ad
Deshabhimani

പുനര്‍ഗേഹം പദ്ധതി: താക്കോൽ കൈമാറ്റം 4ന്‌

കോയിപ്പാടി ഭവന സമുച്ചയം 
ആദ്യ ബ്ലോക്ക്‌ സജ്ജം

 കോയിപ്പടി പുനര്‍ഗേഹം ഭവന സമുച്ചയത്തിലെ ആദ്യ ബ്ലോക്ക്
വെബ് ഡെസ്ക്

Published on Feb 27, 2026, 03:00 AM | 1 min read

​കാസർകോട്‌

തീരദേശവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പുനര്‍ഗേഹം പദ്ധതിയിൽ കോയിപ്പടിയില്‍ നിര്‍മിച്ച ഭവന സമുച്ചയത്തിന്റെ ആദ്യ ബ്ലോക്ക്‌ സജ്ജമായി. താക്കോല്‍ കൈമാറ്റം മാര്‍ച്ച് നാലിന് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. കടലാക്രമണ ഭീഷണി നേരിടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സുരക്ഷിതവും സ്ഥിരവുമായ വാസസ്ഥലം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ബൃഹത്‌ പദ്ധതിയാണ് പുനര്‍ഗേഹം. കോയിപ്പടി പഞ്ചായത്തിലെ 1.96 ഏക്കര്‍ സ്ഥലത്ത് അഞ്ച് ബ്ലോക്കുകളിലായി ആകെ 120 ഫ്ലാറ്റുകളാണ് നിര്‍മിക്കുക. ഇതില്‍ നിര്‍മാണം പൂര്‍ത്തിയായ ഒന്നാം ബ്ലോക്ക് 24 ഗുണഭോക്താക്കള്‍ക്കായി തുറന്നുകൊടുക്കും. ശേഷിക്കുന്ന നാല് ബ്ലോക്കുകളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്നും അവ ഉടന്‍ പൂര്‍ത്തിയാക്കി കൈമാറാനാകുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ എ ലബീബ് പറഞ്ഞു. പുനര്‍ഗേഹം പദ്ധതിയിലെയും ലൈഫ് മിഷനിലെ ഭൂരഹിത- ഭവനരഹിതരായ മത്സ്യത്തൊഴിലാളികളില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത 120 പേരെയുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ​ഗുണഭോക്താക്കളെ കലക്ടറേറ്റില്‍ നടത്തിയ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ ലിപു എസ് ലോറന്‍സ്, ജോയിന്റ് ഡയറക്ടര്‍ ഓഫ് ഫിഷറീസ് നോര്‍ത്ത് സോണ്‍ ഡയറക്ടര്‍ പി വി പ്രീത, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ എ ലബീബ്, ഫിനാന്‍സ് ഓഫീസര്‍ മുഹമ്മദ് സമീര്‍, സി മഞ്ജുള, താരാമണി എന്നിവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home