വന്യജീവികളെ തുരത്തും; നാടിന് കാവലാകും

പാണ്ടിയിൽ ഉദ്ഘാടനത്തിനൊരുങ്ങിയ സ്റ്റാഫ് ബാരക്ക്
രജിത്ത് കാടകം
Published on Feb 21, 2026, 02:00 AM | 2 min read
മുള്ളേരിയ
കാസർകോട് വനംറേഞ്ച് പരിധിയിലെ കാറഡുക്ക, ബന്തടുക്ക, പരപ്പ സംരക്ഷിത വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലും സമീപത്തുള്ളവർക്കും ഏറെ ഉപകാരപ്രദമായ മൂന്ന് പദ്ധതികൾ ഞായറാഴ്ച നാടിന് സമർപ്പിക്കും. ദേലംപാടി പഞ്ചായത്തിൽ രണ്ട് പദ്ധതിയും ബെള്ളൂരിൽ ഒരു പദ്ധതിയുമാണ് തുറന്ന് കൊടുക്കുക. വനം മന്ത്രി എ കെ ശശീന്ദ്രനാണ് ഇവ ഉദ്‌ഘാടനംചെയ്യുന്നത്. പാണ്ടിയിൽ ആധുനിക സ്റ്റാഫ് ബാരക്ക് കേരള – -കർണാടക അതിർത്തി വനമേഖലയോട് ചേർന്നുള്ള ബന്തടുക്ക സെക്ഷനിൽ വന സംരക്ഷണത്തിനും വന്യജീവി പരിപാലനത്തിനും ഉണർവേകുന്നതാണ് നിർമാണം പൂർത്തീകരിച്ച ആധുനിക സ്റ്റാഫ് ബാരക്ക്. ഭൂമിശാസ്ത്ര പ്രത്യേകതകൊണ്ടും വനവിസ്തൃതികൊണ്ടും ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ മേഖലയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം കൂടുതൽ കാര്യക്ഷമമാക്കാൻ പദ്ധതി സഹായിക്കും. ഏറെ അകലെയുള്ള രണ്ട് ബീറ്റുകൾ ഉൾപ്പെട്ട ബന്തടുക്ക മേഖലയിൽ ഉദ്യോഗസ്ഥർക്ക് ആവശ്യമായ താമസസൗകര്യം മുന്പ് പരിമിതമായിരുന്നു. രാത്രി പരിശോധനക്കും പട്രോളിങ്ങിനും ഇത് തടസ്സമാവുകയും ആ സാഹചര്യം സാമൂഹ്യവിരുദ്ധർ ദുരുപയോഗവുംചെയ്ത സാഹചര്യത്തിലാണ് ബാരക്ക് നിർമിച്ചത്. നബാർഡ് ട്രാഞ്ചയിൽ ഉൾപ്പെടുത്തി 120 ലക്ഷം രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തിന് ചുറ്റുമതിലും നിർമിച്ചിട്ടുണ്ട്. കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമാണം. അതിർത്തി വനമേഖലകളിൽ കൂടുതൽ കാര്യക്ഷമമായ രാത്രികാല നിരീക്ഷണവും പരിശോധനയും ഉറപ്പാക്കാനും ബാരക്ക് വരുന്നതോടെ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നത്. പുലിപ്പറന്പിൽ നിരീക്ഷണ ടവർ രണ്ട് പതിറ്റാണ്ടിലേറെയായി ദേലംപാടി, കാറഡുക്ക, മുളിയാർ, ബേഡഡുക്ക, കുറ്റിക്കോൽ പഞ്ചായത്തുകളിൽ രൂക്ഷമായ കാട്ടാന ശല്യത്തിന് അറുതിവരുത്താൻ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ ആനപ്രതിരോധ പദ്ധതിയുടെ ഭാഗമാണ് പുലിപ്പറമ്പിലെ നിരീക്ഷണ ടവർ. ദേലംപാടി പഞ്ചായത്തിൽ 21 കിലോമീറ്റർ ദൂരത്തിൽ അത്യാധുനിക സൗരോർജ തൂക്കുവേലി സ്ഥാപിച്ചതോടെ കാട്ടാനശല്യം പൂർണമായും അവസാനിച്ചു. ഈ സംവിധാനത്തിന്റെ തുടർച്ചയ്ക്കും മേൽനോട്ടത്തിനും സുരക്ഷയ്ക്കും ഒരു സ്ഥിരം നിരീക്ഷണകേന്ദ്രമായി ആനകളുടെ പ്രധാന സഞ്ചാര പാതയായ പുലിപ്പറമ്പിലാണ് ടവർ നിർമിച്ചത്. പട്രോളിങ്ങിന്റെ ഭാഗമായി ദീർഘനേരം വനമേഖലയിൽ ചിലവഴിക്കുന്ന സംരക്ഷണവിഭാഗം ജീവനക്കാർക്ക് ആവശ്യമായ വിശ്രമ സൗകര്യങ്ങളോടുകൂടിയാണ് 23 ലക്ഷം രൂപ ചെലവിൽ നിർമാണം ടവർ പൂർത്തിയാക്കിയത്. ബെള്ളൂരിൽ സൗരോർജ വേലി ബെള്ളൂർ പഞ്ചായത്തിലെ കർഷകജനതയുടെ ദീർഘകാലമായുള്ള ആശങ്കക്ക് പരിഹാരമാണ് ഇവിടെ നിർമിച്ച സൗരോർജ വേലി. അർത്ഥികുഡ്‌ലു മുതൽ ദേശമൂലവരെ നെൽകർഷകരുടെ സംരക്ഷത്തിനാണ് സൗരോർജവേലി നിർമിച്ചത്. കൃഷിവകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെ 9 കിലോമീറ്ററിലാണ് വേലി യാഥാർഥ്യമായത്.









0 comments