ad
Deshabhimani

പ്രത്യാശയോടെ ‘മഴക്കിലുക്കം’

സ്നേഹഗ്രാമത്തിൽ വിരിഞ്ഞു, പുഞ്ചിരിപ്പൂക്കൾ

മനസ്സുതുറന്ന് ... ബോവിക്കാനം സഹജീവനം സ്നേഹഗ്രാമത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഒരുക്കിയ ‘മഴക്കിലുക്കം' ക്യാമ്പിൽ ഉദയൻ കുണ്ടംകുഴി കുട്ടികളുമായി സംവദിക്കുന്നു

മനസ്സുതുറന്ന്... ബോവിക്കാനം സഹജീവനം സ്നേഹഗ്രാമത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഒരുക്കിയ ‘മഴക്കിലുക്കം' ക്യാമ്പിൽ ഉദയൻ കുണ്ടംകുഴി കുട്ടികളുമായി സംവദിക്കുന്നു

avatar
രജിത്‌ കാടകം

Published on May 24, 2026, 02:00 AM | 1 min read

ബോവിക്കാനം

വേദനകളുടെ നാളുകളെ തള്ളിനീക്കുന്ന അമ്മമനസുകളിലേക്ക് അവർ പെയ്തിറങ്ങി; ഒരു കുളിർമഴയായി. എൻഡോസൾഫാൻ ദുരിതബാധിതർക്കായി കഴിഞ്ഞ എൽഡിഎഫ് സർക്കാർ ബോവിക്കാനത്ത് ഒരുക്കിയ സഹജീവനം സ്നേഹഗ്രാമം ഞായറാഴ്ച സാക്ഷ്യം വഹിച്ചത് ഹൃദയംതൊടുന്ന നിമിഷങ്ങൾക്ക്. ദുരന്തത്തിന്റെ കയ്പുനീര് കുടിക്കാൻ വിധിക്കപ്പെട്ട ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ കണ്ണീരൊപ്പുന്ന രക്ഷിതാക്കൾക്കുമായി സ്നേഹഗ്രാമത്തിൽ ഒരുക്കിയ മഴക്കിലുക്കം പഠനക്യാമ്പ് പങ്കെടുത്തവർക്കെല്ലാം മറക്കാനാവാത്ത അനുഭവമായി. നാടും നഗരവും സ്നേഹഗ്രാമത്തെ നെഞ്ചിലേറ്റിയപ്പോൾ നാൽപ്പതിലധികം കുട്ടികളും അമ്മമാരും ദുരിതംമറന്ന് ആടിയും പാടിയും ക്യാമ്പ് അവിസ്മരണീയമാക്കി. എന്നും ദുരിതബാധിതരായ മക്കൾക്കായി ജീവിതം മാറ്റിവെച്ച രക്ഷിതാക്കൾക്ക് വലിയൊരു മാനസിക ഉല്ലാസവും ആശ്വാസവുമായിരുന്നു ക്യാമ്പിലെ ഓരോ നിമിഷവും. കുട്ടികളുടെ മനസ്‌ തൊട്ടറിഞ്ഞ് നാടകപ്രവർത്തകരായ ഉദയൻ കുണ്ടംകുഴിയും ജയൻ കാടകവും നയിച്ച തിയേറ്റർ ക്ലാസ്‌ ക്യാമ്പിലെ ആവേശക്കാഴ്ചയായി. വൈകല്യങ്ങളുടെ അതിർവരമ്പുകളില്ലാതെ കുട്ടികൾ ചുവടുവെച്ചപ്പോൾ സങ്കടങ്ങൾക്കിടയിലും അമ്മമാരിൽ സന്തോഷം നിറച്ചു. കലക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനംചെയ്തു. കെ ആർ വിനീത് അധ്യക്ഷനായി. കൈയെഴുത്ത് മാഗസിൻ മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് കെ ബി മുഹമ്മദ് കുഞ്ഞി പ്രകാശിപ്പിച്ചു. മിസ്‌രിയ റഫീഖ്, സുനിൽ മളിക്കാൽ, കെ മണികണ്ഠൻ, ആതിര സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. സുരേശൻ പുതിയിടത്ത് സ്വാഗതവും സുരഭി എസ് നായർ നന്ദിയും പറഞ്ഞു.തുടർന്ന് രക്ഷിതാക്കൾക്കായി നടന്ന സംവാദത്തിൽ എ വേണുഗോപാലൻ, പി എം മുംതാസ്, വി ശ്രീദേവി എന്നിവർ സംസാരിച്ചു. യു കെ ശ്രുതി നന്ദി പറഞ്ഞു. കളിചിരികളും പാട്ടുകളുമായി സ്നേഹഗ്രാമത്തിൽ പെയ്തിറങ്ങിയ ‘മഴക്കിലുക്കം' ഒടുവിൽ ഒത്തുകൂടിയവരുടെ മനസ്സിൽ പ്രത്യാശയുടെ പുതിയൊരു വെളിച്ചം ബാക്കിയാക്കിയാണ് സമാപിച്ചത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home