മാലിന്യം നീക്കാൻ ബയോ മൈനിങ് ട്രഞ്ചിങ് ഗ്രൗണ്ടിൽ പൂന്തോട്ടമുയരും

ബയോ മൈനിങ്ങിനായി ചെമ്മട്ടംവയൽ ട്രഞ്ചിങ് ഗ്രൗണ്ടിൽ സ്ഥാപിച്ച യന്ത്രങ്ങൾ

സ്വന്തം ലേഖകൻ
Published on Dec 11, 2025, 02:30 AM | 1 min read
കാഞ്ഞങ്ങാട്
യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് ചെമ്മട്ടംവയൽ ട്രഞ്ചിങ് ഗ്രൗണ്ടിൽ കുഴിച്ചിട്ട മാലിന്യങ്ങൾ നീക്കി നഗരസഭയ്‌ക്ക് നഷ്ടമായ അര എക്കർ ഭൂമി വീണ്ടെടുക്കാനുള്ള പ്രവൃത്തി തുടങ്ങി. ബയോ മൈനിങ് പ്രവൃത്തിയുടെ പ്രാരംഭ നടപടികളാണ് തുടങ്ങിയത്. ഇവിടെ കുഴിച്ചിട്ട മാലിന്യങ്ങൾ വായുവിലും കുടിവെള്ളത്തിലും കലർന്ന് പരിസരവാസികൾക്കുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാനും നഗരസഭയുടെ പാഴായ ഭൂമി വീണ്ടെടുക്കാനും ചെയർപേഴ്‌സൺ കെ വി സുജാതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി തയ്യാറാക്കിയ 57 ലക്ഷത്തിന്റെ പദ്ധതിയുടെ ഭാഗമായി ബംഗളൂരുവിലെ ഗ്രീൻസ് കന്പനിയാണ് ബയോ മൈനിങ് നടത്തുന്നത്. ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് കുഴികളിൽ നിക്ഷേപിച്ച ഖരമാലിന്യങ്ങൾ പുറത്തെടുത്ത് മണ്ണും മാലിന്യങ്ങളും വേർതിരിക്കും. മാലിന്യങ്ങൾ കന്പനിയുടെ സംസ്‌കരണശാലയിലേക്ക് മാറ്റും. മാലിന്യങ്ങൾ നീക്കിയ ഭൂമി നല്ല മണ്ണിട്ട് നിരപ്പാക്കി ഇവിടെ പുന്തോട്ടമാക്കും. എറണാകുളം മരട് നഗരസഭ നടപ്പിലാക്കിയ മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്. മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നൽകി സംസ്ഥാനത്തിനുതന്നെ മാതൃകയാക്കാവുന്ന പ്രവർത്തനം നടത്തിവരുന്ന നഗരസഭയിൽ പുതിയ ഭരണസമിതിയുടെ മാലിന്യ സംസ്കരണ പദ്ധതികളുടെ വേഗത കൂട്ടാൻ ബയോ മൈനിങ് വഴിയാകുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത പറഞ്ഞു. എൽഡിഎഫ് ഭരണസമിതി ചെമ്മട്ടംവയലിൽ നിർമിച്ച ആർആർഎഫി (റിസോഴ്സ് റിക്കവർ ഫെസിലിറ്റി) ന്റെയും അതിൽ സജ്ജീകരിച്ച അത്യാധുനിക യന്ത്രങ്ങളുടെയും സഹായത്തോടെ മാലിന്യ സംസ്‌കാരണം മാതൃകാപരമായി നടക്കുന്നുണ്ട്. നിശ്ചയിച്ചിരിക്കുന്ന കലണ്ടർ പ്രകാരം ഓരോ മാസവും വീടുകളിൽനിന്ന് അജൈവ മാലിന്യങ്ങളും ഹരിതകർമ സേന മുഖേന ശേഖരിക്കുന്നതിനായി ഓരോ വാർഡിലും മുച്ചക്ര വാഹനങ്ങൾ മറ്റ് വാഹനങ്ങൾ, വലിയ എംസിഎഫുകൾ എന്നിവയുമുണ്ട്. ഉറവിട മാലിന്യ സംസ്കരണം ലക്ഷ്യമിട്ട് ബയോഗ്യാസ്, ബയോബിൻ, ബൊക്കാഷി ബക്കറ്റ്, ജിബിൻ എന്നിവയുൾപ്പെടെയുള്ള മാലിന്യ സംസ്കരണോപാധികളും പ്രധാനകേന്ദ്രങ്ങളിലും വീടുകളിലും നഗരസഭ നൽകി. ഹരിതകർമസേനാ അംഗങ്ങൾ നഗരത്തിലെയും വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ ശേഖരിച്ച് ചെമ്മട്ടംവയലിൽ എത്തിച്ച് വേർതിരിച്ച് ബെയ്ൽ ചെയ്ത് അതത് കാലയളവിൽ കയറ്റി അയക്കുന്നതിനാൽ കാഞ്ഞങ്ങാട് വൃത്തിയും വെടിപ്പുമുള്ള നഗരമായി മാറി.










0 comments