നിർമാണസാമഗ്രികളുടെ വില കുതിക്കുന്നു
പാതിവഴിയിൽ നിലയ്ക്കുമോ നിർമാണം

പി വിജിൻദാസ്
Published on May 14, 2026, 02:00 AM | 2 min read
ചെറുവത്തൂർ
നിർമാണ സാമഗ്രികളുടെ വില വർധിച്ചതോടെ നിർമാണ മേഖല പ്രതിസന്ധിയിലായി. അനുദിനം നിർമാണ സാമഗ്രികളുടെ വില വർധിക്കുന്നത് കരാറെടുക്കുന്ന ചെറുകിട കരാറുകാരെയും വൻകിട കരാറുകാരെയും ബാധിച്ചതോടെയാണ് പലയിടങ്ങളിലും നിർമാണ പ്രവൃത്തി പ്രതിസന്ധിയിലായത്. കല്ല്, സിമന്റ്, കമ്പി, മെറ്റൽ, എം സാന്റ് തുടങ്ങിയവക്കാണ് വൻ തോതിൽ വില വർധിച്ചത്. 340 രൂപയായിരുന്ന സിമന്റിന് വിവിധ ബ്രാന്റുകൾ അനുസരിച്ച് അറുപത് രൂപ വരെയാണ് വർധിച്ചത്. കല്ല് ഒന്നാം ക്വാളിറ്റിക്ക് 35 രൂപവരെയായി. ഇവ കിട്ടാനുമില്ലെന്ന് കരാറുകാർ പറയുന്നു. നിലവിൽ ലഭിക്കുന്നത് സെക്കന്റ് ക്വാളിറ്റിയാണ്. ഇതിന് 28 മുതൽ 32 രൂപവരെയും മൂന്നാം ക്വാളിറ്റിക്ക് വർധിച്ച് 22 രൂപവരെയുമായി. കിലോ 68 രൂപയായിരുന്ന കമ്പിയുടെ വില ബ്രാന്റുകൾ അനുസരിച്ച് 80 രൂപ വരെയായി ഉയർന്നു. മെറ്റലിനും അഞ്ഞൂറ് രൂപയിലധികമാണ് വർധിച്ചിരിക്കുന്നത്. പൂഴിക്ക് പകരം ഉപയോഗിക്കുന്ന എം സാന്റിനും ക്രമാതീതമായി വർധിച്ചു. എല്ലാ നിർമാണ സാധനങ്ങളുടെയും വില വർധിച്ചതോടെ കരാറെടുത്ത തുകക്ക് കെട്ടിടം പണി പൂർത്തിയാക്കാൻ സാധിക്കാത്ത സ്ഥിതിയിലാണ് കരാറുകാർ. മഴക്കാലം എത്തുന്നതിന് മുമ്പ് തന്നെ പൂർത്തീകരിച്ച് നൽകേണ്ട വീടുകളുടെ കരാർ ഏറ്റെടുത്ത കരാറുകാർ ഇപ്പോൾ വൻ പ്രതിസന്ധിയിലായിരിക്കുന്നു. ഏറ്റെടുത്ത തുകക്ക് പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് മാത്രമല്ല കൈയിൽ നിന്നും തുക ചിലവഴിക്കേണ്ട സാഹചര്യം കൂടിയാണ് വന്നിരിക്കുന്നത്. സിമന്റും കമ്പിയും കൂടുതലായി വാങ്ങി സ്‌റ്റോക്ക് ചെയ്യാൻ പറ്റാത്തവയാണ്. അതുകൊണ്ട് തന്നെ ആവശ്യത്തിന് വാങ്ങുക എന്നതാണ് കരാറുകാർചെയ്യുക. നേരത്തേ വാങ്ങി സ്‌റ്റോക്ക് ചെയ്‌താൽ സിമന്റും കമ്പിയും നശിച്ചുപോകുമെന്നും കരാറുകാർ പറയുന്നു. നിർമാണ മേഖല പ്രതിസന്ധിയിലായതോടെ ഇൗ മേഖലയിൽ തൊഴിലെടുന്ന ആയിരക്കണക്കിന് തൊഴിലാളികളും ദുരിതത്തിലാകും. സ്വന്തമായി വീടുകൾ നിർമിക്കുന്ന പല കുടുംബങ്ങളും നിലവിൽ പ്രവൃത്തി നിർത്തിവെച്ചിരിക്കുകയുമാണ്. പശ്‌ചിമേഷ്യയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധിക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. ഇത് കൂടി വർധിച്ചാൽ നിർമാണ സാധനങ്ങളുടെ വില വീണ്ടും വർധിക്കും. ഇതോടെ ഇൗ മേഖല പൂർണമായി സ്‌തംഭിക്കും. ടാർ വില ക്രമാതീതമായി വർധിച്ചതും നേരത്തേ തന്നെ റോഡ് കരാറുകാരെയും ദുരിതത്തിലാക്കിയിരുന്നു.
തൊഴിലാളികൾ ദുരിതത്തിലാകും
നിർമാണ മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ് വിലക്കയറ്റം. ചെറുതും വലുതുമായ കരാറുകാരും അതുപോലെ നിരവധി തൊഴിലാളികളും ഇൗ മേഖലയിൽ ഉണ്ട്. ഇവരെ ദുരിത്തിലാക്കുകയാണ് വിലക്കയറ്റം. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇൗ തൊഴിൽ മേഖല പൂർണമായും സ്‌തംഭിക്കും.
കെ കെ കൃഷ്‌ണൻ, നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) ചെറുവത്തൂർ ഏരിയാ പ്രസിഡന്റ്
വലിയ പ്രതിസന്ധി
വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. സാധനങ്ങളുട വില വർധിച്ചതോടെ ഏറ്റെടുത്ത കരാർ തുകക്ക് വീടും കെട്ടിടവും പൂർത്തിയാക്കാൻ സാധിക്കാത്ത സ്ഥിതിയിലാണ്. മഴയെത്തുന്നതിന് മുമ്പ് പൂർത്തീകരിച്ച് നൽകേണ്ട വീടുകളുണ്ട്. വില വർധിച്ചതോടെ എങ്ങനെ പൂർത്തീകരിക്കും എന്ന സങ്കടത്തിലാണ്.
കണ്ണങ്കൈ കുഞ്ഞിരാമൻ, ചെറുകിട കരാറുകാരൻ
പ്രവൃത്തി നിർത്തേണ്ട സാഹചര്യം
ഏറ്റെടുത്ത പ്രവൃത്തി പൂർത്തീകരിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിൽ വന്നിരിക്കുന്നത്. ഓരോ ദിവസവും എല്ലാ സാധനങ്ങളുടെയും വില കുത്തനെ ഉയരുകയാണ്. ഇപ്പോൾ തന്നെ പ്രവൃത്തികൾ നിർത്തിവെക്കേണ്ട സ്ഥിതിയാണ്. ഇനിയും ഉയരുമെന്നാണ് അറിയുന്നത്. ഇനിയും ഉയർന്നാൽ പൂർണമായും നിർത്തിവെക്കേണ്ടി വരും.
പി രവീന്ദ്രൻ , ചെറുകിട കരാറുകാരൻ










0 comments