ad
Deshabhimani

പവർ 24X7 വേഗമെത്തും വൈദ്യുതി

ഉഡുപ്പി – -കരിന്തളം – വയനാട്‌  400 കെവി പവര്‍ ഹൈവേയിലെ കരിന്തളം കയനിയിലെ പവർസ്‌റ്റേഷൻ

ഉഡുപ്പി – -കരിന്തളം – വയനാട്‌ 400 കെവി പവര്‍ ഹൈവേയിലെ കരിന്തളം കയനിയിലെ പവർസ്‌റ്റേഷൻ

avatar
ടി കെ നാരായണൻ

Published on Jan 11, 2026, 03:00 AM | 1 min read

കാഞ്ഞങ്ങാട്‌

ഉഡുപ്പി– -കരിന്തളം – വയനാട്‌ 400 കെവി പവര്‍ ഹൈവേ ജില്ലയിലൂടെ കടന്നു പോകുന്ന പ്രവൃത്തികൾ വേഗത്തിലാക്കി. കെഎസ്‌ഇബി ട്രാൻസ്‌ഗ്രിഡിന്റെ മേൽനോട്ടത്തിൽ നിർവഹണ കന്പനിയായ സ്‌റ്റാർലെറ്റ്‌ പവർ ട്രാൻസ്‌മിഷൻ ലിമിറ്റഡ്‌ സമയബന്ധിതമായിട്ടാണ്‌ പവർ ഹൈവേ നിർമാണം നടത്തുന്നത്‌. അത്യാധുനിക യന്ത്രസഹായത്തോടെ ന‍ൂതന ടെക്‌നോളജിയിൽ വിദഗ്‌ധരായ ഉദ്യോഗസ്ഥരും തൊഴിലാളികളുമടങ്ങുന്ന സംഘം ഡ്രോണുകളുപയോഗിച്ച്‌ നടത്തിവരുന്ന ലൈൻ നിർമാണവും ക‍ൗതുകകാഴ്‌ചയാണ്‌. ജില്ലയിൽ ലൈൻ നിർമാണം കിനാനൂർ കരിന്തളം‍ പഞ്ചായത്ത്‌ പിന്നിട്ട്‌ കോടോം ബേളൂരിലാണ്‌ ഇപ്പോൾ നടക്കുന്നത്‌. ജില്ലയിൽ ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ സ്ഥലം വിട്ടുനൽകിയവർക്ക്‌ മാന്യമായ നഷ്ടപരിഹാരം നൽകാനായി എൽഡിഎഫ്‌ സർക്കാർ ആവിഷ്‌കരിച്ച പാക്കേജിന്‌ വൻ സ്വീകാര്യത ലഭിച്ചതോടെ ഭൂമി വിട്ടുനൽകിയവരും കർഷക രക്ഷാസമിതിയും നാട്ടുകാരും പ്രവൃത്തികൾക്ക്‌ നല്ല പിന്തുണയാണ്‌ നൽകുന്നത്‌. ടവർ നിർമിക്കുന്ന സ്ഥലത്തിന്‌ ന്യായവിലയുടെ 340 ശതമാനമാണ്‌ നഷ്ടപരിഹാരം നൽകിയത്‌. ലൈൻ കടന്നുപോകുന്ന സ്ഥലത്തിന്‌ ന്യായവിലയുടെ 60 ശതമാനവും നൽകുന്നു. ലൈൻ വലിക്കുന്ന 23 മീറ്ററും ബഫർസോണായി കണക്കാക്കുന്ന ഭൂമിയും ഉൾപ്പെടെ ലെനിന്റെ ഇരുവശത്തുമായി 46 മീറ്റർ വീതിയിലെ ഭൂമിക്കും ഉഭയങ്ങൾക്കുമാണ്‌ നഷ്ടപരിഹാരം. തെങ്ങിന്‌ 22,000, കമുകിന്‌ 15,000, റബറിന്‌ 6, 500 രൂപ പ്രകാരമാണ്‌ നഷ്ടപരിഹാരം. മറ്റ്‌ വൃക്ഷങ്ങൾക്കും നഷ്ടപരിഹാരമുണ്ട്‌. ലൈൻ കടന്നുപോകുന്നതിനടിയിലുള്ള വീടുകൾക്കും കെട്ടിടങ്ങൾക്കും നഷ്ടപരിഹാരമുണ്ട്‌. ഇതിൽ തീരുമാനമെടുക്കാനുള്ള അധികാരം കലക്ടർക്കാണ്‌. പൊതുമരാമത്ത്‌ കെട്ടിടവിഭാഗം എൻജിനിയർമാരുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന റിപ്പോർട്ടനുസരിച്ചായിരിക്കും കലക്ടറുടെ തീരുമാനം. കലക്ടർ കെട്ടിട ഉടമകളുമായി ചർച്ചനടത്തി നഷ്ടപരിഹാരത്തിൽ ധാരണയുണ്ടാക്കും. ഉഡുപ്പി മുതൽ കരിന്തളംവരെ 115 കിലോമീറ്റാണ്‌ പവർഹൈവേയുടെ ദൂരം. ജില്ലയിൽ 47 കിലോമീറ്റർ ആകാശദൂരത്തിനുള്ളിൽ സ്ഥാപിച്ച 101 ടവറുകളിലൂടെയാണ്‌ ലൈൻ നിർമാണം. ലൈൻ വലി പിന്നിട്ട 14 കിലോമീറ്റർ ആകാശദ‍ൂരത്തിനുകീഴിൽ വരുന്ന സ്ഥലമുടമകൾക്ക്‌ മരങ്ങൾ മുറിച്ചുനീക്കിയതിനുമാത്രമായി 20 കോടി രൂപ കൈമാറികഴിഞ്ഞു. കർണാടകയിലെ 67 കിലോമീറ്റർ ദൂരത്തിലെ പ്രവൃത്തികൾ 60 ശതമാനം പിന്നിട്ടു. കിനാനൂർ -കരിന്തളം കയനിയിൽ സംസ്ഥാന സർക്കാർ 30 വർഷത്തേക്ക് പാട്ടത്തിനു നൽകിയ 12 ഏക്കർ സ്ഥലത്തുള്ള സബ്‌ സ്‌റ്റേഷനിലേക്കും ഇവിടെനിന്ന്‌ വയനാട്ടിലേക്കുമാണ്‌ പവർലൈൻ കടന്നുപോവുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home