ad
Deshabhimani

മാളവികയ്‌ക്ക്‌ മുഖ്യമന്ത്രി നൽകിയ വാഗ്‌ദാനം പാലിക്കുന്നു

ചെയ്യുന്നതേ പറയാറുള്ളൂ 
പറയുന്നത്‌ ചെയ്‌തിരിക്കും

മുഖ്യമന്ത്രി പിണറായി വിജയനെ  ദേശീയ വനിത ഫുട്ബോൾ താരം മാളവിക സന്ദർശിച്ചപ്പോൾ (ഫയൽച്ചിത്രം)

മുഖ്യമന്ത്രി പിണറായി വിജയനെ ദേശീയ വനിത ഫുട്ബോൾ താരം മാളവിക സന്ദർശിച്ചപ്പോൾ(ഫയൽച്ചിത്രം)

avatar
സുരേഷ്‌ മടിക്കൈ

Published on Jan 31, 2026, 02:30 AM | 1 min read

നീലേശ്വരം

കല്ലും ചരലും നിറഞ്ഞ മണ്ണിൽ നിന്ന്‌ പന്തുതട്ടിക്കളിച്ചാണ്‌ മാളവിക ഇന്ത്യയുടെ ഫുട്‌ബോളിനൊപ്പം വളർന്നത്‌. ഇന്ത്യയുടെ വനിതാ ടീം അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന്‌ പിന്നാലെയാണ്‌ മാളവിക തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കണ്ട്‌ പിന്മുറക്കാർക്ക്‌ കളിച്ചുവളരാൻ ബങ്കളത്ത്‌ സേ്‌റ്റേഡിയം വേണമെന്ന്‌ ആവശ്യപ്പെട്ടത്‌. ഹ്രസ്വമായ കുടിക്കാഴ്‌ചക്കുശേഷം പിരിയവേ ആവശ്യം പരിഗണിക്കാമെന്ന്‌ മുഖ്യമന്ത്രി മാളവികയോട്‌ പറഞ്ഞു. ആ വാക്കിൽ മാളവികയ്‌ക്ക്‌ സന്ദേഹം ഒട്ടുമില്ലായിരുന്നു. ‘ചെയ്യുന്നതേ പറയാറുള്ളൂ, പറയുന്നത്‌ ചെയ്‌തിരിക്കുമെന്ന്‌’ മുഖ്യമന്ത്രി പലപ്പോഴായി പറയുന്നത്‌ മാളവിക ടിവിയിൽ കണ്ടിരുന്നു. അത്‌ സത്യമായിരിക്കുന്നു. ബുധനാഴ്‌ച ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ഇ‍ൗ കളിക്കാരിയുടെ സ്വപ്‌നവുമുണ്ട്‌. ബങ്കളം കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് ആധുനിക സൗകര്യങ്ങളോടുകൂടിയ മൈതാനം നിർമിക്കാൻ ഒരുകോടി രൂപയാണ്‌ അനുവദിച്ചത്‌. പ്രാരംഭപ്രവർത്തനത്തിനായി 20 ലക്ഷം രൂപ നീക്കിവെക്കുകയും ചെയ്തു. ബങ്കളത്തെ പരുക്കൻ ഗ്രൗണ്ടിൽ പരിശീലിച്ചാണ് മാളവിക ദേശീയ ടീമിൽ ഇടം നേടിയത്‌. ആര്യശ്രീ സംസ്ഥാന സീനിയർ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായതും ഇതേമൈതാനത്ത്‌ കളിച്ചുവളർന്നതാണ്‌. രാജ്യത്തെ ആദ്യത്തെ വനിത ഫുട്ബോൾ അനലൈസർ അഞ്‌ജു, താരങ്ങളായ രേഷ്മ, കൃഷ്ണപ്രിയ , ആരതി, അശ്വതി എന്നിവർ ഇ‍ൗ മൈതാനത്ത്‌ പിച്ചവച്ചവർ. ഗോൾകീപ്പർ മിര്‍ഷാദും ബങ്കളത്തിന്റെ താരമണ്‌. പരിശീലനത്തിനായി നിലവാരമുള്ള മൈതാനത്തിനായി കളിക്കാർ ഉൾപ്പെടെ പല സംഘടനകളും പലവട്ടം നിവേദനം നൽകിയിരുന്നു. ഗ്രൗണ്ട് സ്കൂളിന്റെ അധീനതയിൽ ആയതിനാൽ പണംഅനുവദിക്കുന്നതിലെ നൂലാമാലകളാണ്‌ തടസമായത്‌. മുൻ എംപി പി കരുണാകരൻ, ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് വി പ്രകാശൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത ഉൾപ്പെടെയുള്ളവർക്കൊപ്പമാണ്‌ മാളവിക മുഖ്യമന്ത്രിയെ കണ്ടത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home