വോട്ട് മാറിയ നഗരത്തിന്

ടി കെ നാരായണൻ
Published on Dec 04, 2025, 03:00 AM | 2 min read
കാഞ്ഞങ്ങാട്
ഇൻഷുറൻസ് സർവേയറായ അതിയാമ്പൂരിലെ എം കെ വിനോദ്‌കുമാർ ആറാംതവണയാണ് നഗരസഭയിലേക്ക് വോട്ടുചെയ്യുന്നത്. ‘‘തുടർച്ചയായ പത്തുവർഷം നഗരമെങ്ങനെ മാറി എന്ന് എനിക്കറിയാം. സംസ്ഥാനത്തെ വൻ നഗരങ്ങളോട് കിടപിടിക്കാവുന്ന സൗകര്യം ഒരുക്കാൻ ഇത്തവണയും എൽഡിഎഫിനുതന്നെ നഗര ഭരണം ജനം നൽകും’’– പ്രദീപിന്റെ ഇൗ വാക്കുകളിലുണ്ട് നഗരം മാറിയതിന് തെളിവ്. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, പൊതുമരാമത്ത്, മാലിന്യസംസ്‌കരണം തുടങ്ങിയ മേഖലകളിലെല്ലാം നടത്തിയ വികസനം തുടരുമെന്നാണ് ഇടതുപക്ഷത്തിന്റെ ഗ്യാരണ്ടി. ആസൂത്രണമികവിൽ 43 വാർഡുകളിലെയും ജീവിതനിലവാരം ഉയർത്താനായതിന്റെ നേട്ടത്തിലാണ് എൽഡിഎഫ് വോട്ടുതേടുന്നത്. കുടുംബശ്രീ സംരംഭങ്ങളിലൂടെയും ഹരിതകർമസേനയിലൂടെയും ഒക്കെയായി നൂറുകണക്കിന് സ്ത്രീകൾ തൊഴിലും വരുമാനവുമുള്ളവരായി. അപേക്ഷകരിൽ അർഹതപ്പെട്ടവർക്കെല്ലാം വീട് ഉറപ്പുവരുത്തി ജനങ്ങളെ ആത്മാഭിമാനത്തോടെ ജീവിക്കാൻ പ്രാപ്‌തരാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വീട് നിർമിച്ചുനൽകിയ നഗരസഭ സുസ്ഥിര വികസനപാതയിൽ മാലിന്യസംസ്‌കരണത്തിന് മികച്ച മാതൃക സൃഷ്ടിച്ചു. ‘അഭിമാനത്തോടെ കാഞ്ഞങ്ങാട്’ എന്ന മുദ്രാവാക്യവുമായി വാർഡുകളിൽ നിറഞ്ഞുകഴിഞ്ഞ എൽഡിഎഫ് ഉയർത്തിക്കാട്ടുന്നത് വികസിത നഗരങ്ങളോട് കിടപിടിക്കുന്ന നഗരമായി കാഞ്ഞങ്ങാടിനെ ഉയർത്താനുള്ള പദ്ധതികളാണ്. അലാമിപ്പള്ളി–കാരാട്ടുവയൽ– മഡിയൻ പൈതൃക ഇടനാഴി, കാരാട്ടുവയലിൽ സായാഹ്ന വിനോദ പാർക്ക്, കാരാട്ടുവയലിൽ തന്നെ നഗരത്തിലേക്ക് വൻ ശുദ്ധജലപദ്ധതി, കോട്ടച്ചേരിയിൽ ഫുട്‌ഓവർ ബ്രിഡ്‌ജ്, സ്‌ത്രീ ശാക്തീകരണത്തിനായി സമൂഹ അടുക്കള സ്ഥാപിക്കൽ തുടങ്ങി ദീർഘവിക്ഷണമുള്ള നൂതനാശയങ്ങളാണ് എൽഡിഎഫ് പ്രചരണത്തിൽ നിറഞ്ഞത്. തെരെഞ്ഞടുപ്പ് പ്രഖ്യാപനത്തിന് മുന്പേ വാർഡുകളിൽ വികസന സദസും നടത്തി. കഴിഞ്ഞ തവണ 43 വാർഡുകളിൽ 24 എണ്ണം നേടിയാണ് എൽഡിഎഫ് അധികാരത്തിലെത്തിയത്. ഇക്കുറി 47 വാർഡുകളായി. മുൻ നഗരസഭാ ചെയർമാൻ വി വി രമേശൻ മുതൽ പൊതുസമ്മതരായ സ്ഥാനാർഥികളാണ് എൽഡിഎഫ് നിരയിൽ. ഒരുവാർഡിൽ 10 കുടുംബയോഗങ്ങൾ എന്ന നിലയിൽ 470 യോഗം നടക്കും. ഇതിൽ 250 എണ്ണം പൂർത്തിയായി. വികസന മുന്നേറ്റ ജാഥയിലും മികച്ച പങ്കാളിത്തമുണ്ടായി. യുഡിഎഫിൽ ഒരുകാലത്ത് നഗരസഭ ഭരിച്ച കോൺഗ്രസ് ദുർബലാവസ്ഥയിലാണ്. മുസ്ലിംലീഗിനാണ് മുന്നണി നിയന്ത്രണം. ഇതെത്തുടർന്ന് തീരദേശമേഖലയിൽ കോൺഗ്രസ്– ലീഗ് ബന്ധത്തിൽ വിള്ളലുണ്ട്. കഴിഞ്ഞതവണ ആറുവാർഡ് നേടിയ ബിജെപിക്ക് ഇത്തവണ അത് നിലനിർത്താൻ പാടുപെടേണ്ടിവരും.
കക്ഷിനില
എൽഡിഎഫ് –24 സിപിഐ എം – 19 ഐഎൻഎൽ –3 സിപിഐ – 1 യുഡിഎ-ഫ്–13 മുസ്ലിംലീഗ് –- 11 കോൺഗ്രസ്–2 ബിജെപി–6 ഇത്തവണ മത്സരിക്കുന്നത് എൽഡിഎഫ് സിപിഐ എം – 35 ഐഎൻഎൽ – 5 കേരളാ കോൺഗ്രസ് –2 സിപിഐ, ജെഡിഎസ്, ആർജെഡി, കോൺഗ്രസ് എസ്, എൻസിപി – ഒന്ന് വീതം യുഡിഎഫ് കോൺഗ്രസ് –29 മുസ്ലിംലീഗ്–17 സിഎംപി–1










0 comments