വേനൽച്ചൂടിലും കുളിർമയായി ബേക്കൽ ബീച്ച് പാർക്ക്

പള്ളിക്കരയിലെ ബേക്കൽ ബീച്ച് പാർക്ക്
ഉദുമ
കടുത്ത വേനൽ ചൂടിനെ അവഗണിച്ചും വിനോദസഞ്ചാരികളുടെ തിരക്കേറുകയാണ് പള്ളിക്കരയിലെ ബേക്കൽ ബീച്ച് പാർക്കിൽ. ബേക്കൽ കോട്ടയുടെ പശ്ചാത്തലത്തിൽ, അറബിക്കടലിന്റെ മനോഹാരിത നുണയാൻ സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിന് ആളുകളാണ് ദിവസവും ഇവിടെ എത്തുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് പള്ളിക്കര ബീച്ചിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാക്കി മാറ്റുന്നത്. വിനോദങ്ങളുടെയും സാഹസികതയുടെയും കേന്ദ്രം. കുടുംബസമേതം എത്തുന്നവർക്ക് ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന വിപുലമായ സജ്ജീകരണങ്ങളാണ് പാർക്കിലൊരുക്കിയിട്ടുള്ളത്. ഫ്ലോട്ടിങ് ബ്രിഡ്ജ് ആൻഡ് ആകാശ ഊഞ്ഞാൽ സ്കൈ റൈഡിങ് ഉൾപ്പെടെയുള്ള വിവിധ റൈഡിങ് ആക്ടിവിറ്റികൾ, ആർകെയ്ഡ് ഗെയിംസ് കുട്ടികൾക്കായുള്ള അമ്യൂസ്‌മെന്റ് ഗെയിമുകൾ, കൂടാതെ വൈവിധ്യമാർന്ന രുചികളുമായി ഫുഡ് കോർട്ടും, ഷോപ്പിങ് പ്രിയർക്കായി ഷോപ്പിങ് സ്ട്രീറ്റും പാർക്കിന്റെ ഭാഗമായുണ്ട്. കഴിഞ്ഞ മൂന്നുവർഷമായി അന്താരാഷ്ട്ര ബേക്കൽ ബീച്ച് ഫെസ്റ്റിവലിന് വേദിയായതും പള്ളിക്കര ബീച്ചാണ്. ബജറ്റ് ഫ്രണ്ട്‌ലി ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾക്കും, മീറ്റിങ്ങുകൾക്കും പ്രധാന വേദിയായി ഇവിടം മാറിക്കഴിഞ്ഞു. രാത്രി 11 വരെ പാർക്ക് സന്ദർശകർക്കായി തുറന്നിരിക്കും. 30 രൂപയാണ് പ്രവേശന ഫീസ്. നൂറോളംപേർക്ക് തൊഴിൽ നൽകുന്ന ഈ വിനോദസഞ്ചാര കേന്ദ്രത്തിൽ ഇനിയും ചില വികസനങ്ങൾകൂടി ആവശ്യമാണെന്ന് സന്ദർശകർ ചൂണ്ടിക്കാട്ടുന്നു. പാർക്കിന്റെ ഇരുവശങ്ങളിലും ടോയ്‌ലറ്റുകൾ ഉണ്ടെങ്കിലും മധ്യഭാഗത്ത് കൂടി പുതിയ സൗകര്യം ഏർപ്പെടുത്തണമെന്നത് പ്രധാന ആവശ്യമാണ്. ബേക്കൽ ബീച്ച് റോഡ് നാലുവരിയാക്കി വികസിപ്പിക്കുന്നത് ഗതാഗതം സുഗമമാക്കും. റെയിൽവേ മതിൽ വഴി ആളുകൾ അനധികൃതമായി പ്രവേശിക്കുന്നത് തടയാൻ മതിലിന്റെ ഉയരം കൂട്ടേണ്ടതുണ്ട്. ഈ പരിമിതികൾകൂടി പരിഹരിക്കപ്പെട്ടാൽ വടക്കൻ മലബാറിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി ബേക്കൽ ബീച്ച് പാർക്ക് ശോഭിക്കും.










0 comments