കാട്ടാന പരാക്രമത്തിൽ പൊറുതിമുട്ടി ജനം

രാജപുരം
മലയോരത്ത് തുടരുന്ന കാട്ടാനയുടെ പരാക്രമത്തിൽ പൊറുതിമുട്ടി ജനം. കനത്ത മഴയിൽ കാട്ടാനകൾ ജനവാസകേന്ദ്രത്തിൽ തമ്പടിച്ചു. ഒരാഴ്ചയായി പനത്തടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ആനകൾ കൃഷിനാശം വരുത്തി. പടക്കം പൊട്ടിച്ചും ചെണ്ട കൊട്ടിയും തുരത്താൻ ശ്രമിച്ചിട്ടും പിൻവാങ്ങുന്നുമില്ല. ആനശല്യം രൂക്ഷമായതോടെ എന്തുചെയ്യണമെന്ന് അറിയാതെ ആശങ്കയിലാണ് കർഷകർ. കഴിഞ്ഞ ദിവസം രാത്രി റാണിപുരം കുണ്ടുപ്പള്ളിയിൽ കാട്ടാന കാർഷിക വിളകൾ പാടെ നശിപ്പിച്ചു. കുണ്ടുപ്പള്ളി കുറത്തിപ്പതിയിലെ പി മോഹനന്റെ വിളകളാണ് നശിപ്പിച്ചത്. രണ്ടു ദിവസം മുമ്പും ഇവിടെ കാട്ടാനയെത്തി വിളകൾ നശിപ്പിച്ചിരുന്നു. പറമ്പിലെ തെങ്ങ്, കവുങ്ങ്, വാഴ, പ്ലാവ് ഉൾപ്പെടെ നശിപ്പിച്ചു. പ്രദേശത്ത് കാട്ടാനയാക്രമണം പതിവായിരിക്കുകയാണ്. ആനയെ തടയാനുള്ള സൗരോർജവേലിയുടെ പ്രവൃത്തി നടക്കുന്നുണ്ടെങ്കിലും പാറക്കടവ് ഭാഗത്ത് പൂർത്തീകരിക്കാനുണ്ട്. ഇതുവഴിയാണ് ആന കൃഷിയിടങ്ങളിലേക്ക് എത്തുന്നത്. വനംവകുപ്പിന്റെ ആർആർടി സംഘവും നാട്ടുകാരുംചേർന്ന് സോളാർ വേലിക്കകത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കണ്ടെത്തിയ മൂന്ന് ആനകളെ കർണാടക വനത്തിനകത്തേക്ക് തുരത്തി. പ്രദേശത്ത് സ്വകാര്യവ്യക്തികളുടെ സ്ഥലം കാടുപിടിച്ചു കിടക്കുന്നത് ആനകൾക്ക് തമ്പടിക്കാൻ സഹായകമാകുന്നു. കാട് വെട്ടിത്തെളിക്കാനുള്ള നടപടി റവന്യൂ അധികാരികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.










0 comments