ad
Deshabhimani

കടലിൽ ചൂടുനീര്‌

മീനുകൾ ആഴക്കടലിലേക്ക്‌

മീൻ ലഭ്യത കുറഞ്ഞതോടെ വിജനമായ ചെറുവത്തൂരിലെ മീൻ മാർക്കറ്റ്‌
avatar
പി വിജിൻദാസ്‌

Published on Apr 22, 2026, 02:30 AM | 2 min read

ചെറുവത്തൂർ

ച‍ൂട്‌ കനത്തതോടെ മത്സ്യമേഖല പ്രതിസന്ധിയിൽ. ജില്ലയിലെ കടലിൽ പോകുന്ന തൊഴിലാളികൾക്ക്‌ ദിവസങ്ങളായി മീൻലഭ്യത വളരെ കുറവാണ്. മീൻ ലഭ്യത കുറഞ്ഞതോടെ തൊഴിലാളികൾ ദുരിതത്തിലാക്കിയിരിക്കുകയാണ്‌. പകൽ സമയത്ത് താപനില ഉയരുന്നത് കാരണം തീരക്കടലിൽ ‘ചുടുനീരു’ കാരണമാകുന്നതാണ്‌ മീൽ ലഭ്യത കുറഞ്ഞത്‌. ചൂട്‌ കനത്തതോടെ തണുത്ത വെള്ളത്തിൽ കഴിയുന്ന മത്തി അടക്കമുള്ള മീനുകൾ ആഴക്കടലിലേക്കു നീങ്ങിയതാണ്‌ മേഖലയെ പ്രതിസന്ധിയിലാക്കിയത്‌. മീൻപിടിത്ത ബോട്ടുകൾ, ഇൻബോർഡ്, ഔട്ട്ബോർഡ് വള്ളങ്ങൾ എന്നിവയിലായി പ്രത്യക്ഷമായും പരോക്ഷമായും ആയിരങ്ങളാണ് ജില്ലയിൽ ഈ മേഖലയെ ആശ്രയിച്ചുകഴിയുന്നത്. കടൽ ജലത്തിന്റെ ചൂട് ഉയരുന്നതു മാത്രമല്ല പ്രശ്നം. ഒഴുക്കിന്റെ സ്വഭാവത്തിലും മാറ്റമുണ്ട്‌. ഇതോടെ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയും ഭക്ഷണ ശൃംഖലയും താളം തെറ്റും. ജില്ലയുടെ തീരത്ത് ഇപ്പോൾ കൂടുതലായി കിട്ടുന്നത് മത്തി, അയല, കിളിമീൻ എന്നിവയാണ്. എന്നാൽ സാധാരണ രീതിയിൽ ലഭിക്കുന്നതിന്റെ പകുതിപോലുമില്ലെന്ന് തൊഴിലാളികൾ പറയുന്നു. കാലാവസ്ഥാ വ്യതിയാനം മത്തിയുടെ വളർച്ചയെയും ബാധിച്ചിട്ടുണ്ട്. പരമാവധി 28 ഡിഗ്രി സെൽഷ്യസാണ് മത്തിക്കു പറ്റിയ കാലാവസ്ഥ. അതിൽ കൂടുമ്പോഴാണ് തീരംവിട്ട് ആഴക്കടലിലേക്ക് തണുപ്പു തേടി പോകുന്നത്. ഒരാഴ്ച മുമ്പ്‌ നൂറു രൂപയുണ്ടായിരുന്ന മത്തിക്ക് ഇപ്പോൾ വലുപ്പത്തിനനുസരിച്ച് 300 രൂപവരെ വിലയുണ്ട്. ​​കൂനിൻമേൽ കുരുവായി മണ്ണെണ്ണ വില വർധന ​മീൻ ലഭിക്കാതെ ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് ഇരട്ട പ്രഹരമായി മണ്ണെണ്ണ വിലയും. 50 ശതമാനത്തിനും മേൽ വില ഉയർന്നതോടെ മിക്ക വള്ളങ്ങൾക്കും കടലിൽ പോകാനാകാതായി. അടുത്തിടെ മണ്ണെണ്ണ വില കുത്തനെ ഉയരുകയായിരുന്നു. ഇന്ധന പ്രതിസന്ധിയുടെ ഭാഗമായാണാണ്‌ കേന്ദ്രസർക്കാർ മണ്ണെണ്ണവില ഉയർത്തിയത്. സംസ്ഥാനത്ത് 9.9 എച്ച്പിയുള്ള മോട്ടോറിന് സബ്സിഡിയിൽ പ്രതിമാസം 140 ലിറ്റർ മണ്ണെണ്ണയാണ് അനുവദിച്ചത്. ഇതിന്റെ വിതരണം താളം തെറ്റി. ഉയർന്ന വില നൽകി മണ്ണെണ്ണ വാങ്ങി കടലിൽ പോയാലും മീൻ ലഭിക്കാത്തത്‌ കാരണം വലിയ നഷ്‌ടമാണ്‌ ഉണ്ടാകുന്നത്‌. ​പാചക വാതക ക്ഷാമവും 
തിരിച്ചടി പാചക വാതക ക്ഷാമവും മീൻപിടിത്ത മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ദിവസങ്ങളോളം കടലിൽ തങ്ങിയുള്ള മീൻ പിടിത്തത്തിനു പോകുന്ന വള്ളങ്ങളിലടക്കം വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിൻഡറുകളാണ് ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്നത്. ഇത് തീരെ ലഭിക്കാത്ത അവസ്‌ഥയാണ്. അതിനാൽ 500 രൂപ മുതൽ 1,000 രൂപ വരെ അധികമായി നൽകി ഗാർഹിക ആവശ്യത്തിനുള്ള സിലിൻഡറുകൾ സംഘടിപ്പിച്ചാണ് കടലിൽ പോകുന്നത്. വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകൾ ഇരട്ടി വിലക്ക് ലഭിക്കുന്നുണ്ടെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home