കലോത്സവം വീട്ടിലെത്തി
ചരിത്രത്തിലേക്ക് സിയയുടെ മത്സരം

ഡിഇഒ ആർ രോഹിൻ രാജും അധ്യാപകരും സിയയുടെ വീട്ടിലെത്തിയപ്പോൾ
പി മഷൂദ്
Published on Jan 18, 2026, 02:00 AM | 1 min read
പടന്ന
കലോത്സവം വീട്ടിലേക്ക് എത്തിയപ്പോൾ എല്ലുനുറുങ്ങുന്ന വേദനക്കിടയിലും സിയ ഫാത്തിമ ചിരിതൂകി നിന്നു. ഇതാദ്യമായി മത്സരാർഥി വീട്ടിലിരുന്ന് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമാകുന്ന ചരിത്രമുഹൂർത്തത്തിന് സാക്ഷിയായി സിയയുടെ അധ്യാപകരും ഉറ്റവരും നാടൊന്നടങ്കവും ഒപ്പം. സിയ ഇന്നോളം കണ്ടിട്ടില്ലാത്തത്രയും മാധ്യമപ്പടയുമുണ്ട് വീട്ടിൽ. പടന്ന എംആർ വൊക്കേഷണൽ ഹയർസെക്കൻഡറിയിലെ പത്താംക്ലാസുകാരിക്ക് മന്ത്രി വി ശിവൻകുട്ടി ഇടപെട്ടവണ് വീഡിയോ കോൺഫറൻസിലൂടെ മത്സരത്തിൽ പങ്കെടുക്കാനായത്. തൃശൂരിലെ 17ാം നന്പർ വേദിയിൽ അറബിക് പോസ്റ്റർ രചനാ മത്സരം ശനി രാവിലെ 11.25 നാണ് ആരംഭിച്ചത്. ‘പുസ്തക മേള’ ആയിരുന്നു വിഷയം. 912 എന്ന കോഡ് നമ്പറിലായിരുന്നു സിയയുടെ മത്സരം. കൈറ്റിന്റെ നേതൃത്വത്തിൽ മത്സരത്തിനായി വീട്ടിൽ പ്രത്യേക മുറി സജ്ജീകരിച്ചിരുന്നു. ബന്ധുക്കൾക്കോ അധ്യാപകർക്കോ മുറിക്കകത്ത് പ്രവേശനമുണ്ടായിരുന്നില്ല. ഡോക്ടറുടെ നിർദേശത്താൽ വേദനസംഹാരി കുത്തിവെച്ചാണ് സിയ മത്സരിക്കാനെത്തിയത്. 30 മിനുട്ടായിരുന്നു മത്സരസമയം. നിശ്‌ചിത സമയത്തിനകം മനോഹരമായ പോസ്‌റ്ററുമായി സിയ മത്സരം പൂർത്തിയാക്കി. ഞരമ്പുകൾ ചുരുങ്ങുന്ന ‘വാസ്കുലൈറ്റിസ്' എന്ന ഗുരുതരരോഗത്തെ തുടർന്ന് വീട്ടിൽ സന്പർക്കവിലക്കിലാണ് ഇൗ പെൺകുട്ടി. യാത്ര ചെയ്യുന്നത് ജീവന് ഭീഷണിയായേക്കാം എന്ന ഡോക്ടർമാരുടെ മുന്നറിയിപ്പുള്ളതിനാലാണ് മന്ത്രി ഇടപെട്ട് അവസരമൊരുക്കിയത്. തെക്കെപ്പുറത്തെ പി മുനീറിന്റെയും എൽ കെ സാറുവിന്റെയും രണ്ട് മക്കളിൽ ഇളയവളാണ് സിയ. മകളുടെ ആഗ്രഹത്തിനായി പ്രയത്നിച്ച അധ്യാപകരേയും അവസരം ഒരുക്കിയ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കും കുടുംബം നന്ദി അറിയിച്ചു. ഡിഎംഒ ഡോ. രാംദാസ് ആവശ്യപ്പെട്ട പ്രകാരം പടന്ന കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. സഹദ് ബിൻ ഉസ്‌മാൻ വീട്ടിലെത്തിയാണ് കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് കലക്ടർ മുഖേന വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറിയത്. കാഞ്ഞങ്ങാട് വിദ്യഭ്യാസ ജില്ലാ ഓഫീസർ ആർ രോഹിൻ രാജ്, എഇഒ രമേശൻ പുന്നത്തിരിയൻ, പ്രിൻസിപ്പൽ എം സി ശിഹാബ്, പ്രധാനധ്യാപിക വി കെ ശശികല, അധ്യാപികരായ ടി വി രോഷ്‌നി, എം ബി ഫെബിന, വി പി പി ഖദീജ എന്നിവർ ക്രമീകരണങ്ങൾക്കായി വീട്ടിലെത്തിയിരുന്നു.










0 comments