വരൂ നെഹ്‌റു കോളേജിലേക്ക് ക്വാണ്ടം സയൻസ് അറിയാം, പൂച്ചയിലൂടെ

കാഞ്ഞങ്ങാട് രണ്ട് സുന്ദരൻ പൂച്ചകളുടെ മാതൃകയിലൂടെ ക്വാണ്ടം ടണലിങ് എന്താണെന്ന് ലളിതമായി അറിയണോ... ക്വാണ്ടം അവസ്ഥകളുടെ സൂപ്പർ പൊസിഷൻ എന്ന കണ്ടെത്തൽ ഷ്രോഡിഞ്ജറുടെ പൂച്ചയുടെ കഥയിലൂടെ കേട്ടാലോ... ഒരു നൂറ്റാണ്ടുകൊണ്ട് ലോകത്തെ മാറ്റിമറിച്ച ക്വാണ്ടം സയൻസ് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ക്വാണ്ടം സെഞ്ചുറി സയൻസ് പ്രദർശനത്തിലേക്ക് വന്നോളൂ. പടന്നക്കാട് നെഹ്റു കോളേജിൽ ഞായർ മുതൽ ഒന്പതുവരെ നടക്കുന്ന ക്വാണ്ടം സെഞ്ച്വറി സയൻസ് പ്രദർശനം കാണാൻ ജില്ലയിൽ 120 സ്ഥാപനങ്ങളിൽനിന്നായി 5800 വിദ്യാർഥികൾ ഇതിനകം രജിസ്റ്റർചെയ്‌തു. പൊതുജനങ്ങൾക്കും പ്രദർശനം കാണാൻ സൗകര്യമുണ്ട്. ഹൈസ്‌കൂൾ വിദ്യാർഥികൾക്കും സാധാരണക്കാർക്കുമെല്ലാം മനസിലാകുംവിധം ലളിതമായാണ് അവതരണം. കണികാപരീക്ഷണശാലയിലേക്ക് ഒരു വെർച്വൽ റിയാലിറ്റി യാത്ര, ക്വാണ്ടം കംപ്യൂട്ടറിനെ പരിചയപ്പെടാം, ക്വാണ്ടം ബയോളജി, ഫോറൻസിക് സയൻസ്, നാനോ ടെക്നോളജി തുടങ്ങി 28 വിഷയമേഖലകളിലുള്ള എക്‌സിബിറ്റുകൾ ഒരുക്കിയിട്ടുണ്ട്. സൂക്ഷ്‌മ ലോകത്തെക്കുറിച്ച് ആഴത്തിൽ അറിയാനും അതുവഴി പ്രപഞ്ചരഹസ്യങ്ങളുടെയും ചുരുൾ അഴിക്കാനും വഴിതുറന്നത് ക്വാണ്ടം സയൻസാണ്. ലോകത്തെ പരിഷ്‌കരിച്ച ട്രാൻസിസ്റ്ററും ലേസറും മുതൽ ക്വാണ്ടം കംപ്യൂട്ടർ വരെയുള്ള ധാരാളം സാങ്കേതികവിദ്യകൾക്കു പിന്നിലും ക്വാണ്ടം സയൻസാണുള്ളത്. പീരിയോഡിക് ടേബിൾ, ആറ്റം ഘടന, ഓർബിറ്റൽ തിയറി, സബ് ആറ്റോമിക് പാർട്ടിക്കിളുകൾ, സെമികണ്ടക്ടറുകൾ തുടങ്ങിയവയും ഫ്ലൂറസൻസ്, സൂപ്പർ ഫ്ലൂയിഡിറ്റി, സൂപ്പർ കണ്ടക്റ്റിവിറ്റി തുടങ്ങിയ ക്വാണ്ടം പ്രതിഭാസങ്ങളും സാങ്കേതികവിദ്യകളും ശാസ്ത്രജ്ഞരുടെ സംഭാവനകളുമെല്ലാം എക്‌സിബിറ്റുകളും മോഡലുകളുമായി അറിവുവിതറും. കേരള ശാസ്ത്രസാഹിത്യ പരിഷത്തും സയൻസ് പോർട്ടൽ ലൂക്കയും ചേർന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ അക്കാദമിക പിന്തുണയോടെയാണ് പ്രദർശനം ഒരുക്കുന്നത്. പ്രദർശനം ഞായറാഴ്‌ച പകൽ രണ്ടിന് പ്രൊഫ. കെ പാപ്പൂട്ടി ഉദ്ഘാടനം ചെയ്യും. എം രാജഗോപാലൻ എംഎൽഎ മുഖ്യാതിഥിയാകും. ഒന്പതിന് വൈകിട്ട് നാലിന് സമാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്‌ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ ഇ ചന്ദ്രശേഖരൻ എംഎൽഎ, ജനറൽ കൺവീനർ ഡോ. പി വി റീജ, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണൻ, സെക്രട്ടറി പി പി രാജൻ, കൊടക്കാട് നാരായണൻ, ടി കെ നാരായണൻ, പി കുഞ്ഞിക്കണ്ണൻ എന്നിവർ പങ്കെടുത്തു.











0 comments