ചെർക്കള ദേശീയപാത നിർമാണം അവസാനഘട്ടത്തിൽ

നിർമാണം നടക്കുന്ന തെക്കിൽ വളവിലെ ദേശീയപാത
നാരായണൻ കരിച്ചേരി
Published on Apr 14, 2026, 02:30 AM | 2 min read
ചട്ടഞ്ചാൽ
ദേശീയപാ.തയിൽ സംസ്ഥാനത്തുതന്നെ ഏറ്റവും വലിയ കുന്നും വളവുകളുമുള്ള ചട്ടഞ്ചാൽ – ചെർക്കള റൂട്ടിൽ ആറുവരി ദേശീയപാതയുടെ നിർമാണം അവസാനഘട്ടത്തിൽ. ബേവിഞ്ച, തെക്കിൽ ഭാഗങ്ങളിൽ കുന്നിടിച്ചും കുഴിയെടുത്തും റോഡ് പ്രവൃത്തി നടത്തേണ്ടതിനാൽ ഈ റൂട്ടിൽ വാഹന ഗതാഗതം രണ്ടാഴ്ചത്തേക്ക് നിരോധിച്ചാണ് പ്രവൃത്തി നടക്കുന്നത്. ബേവിഞ്ച സ്റ്റാർ നഗറിലും ചട്ടഞ്ചാൽ ഇറക്കത്തിൽ കാനത്തുംകുണ്ട് ഭാഗത്തും കുന്നിടിച്ച് താഴ്ത്തി നിർമാണം വേഗത്തിൽ നടക്കുന്നുണ്ട്. കഴിഞ്ഞ കാലവർഷത്തിൽ വലിയ തോതിൽ മണ്ണിടിഞ്ഞ മേഖലയാണിത്. ദേശീയപാതയുടെ താഴ്‌വാരത്തെ കൃഷികൾക്കും വീടുകൾക്കും മണ്ണൊലിച്ചലിൽ നാശവും സംഭവിച്ചിരുന്നു. അതിനാൽ ഇത്തവണ കാലവർഷത്തിന് മുമ്പായി പണി ഈ ഭാഗത്തെ നിർമാണം പൂർത്തിയാക്കാനാണ് കരാർ കമ്പനിയായ മേഘയോട് ദേശീയപാത അതോറിറ്റി നിർദേശിച്ചത്. കുന്നിടിക്കുന്ന ഭാഗത്ത് ചെറുവാഹനങ്ങൾക്ക് കടന്നുപോകാൻ ഇവിടെ താത്കാലിക റോഡൊരുക്കിയിട്ടുണ്ട്. ബസ്സും മറ്റു വലിയ വാഹനങ്ങളും ചട്ടഞ്ചാൽ -ദേളി - ചന്ദ്രഗിരി പാലം വഴിയാണ് കാസർകോട് ഭാഗത്തേക്ക് പോകുന്നത്. ജില്ലയിൽ ദേശീയപാതയുടെ രണ്ടാം റീച്ചായ ചെങ്കള– നീലേശ്വരം റീച്ചിൽ ഏറ്റവും അപകട സാധ്യതയുള്ള മേഖലയാണ് അഞ്ചു കിലോമീറ്റർ നീളത്തിലുള്ള ചെർക്കള - ചട്ടഞ്ചാൽഭാഗം. ബേവിഞ്ചയിലും കാനത്തുംകുണ്ടിലും വയഡക്ട് നിർമിച്ചാണ് പുതിയ ദേശീയപാത കടന്നുപോകുന്നത്. ബേവിഞ്ചയിലെ വയഡക്ട് നിർമാണം പൂർത്തിയായെങ്കിലും ഒരുഭാഗം മാത്രമേ തുറന്നുകൊടുത്തിട്ടുള്ളൂ. തെക്കിൽ കാനത്തുംകുണ്ടിൽ പഴയ വൻകയറ്റം ഉണ്ടായ ഭാഗത്ത് നിർമിക്കുന്ന രണ്ടാമത്തെ വയഡക്ടിന്റെ ഒരുഭാഗം കഴിഞ്ഞ കാലവർഷത്തിന് മുന്പ് തുറന്നുകൊടുത്തിരുന്നെങ്കിലും സമാന്തര ഭാഗത്തെ കോൺക്രീറ്റ് ഇപ്പോൾ നടന്നുവരികയാണ്. കഴിഞ്ഞ മഴക്കാലത്ത് ഗതാഗതത്തിന് ഏറ്റവും ദുരിതവും അപകട ഭീഷണിയുമുണ്ടായ മേഖലയാണ് തെക്കിൽ. മഴവെള്ളപ്പാച്ചലിൽ മണ്ണിടിഞ്ഞ് ഈ റൂട്ടിൽ മാസങ്ങളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇവിടെ കുന്നിടിച്ചൽ സാധ്യതയുള്ള ഭൂരിഭാഗവും നിരപ്പാക്കിക്കഴിഞ്ഞു. കുന്നിൽനിന്ന് മഴവെള്ളത്തിന്റെ കുത്തിയൊലിച്ചൽ തടയാൻ ഓവുചാൽ നിർമാണം പുരോഗമിക്കുന്നു. കാനത്തുംകുണ്ട്, ബേവിഞ്ച ഭാഗങ്ങളിൽ മണ്ണിടിച്ചൽ സാധ്യത മുന്നിൽകണ്ട് ദേശീയപാതയുടെ അരികിൽ കോൺക്രീറ്റ് പാർശ്വഭിത്തി നിർമാണം ധൃതഗതിയിൽ നടക്കുന്നു. പഴയ തെക്കിൽ പ്പാലത്തിന്റെ പടിഞ്ഞാറുഭാഗത്ത് സമാന്തരമായി നിർമിച്ച പുതിയപാലത്തിലൂടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ബലപരിശോധനയിൽ പഴയ തെക്കിൽപ്പാലം പൊളിക്കാതെ നിലനിർത്താനാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം. പുതിയ പാലത്തിൽ മൂന്നുവരിയും പഴയപാലത്തിൽ രണ്ടുവരി ഗതാഗതവുമാകും ഇവിടെ ഉണ്ടാകുക. പഴയപാലം അറ്റകുറ്റപണിക്ക് അടച്ചിടേണ്ടിവരുമെന്നും അധികൃതർ പറഞ്ഞു









0 comments