പരിസ്‌ഥിതി സംരക്ഷണം പുതുസാധ്യതകൾ തേടണം

കാസർകോട്
പരിസ്ഥിതി സംരക്ഷണത്തിന് കാലോചിതമായ പുതുസാധ്യതകൾ ചർച്ച ചെയ്‌ത് ദേശീയ പരിസ്ഥിതി സമ്മേളനത്തിന്റെ ഭാഗമായുള്ള ജില്ലാ സെമിനാര്‍. പരിസ്ഥിതി സംരക്ഷണം വരും തലമുറയ്ക്ക് വേണ്ടിയുള്ള ഉള്‍ക്കാഴ്ചയാണെന്ന വിലയിരുത്തലുമായി ഉദ്‌ഘാടനകനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാമാണ് ചർച്ചയ്‌ക്ക് തുടക്കമിട്ടത്. 2016-ല്‍ തുടക്കമിട്ട ഹരിതകേരളം മിഷന്‍ ജില്ലയുടെ പാരിസ്ഥിതിക ഭൂപടത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഏറെയാണെന്ന് സെമിനാർ അഭിപ്രായപ്പെട്ടു. ജില്ലയുടെ പരിസ്ഥിതി പുനസ്ഥാപന പ്രവര്‍ത്തനങ്ങളുടെ പത്ത് വര്‍ഷങ്ങള്‍, പരിസ്ഥിതി പുനസ്ഥാപനം– ഭാവി പരിപ്രേഷ്യം എന്നീ അവതരണങ്ങളാണ് ഇൗ കാഴ്‌ചപ്പാട് പങ്കുവച്ചത്. ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ ബാലകൃഷ്ണന്‍, സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ജി കൃഷ്ണകുമാര്‍ എന്നിവരാണ് വിഷയാവതരണം നടത്തിയത്. ‘ഇനി ഞാനൊഴുകട്ടെ' ക്യാമ്പയിനിലൂടെ ജനകീയ പങ്കാളിത്തത്തോടെ മൂന്ന് ഘട്ടങ്ങളിലായി 1970 കിലോമീറ്റര്‍ നീര്‍ച്ചാൽ പുനരുജ്ജീവിപ്പിച്ചതാണ് സുപ്രധാന നേട്ടം. ‘ജലം ജീവന്‍' ക്യാമ്പയിനിലൂടെ 12 ലാബുകള്‍ സജ്ജമാക്കി. 1,25,482 സ്വകാര്യ കിണറുകളിലും 1,547 പൊതുകിണറുകളും ക്ലോറിനേഷന്‍ നടത്തി. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജലബജറ്റ് തയ്യാറാക്കിയ ആദ്യ ജില്ലയായി. 2024 ഒക്ടോബര്‍ രണ്ടിന് ‘മാലിന്യമുക്തം നവകേരളം' എന്ന ലക്ഷ്യം കൈവരിക്കാന്‍ ജില്ലക്കായി. ഉറവിട മാലിന്യ സംസ്‌കരണത്തിനായി 1,549 അംഗങ്ങളുള്ള ഹരിതകര്‍മസേന പ്രവർത്തിക്കുന്നു. 1,797 മിനി എംസിഎഫുകളും 43 എംസിഎഫും ഒമ്പത് ആര്‍ആര്‍എഫുകളും തുടങ്ങി. 2019 മുതല്‍ 2025 വരെയായി 819 ‘പച്ചത്തുരുത്തുകള്‍' സ്ഥാപിച്ചു. കാര്‍ബണ്‍ പുറന്തള്ളൽ ലഘൂകരണത്തിൽ മാതൃകയായ 17 സ്ഥാപനങ്ങള്‍ ‘നെറ്റ് സീറോ നെഗറ്റീവ്' പദവി കൈവരിച്ചു. സെമിനാറിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ സോയ അധ്യക്ഷയായി. എഡിഎം പി അഖില്‍ മുഖ്യാതിഥിയായി. നീലേശ്വരം നഗരസഭാ ചെയർമാൻ പി പി മുഹമ്മദ് റാഫി, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ സുജാത, സി എം മീനാകുമാരി, സി ബാലന്‍, ബിന്ദുകൃഷ്ണൻ,അബ്ദുള്ളക്കുഞ്ഞി എന്നിവർ സംസാരിച്ചു. കാര്‍ബണ്‍ നെഗറ്റീവ് പദവി ലഭിച്ച 15 സ്ഥാപനങ്ങള്‍ക്ക് സാക്ഷ്യപത്രം കൈമാറി.










0 comments