ad
Deshabhimani

പ്രതികളുടെ കാറിൽ എസ്ഐയുടെ ‘സുഖസവാരി’

ആദൂർ പൊലീസിനെതിരെ വ്യാപക പരാതി

ആദൂർ പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്സിന് മുന്നിൽ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ച ശേഷം നിർത്തിയിട്ട കാർ

ആദൂർ പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്സിന് മുന്നിൽ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ച ശേഷം നിർത്തിയിട്ട കാർ

avatar
സ്വന്തം ലേഖകൻ

Published on May 15, 2026, 02:26 AM | 1 min read


മുള്ളേരിയ

അക്രമക്കേസിലെ പ്രതികളിൽനിന്ന് കസ്റ്റഡിയിലെടുത്ത വാഹനം സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്ത് പൊലീസ് ഉദ്യോഗസ്ഥൻ. ആദൂർ സ്റ്റേഷനിലെ എസ്ഐയാണ് മുള്ളേരിയ സംഘർഷക്കേസിലെ പ്രതികളുടെ ഗോവ രജിസ്‌ട്രേഷൻ മാരുതി വാഗണർ കാറാണ് സ്വകാര്യ യാത്രകൾക്കായി ഉപയോഗിക്കുന്നത്. സർവീസിൽനിന്ന് വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ള ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ വ്യാപക പരാതിയുണ്ട്. കഴിഞ്ഞദിവസം കർണാടകയിലെ കുടക് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഈ വാഹനത്തിലാണ് ഉദ്യോഗസ്ഥൻ യാത്ര നടത്തിയതെന്നാണ് ആക്ഷേപം. ​മാർച്ച് ആദ്യവാരമാണ് മുള്ളേരിയ ടൗണിൽ കാറഡുക്ക പഞ്ചായത്തിലെ രണ്ട് പ്രദേശങ്ങളിൽ നിന്നുള്ള യുവാക്കൾ സംഘങ്ങളായി ഏറ്റുമുട്ടിയത്. ഏറ്റവുമൊടുവിൽ നൂറിലധികം പേർ ചേർന്ന് നടത്തിയ ആക്രമണത്തിൽ മൂന്ന് യുവാക്കൾക്ക് സാരമായി പരിക്കേറ്റിരുന്നു. ഈ കേസിലെ പ്രതികളെ പിടികൂടുന്നതിൽ തുടക്കംമുതൽ അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥൻ, പ്രദേശത്തെ ഒരു മുസ്ലിം ലീഗ് നേതാവ് നൽകുന്ന പട്ടികയനുസരിച്ചാണ് കേസെടുത്തതെന്ന ആക്ഷേപവും ശക്തമാണ്. കാറഡുക്ക പഞ്ചായത്ത് അംഗത്തെ ഉൾപ്പെടെ പ്രതിചേർത്ത് റിമാൻഡ് ചെയ്തിരുന്നു. ഇതേ ഉദ്യോഗസ്ഥനാണ് ഇപ്പോൾ കേസിലെ പ്രതികളുടെ വാഹനം സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നത്. ​പ്രതികളുടെ വാഹനം ഉപയോഗിച്ചതിന് സ്റ്റേഷനിൽ വാഹനസൗകര്യം കുറവാണെന്ന വാദവും നിലനിൽക്കില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആവശ്യത്തിന് ജീപ്പുകളും മറ്റ് വാഹനങ്ങളും സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. മണ്ണ്–പൂഴി മാഫിയകളുമായി ഇതേ ഉദ്യോഗസ്ഥനും സ്റ്റേഷനിലെ ചില പൊലീസുകാർക്കും അടുത്ത ബന്ധമുണ്ടെന്നും ആക്ഷേപമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home