10 ലീഗുകാർക്കെതിരെ വധശ്രമത്തിന് കേസ്
സ്കൂട്ടർ തടഞ്ഞുനിർത്തി സിപിഐ എം പ്രവർത്തകരെ ആക്രമിച്ചു

മുസ്ലിംലീഗുകാരുടെ അക്രമത്തിൽ പരിക്കേറ്റ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എൻ കെ ദിലീഷ്
ഉദുമ
പെരിയാട്ടടുക്കത്ത് സ്കൂട്ടർ തടഞ്ഞുനിർത്തി രണ്ട് സിപിഐ എം പ്രവർത്തകരെ മുസ്ലിംലീഗുകാർ അക്രമിച്ചു. സാരമായി പരിക്കേറ്റ പനയാൽ തോക്കാനംമൊട്ടയിലെ എൻ കെ ദിലീഷ് (24), ലിജേഷ് (25) എന്നിവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 10 മുസ്ലിംലീഗുകാർക്കെതിരെ ബേക്കൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അക്രമം. ദിലീഷ്, ലിജേഷ് എന്നിവർ സ്കൂട്ടറിൽ സഞ്ചരിക്കവെ പെരിയാട്ടടുക്കത്ത് എത്തിയപ്പോൾ ഒരു സംഘം ലീഗ് പ്രവർത്തകർ വടി, പഞ്ച് എന്നീ മാരകായുധങ്ങളുമായി തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. പഞ്ച് കൊണ്ട് ഇടതു കണ്ണിനും വായക്കും ഇടിച്ചതിനാൽ ദിലീഷിന്റെ മുഖത്തും തലയ്ക്കും സാരമായ പരിക്കുണ്ട്. സംഭവത്തിൽ ലീഗ് പ്രവർത്തകരായ അഷ്റഫ് എന്ന അച്ചാപ്പു, നിസാർ മുഹമ്മദ്, സാദിഖ് ചെതുമ്പ എന്നിവർക്കും കണ്ടാലറിയുന്ന മറ്റു ഏഴു പേർക്കുമെതിരെയാണ് കേസ്. ഇതിൽ മുഹമ്മദ് അഫ്രീനെ (19) അറസ്റ്റ് ചെയ്തു. വടി കൊണ്ട് തലക്ക് അടിക്കുന്നതിനിടെ പെട്ടെന്ന് ഒഴിഞ്ഞുമാറിയിരുന്നില്ലെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നുവെന്ന് ആശുപത്രിയിൽ കഴിയുന്നവർ പറഞ്ഞു. തദ്ദേശ തെരഞ്ഞടുപ്പ് സമയത്തുതന്നെ ലീഗ് വ്യാപകമായി പള്ളിക്കര പഞ്ചായത്തിന്റെ ചില ഭാഗങ്ങളിൽ അക്രമം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് കഴിഞ്ഞ ദിവസത്തെ അക്രമവും.










0 comments