എന്നുവരും കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലത്തില്‍ നടപ്പാത

കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം
ടി കെ പ്രഭാകരന്‍
Published on May 27, 2026, 02:00 AM | 1 min read
കാഞ്ഞങ്ങാട്
കാലവര്‍ഷം വരുന്പോള്‍ കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിന്റെ അടിഭാഗം വെള്ളത്തില്‍ മുങ്ങും. പിന്നെ മഴക്കാലം തീരുന്നത് വരെ ഈ മേല്‍പ്പാലത്തില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കും റെയില്‍വേ സ്റ്റേഷനില്‍നിന്ന് തിരിച്ച് മേല്‍പ്പാലത്തിലേക്കും നടന്നുപോകാന്‍ വഴിയുണ്ടാകില്ല. പാളവും ഇപ്പോഴുള്ള വഴിയുമടക്കം ചെളിവെള്ളത്തില്‍ മുങ്ങും. കുഴിഞ്ഞ ഭാഗമായതിനാല്‍ വലിയ വെള്ളക്കെട്ടാണു്ണ്ടാവുക. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്റെ വടക്കുഭാഗത്തുള്ള ഈ മേല്‍പ്പാലത്തിന്റെ രണ്ട് ഭാഗത്തും താഴേക്ക് ഇരുന്പ് ഗോവണികളോട് കൂടിയ പടികളുണ്ട്. എളുപ്പത്തില്‍ റെയില്‍വെ സ്റ്റേഷനിലേക്കും നഗരത്തിന്റെ മറ്റുഭാഗങ്ങളിലേക്കും എത്താനാണ് പടികള്‍ നിര്‍മിച്ചത്. 2022ൽ മന്ത്രി പി എ മുഹമ്മദ് റിയാസാണ് കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം നാടിന് തുറന്നുകൊടുത്തത്. ഹൊസ്ദുര്‍ഗ് ബീച്ച് റോഡിലെ ലെവല്‍ ക്രോസ് നമ്പര്‍ 274ന് പകരമായാണ് സംസ്ഥാന സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വെയും സംയുക്തമായി കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം നിര്‍മ്മിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 21.71 കോടി രൂപ ചെലവഴിച്ചിരുന്നു. കാഞ്ഞങ്ങാട്, കടപ്പുറം, മീനാപ്പീസ് കടപ്പുറം, കാറ്റാടി, കൊളവയല്‍, ആവിയില്‍, പുഞ്ചാവി തുടങ്ങിയ തീരദേശമേഖലകളിലെ ജനങ്ങള്‍ കാലങ്ങളായിഅനുഭവിച്ച യാത്രാദുരിതത്തിനാണ് ഈ മേല്‍പ്പാലം വന്നതോടെ പരിഹാരമായത്. മേല്‍പ്പാലവുമായി ബന്ധപ്പെട്ട അനുബന്ധ പ്രവൃത്തികള്‍ പൂര്‍ണമായും റെയില്‍വെയുടെ ഉത്തരവാദിത്വമാണ്. രണ്ടുവര്‍ഷം മുന്പ് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ സന്ദര്‍ശനവേളയില്‍ ഉന്നത റെയില്‍വെ ഉദ്യോഗസ്ഥര്‍ കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിന്റെ അടിഭാഗം പരിശോധിക്കുകയും മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നത് മൂലം ഇതുവഴിയുള്ള സഞ്ചാരം സാധ്യമാകാത്ത പ്രശ്നം പരിഹരിക്കാന്‍ നടപ്പാത നിര്‍മിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. റോഡ് നവീകരണം നടന്ന് മാസങ്ങളായിട്ടും നടപ്പാത നിര്‍മിക്കാനുള്ള പ്രാരംഭ നടപടിപോലും റെയില്‍വെയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.











0 comments