ഡിജിറ്റൽ അറസ്റ്റ് സൈബർ തട്ടിപ്പുകാർ കൈക്കലാക്കിയ 50 ലക്ഷം തിരിച്ചുപിടിച്ചു

കാസർകോട് കാഞ്ഞങ്ങാട് സ്വദേശികളായ ദമ്പതികളെ ഡിജിറ്റൽ അറസ്‌റ്റെന്ന സൈബർ തട്ടിപ്പിൽപെടുത്തി 2. 40 കോടി രൂപ തട്ടിയെടുത്ത കേസിൽ 50 ലക്ഷം രൂപ കാസർകോട് സൈബർ പൊലീസ് തിരിച്ചുപിടിച്ചു. ഇൻഡസ്ഇൻഡ് ബാങ്കിന്റെ ബീഹാറിലെ സമ്പത്ചക്ക് ബ്രാഞ്ചിൽ നിന്നാണ് തുക തിരികെ പിടിച്ചത്. 2025 ആഗസ്‌ത് 12 മുതൽ 20 വരെ പല തവണയായിയാണ് ദന്പതികളിൽനിന്ന് പണം തട്ടിയത്. മണി ലോണ്ടറിങ് കേസിൽ ഉൾപ്പെട്ടുവെന്ന് വിശ്വസിപ്പിച്ച് ഡിജിറ്റൽ അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞ് അക്കൗണ്ടിലെ പണം തട്ടിപ്പുകാർ പറഞ്ഞ അക്കൗണ്ടിലേക്ക് അയപ്പിക്കുകയായിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞ ഉടൻ ദന്പതികൾ കാസർകോട് സൈബർ പോലീസിനെ സമീപിച്ചു. ഇതുവരെ 57 ലക്ഷം രൂപ ഫ്രീസ് ചെയ്‌തു. അതിൽ 50 ലക്ഷം രൂപ കോടതി മുഖേന ഡിഡിയായി കാസർകോട് കോടതിയിൽ എത്തിച്ചു. കാസർകോട് സൈബർ പൊലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒ യുപി വിപിന്റെ മേൽനോട്ടത്തിൽ എസ്ഐ രവീന്ദ്രൻ, കെ ബി ഷിനു, എഎസ്ഐ പ്രശാന്ത്, രഞ്ജിത്ത്, എസ്‌സിപിഒ സുധേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.










0 comments