വികസനത്തിന്റെ പുതുപാത

ചെറുവത്തൂർ തീരദേശത്തിന്റെ വികസനത്തിനുതകുന്നതും ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്നതുമായ വികസന പ്രവർത്തനങ്ങൾക്ക് പരിഗണന നൽകുന്ന പദ്ധതികൾ പ്രാധാന്യത്തോടെ നടപ്പാക്കിവരികയാണ് എൽഡിഎഫ് സർക്കാർ. നീലേശ്വരം നഗരസഭയിലെ അഴിത്തലയെയും ചെറുവത്തൂർ പഞ്ചായത്തിലെ ഓർക്കുളത്തെയും ബന്ധിപ്പിച്ച് നിർമിക്കുന്ന റോഡ് പാലത്തിന്റെ പ്രവൃത്തി പുരോഗമിക്കുമ്പോൾ തീരദേശ വാസികൾ ആഹ്ലാദത്തിലാണ്. 39.98 കോടി രൂപ ചിലവിലാണ് പാലം യാഥാർഥ്യമാക്കുന്നത്. പാലത്തിന്റെ കരാർ ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്ട് സൊസൈറ്റി നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. ദേശീയ ജലപാത കടന്നുപോകുന്ന തേജസ്വിനി പുഴയിലാണ് പാലം. 2017ലെ സംസ്ഥാന ബജറ്റിൽ 20 കോടിയുടെ ഇരുപത് ശതമാനം തുകയാണ് വകയിരുത്തിയത്. എന്നാൽ ഇവിടെ 300 മീറ്ററിലധികമാണ് പുഴയുടെ വീതി. അതിനാൽ പദ്ധതിയുടെ ഡിസൈൻ പൂർത്തീകരിച്ച് വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുമ്പോഴേക്കും അടങ്കൽ തുക 39.98 കോടിയായി. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലുമായി എം രാജഗോപാലന്‍ എംഎല്‍എ നേരിട്ട് ചർച്ച നടത്തി ഇതിന്റെ അനിവാര്യത ബോധ്യപ്പെടുത്തിയതിനെതുടർന്നാണ് അധിക തുകയ്ക്ക് പ്രത്യേകാനുമതി ലഭിച്ചത്. നിർദിഷ്ട തീരദേശ ഹൈവേയെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗത മേഖലക്കൊപ്പം ടൂറിസം, മത്സ്യബന്ധനം, വാണിജ്യരംഗം എന്നിവയുടെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. മടക്കര തുറമുഖം, അഴിത്തല ഫിഷിങ് ലാൻഡ് സെന്റർ, പുലിമുട്ട്, കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ, അഴിത്തല ബീച്ച് തുടങ്ങിയവയുടെയെല്ലാം വികസനത്തിന് ഉതകുന്ന പാലം നൂതന സാങ്കേതിക വിദ്യയായ പ്രീസ്ട്രസ്ഡ് കോൺക്രീറ്റ് ബീമുകൾ ഉപയോഗിച്ചാണ് നിർമിക്കുന്നത്. 317.80 മീറ്റർ നീളത്തിൽ നിർമിക്കുന്ന പാലത്തിന് ഇരുഭാഗങ്ങളിലും നടപ്പാതയുമുണ്ടാകും. സംരക്ഷണ ഭിത്തിയോടുകൂടി 320 മീറ്റർ അനുബന്ധ റോഡും നിർമിക്കും. ദേശീയ ജലപാത റൂട്ടിൽ വിഭാവനം ചെയ്തതിനാൽ തന്നെ നടുഭാഗത്ത് ജലോപരിതലത്തിൽ നിന്ന് ആറുമീറ്റർ ഉയരത്തിൽ ഒരു ആർച്ച് ടൈപ്പ് സ്പാനും നിർമിക്കും.










0 comments