ഇടതുപക്ഷ ഭരണത്തുടർച്ചയുടെ പുതിയ അധ്യായം രചിക്കും: എം സ്വരാജ്

കുമ്പള ഐക്യ കേരളത്തിന്റെ ചരിത്രത്തിലെ ഇടതുപക്ഷ ഭരണത്തുടർച്ചയുടെ പുതിയ അധ്യായം ഇത്തവണ രചിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ഭാസ്‌കര കുന്പള രക്തസാക്ഷി ദിനാചരണ പൊതുയോഗം കുമ്പളയിൽ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതായി പറയുന്നു. 2021ലും മുഖ്യമന്ത്രി ആരാകണമെന്നും മന്ത്രിമാർ ആരാകണമെന്നും അവർ നേരത്തേ തീരുമാനിച്ചിരുന്നു. രണ്ടര വർഷംവീതം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയാകണം എന്നായിരുന്നു അന്നത്തെ തീരുമാനം. വോട്ടെണ്ണിയപ്പോൾ എൽഡിഎഫ് തുടർഭരണം നേടി. അന്നത്തെയത്ര ആത്മവിശ്വാസം ഇപ്പോൾ അവർക്കില്ല. കോൺഗ്രസുകാരനായാലും ബിജെപിക്കാരനായാലും ലീഗുകാരനായാലും ക്ഷേമ പെൻഷൻ മുടങ്ങണമെന്ന് ആഗ്രഹിക്കില്ല. സ്കൂളുകൾ അടച്ചുപൂട്ടണമെന്നും പവർകട്ട് ഉണ്ടാകണമെന്നും വർഗീയകലാപം ഉണ്ടാകണമെന്നും ആഗ്രഹിക്കില്ല.അതിന് ഇടതുപക്ഷല്ലാതെ മറ്റൊരു വഴിയും കേരളത്തിനുമുന്നിലില്ല. കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിൽ പെൻഷൻ മുടങ്ങിയിട്ട് 25 മാസമായി. യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരളത്തിന്റെ നാശം തുടങ്ങും. ബിജെപി ഒരിക്കലും കേരളത്തിൽ അധികാരത്തിൽവരില്ലെന്നും സ്വരാജ് പറഞ്ഞു.









0 comments