സംസ്ഥാന സർക്കാർ സ്ഥലം നൽകി, കരാറുകാർ പണി നൽകി
ദേശീയപാതയിൽ കരാർ കമ്പനിയുടെ ‘കൊടുംചതി'

പെരിയ ബസാറിലെ വീതികുറഞ്ഞ സര്‍വീസ് റോഡില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക്
ടി കെ പ്രഭാകരന്‍
Published on May 14, 2026, 02:00 AM | 1 min read
പെരിയ
നന്നേ വീതി കുറഞ്ഞ സര്‍വീസ് റോഡ്. എലിമാളം പോലെ ഇടുങ്ങിയ അടിപ്പാത. നടപ്പാതയും വെള്ളം ഒഴുകിപ്പോകാനുള്ള ഓവുചാലുമില്ല. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ പെരിയ ബസാറിലെ ജനങ്ങള്‍ അനുഭവിക്കുന്ന യാത്രാദുരിതങ്ങള്‍ക്കും അറുതിയില്ല. ദേശീയപാതവികസനത്തിന്റെ ഭാഗമായി സര്‍വീസ് റോഡ് നിര്‍മാണത്തിന് സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ സ്ഥലത്തിന് പുറത്താണ് രണ്ടാം റീച്ചിലെ കരാറുകാരായ മേഘ കന്പനിയുടെ മേല്‍നോട്ടത്തില്‍ സര്‍വീസ് റോഡിന്റെ പ്രവൃത്തി നടത്തിയത്. സര്‍വീസ് റോഡും അടിപ്പാതയും തികച്ചും അശാസ്ത്രീയമായാണ് നിര്‍മിച്ചത്. സര്‍വീസ് റോഡിന് ഏഴര മീറ്റര്‍ വീതി വേണ്ടിടത്ത് മൂന്നരമീറ്റര്‍ മാത്രം. വീതി കുറഞ്ഞ സര്‍വീസ് റോഡിലൂടെ ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്ക് കഷ്ടിച്ച് മാത്രമേ കടന്നുപോകാനാകൂ. സര്‍വീസ് റോഡിനോട് ചേര്‍ന്ന അടിപ്പാതക്കും വീതി വളരെ കുറവ്. രണ്ട് ചെറുവാഹനങ്ങള്‍ക്ക് ഒരുമിച്ചുപോകാനുള്ള സൗകര്യം നിലവിലില്ല. ഒരുവാഹനം കടന്നുപോയതിനുശേഷമേ മറ്റൊരുവാഹനത്തിന് കടന്നുപോകാനാകൂ. രണ്ട് വാഹനങ്ങള്‍ ഒരേ ദിശയില്‍നിന്ന് വരികയോ എതിര്‍ഭാഗത്തുനിന്ന് വരികയോ ചെയ്യുമ്പോള്‍ രണ്ടുഭാഗത്തും മാര്‍ഗതടസമുണ്ടാകുന്നു. അടിപ്പാതയിലെ സ്ഥലപരിമിതി അപകടത്തിന് വഴിവെക്കുകയാണ്. അടിപ്പാതയിലൂടെ കടക്കേണ്ടവാഹനങ്ങള്‍ക്ക് മറ്റ് വാഹനങ്ങള്‍ കടന്നുപോകുംവരെ സര്‍വീസ് റോഡില്‍ നിര്‍ത്തിയിടേണ്ടിവരികയും ചെയ്യുന്നു. സര്‍വീസ് റോഡിലൂടെ വരുന്ന ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ക്ക് പെരിയ ബസാറിലെത്തുമ്പോള്‍ മാര്‍ഗതടസമുണ്ടാകുകയും ഗതാഗതക്കുരുക്കില്‍പ്പെടുകയും ചെയ്യുന്നു. അടിപ്പാതയിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാനുള്ള സൗകര്യം പോലും സര്‍വീസ് റോഡിലില്ല. അടിപ്പാതയില്‍നിന്ന് സര്‍വീസ് റോഡിലേക്ക് കയറുന്ന വാഹനങ്ങളും സര്‍വീസ് റോഡിലൂടെ വരുന്ന വാഹനങ്ങളും കൂട്ടിയിടിച്ച് അപകടമുണ്ടാകുന്ന സ്ഥിതിയാണ്. ഈ ഭാഗത്ത് കാല്‍നടയാത്രക്കാര്‍ക്ക് പോകാനുള്ള സൗകര്യമില്ലാത്തതിനാല്‍ അപകടഭീഷണിയുമുണ്ട്. മഴ വന്നാല്‍ അടിപ്പാതയും സര്‍വീസ് റോഡും വെള്ളത്തില്‍ മുങ്ങുകയും സമീപ്രദേശങ്ങള്‍ വെള്ളപ്പൊക്കഭീഷണിയിലാവുകയും ചെയ്യും. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികളും ദുരിതത്തിലാകും. വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് അടിപ്പാത ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.










0 comments