പരിധിക്ക് പുറത്താണ് അതിർത്തിയിലെ ജീവിതങ്ങൾ

രജിത്ത് കാടകം
Published on Jul 14, 2026, 02:36 AM | 2 min read
മുള്ളേരിയ
ഫോൺ സിഗ്നലോ ഇന്റർനെറ്റോ ഇല്ലാതെ ബാഹ്യലോകത്തുനിന്ന് പൂർണമായി ഒറ്റപ്പെട്ട് ദേലംപാടി പഞ്ചായത്തിലെ അതിർത്തി ഗ്രാമങ്ങൾ. ദേലംപാടി കർണാടക അതിർത്തിയോട് ചേർന്നുകിടക്കുന്ന ബെള്ളിപ്പാടി, പഞ്ചിക്കൽ, പരപ്പ തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് ദുരിതം പേറുന്നത്. നൂറുകണക്കിന് കർഷക കുടുംബങ്ങളും പിന്നാക്ക വിഭാഗങ്ങളും താമസിക്കുന്ന മേഖലയിൽ ഡിജിറ്റൽ സംവിധാനം നിഷേധിക്കപ്പെട്ടത് ജന ജീവിതം ദുസ്സഹമാക്കുന്നു. വനത്താൽ ചുറ്റപ്പെട്ട മേഖലയിൽ ഇരുന്നൂറോളം കുടുംബങ്ങളുണ്ട്. ഇതിൽ 35 പട്ടികജാതി കുടുംബങ്ങളും 40 പട്ടികവർഗ കുടുംബങ്ങളും ഉൾപ്പെടുന്നു. പഞ്ചിക്കൽ, കുക്കുഗുഡ്ഡ, ചേരദമൂലേ, ബെള്ളിപ്പാടി, മഡ്യാള വളപ്പ്, ബലെകുടി, ഒളക്കരെ തുടങ്ങിയ ഏഴ് ജനവാസകേന്ദ്രങ്ങളിലെ ഉന്നതികളിലെ കന്നഡ, തുളു, മലയാളം ഭാഷകൾ സംസാരിക്കുന്ന ജനങ്ങളാണ് ദുരിതത്തിലായത്. വന്യജീവി ആക്രമണം: അറിയിക്കാൻ വഴിയില്ല മേഖല നേരിടുന്ന ഏറ്റവും വലിയ ഭീഷണി കാട്ടാനശല്യമാണ്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ ആനവേലി പദ്ധതിയിലൂടെ പഞ്ചായത്തിന്റെ മറ്റ് ഭാഗങ്ങൾ സുരക്ഷിതമാക്കിയപ്പോൾ, കർണാടക വനമേഖലയിൽനിന്നുള്ള കാട്ടാനകൾനേരിട്ട് ബെള്ളിപ്പാടിയിലെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയാണ്. ആനക്കൂട്ടം കൃഷി നശിപ്പിക്കുമ്പോഴോ ജനങ്ങളുടെ ജീവന് ഭീഷണിയാകുമ്പോഴോ വനം വകുപ്പ് ഉദ്യോഗസ്ഥരെയോ ജനപ്രതിനിധികളെയോ ബന്ധപ്പെടാൻ ഇവർക്ക് സാധിക്കുന്നില്ല. പ്രദേശത്ത് വൈദ്യുതി മുടങ്ങുന്നതും പതിവാണ്. കെഎസ്ഇബി മുള്ളേരിയ സെക്ഷൻ ഓഫീസിൽ വിവരമറിയിക്കാൻപോലും കിലോമീറ്ററുകൾ സഞ്ചരിക്കണം. റേഷൻ വിതരണവും പ്രതിസന്ധിയിൽ പ്രദേശവാസികൾക്ക് റേഷൻ വാങ്ങാൻ 10 കിലോമീറ്റർ അകലെയുള്ള പരപ്പയെയാണ് ആശ്രയിക്കുന്നത്. അവിടെയും മൊബൈൽ സിഗ്നൽ കൃത്യമായി ലഭ്യമല്ലാത്തതിനാൽ ഇ-പോസ് മെഷീനുകൾ ഒട്ടുമിക്ക ദിവസങ്ങളിലും പ്രവർത്തിക്കില്ല. റേഷൻ കടയിൽ സാധനങ്ങൾ എത്തിയിട്ടുണ്ടോ എന്ന് ഫോൺ വിളിച്ച് അന്വേഷിക്കാൻപോലും മാർഗമില്ലാതെ കിലോമീറ്ററുകൾ താണ്ടി നിരാശരായി മടങ്ങേണ്ട അവസ്ഥയിലാണ് കാർഡുടമകൾ. മുമ്പ് 65 കിലോമീറ്റർ അകലെയുള്ള കർണാടകയിലെ ബിഎസ്എൻഎൽ മടിക്കേരി ടവറിന്റെ ഒരു അനുബന്ധ ടവർ കർണാടകയിലെ തന്നെ പഞ്ചിക്കല്ലിൽ പ്രവർത്തിച്ചിരുന്നു. ഇതിൽ നിന്നാണ് നേരിയ തോതിലെങ്കിലും സിഗ്നൽ ലഭിച്ചിരുന്നത്. ഇവിടെ വൈദ്യുതി മുടക്കം പതിവായതിനാൽ കവറേജ് ഇല്ലാതായി. ദേലംപാടിയിൽ നിലവിൽ ബിഎസ്എൻഎൽ ടവർ ഉണ്ടെങ്കിലും ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണം ഈ പ്രദേശങ്ങളിൽ നെറ്റ്‌വർക്കില്ല. അധികൃതരുടേത് നിസംഗത പ്രദേശത്തെ വാർത്താവിനിമയ സൗകര്യമില്ലായ്മ പരിഹരിക്കാൻ ബിഎസ്എൻഎൽ പുതിയ ടവർ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പല തവണ കലക്ടർക്ക് നിവേദനം നൽകിയിരുന്നെങ്കിലും നടപടിയുമുണ്ടായില്ല. ബിഎസ്എൻഎൽ അധികൃതർക്ക് നിരവധി തവണ പരാതി സമർപ്പിച്ചെങ്കിലും അനങ്ങിയില്ല . കേരള ഗ്രാമീണ ബാങ്ക്, വില്ലേജ് ഓഫീസ്, വനം ഡിപ്പോ തുടങ്ങിയ പ്രധാന സ്ഥാപനങ്ങൾ പരപ്പയിലുണ്ടെങ്കിലും ഡിജിറ്റൽ കണക്ടിവിറ്റി ലഭ്യത ഇല്ലാത്തതിനാൽ ഇവിടെ എത്തുന്നവർക്ക് കൃത്യമായി സേവനം നൽകാൻ കഴിയുന്നില്ല.









0 comments