ഏകലവ്യ സ്കൂൾ ഉയരുന്നു ദ്രുതഗതിയിൽ

പുരോഗമിക്കുന്ന കരിന്തളം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂൾ നിർമാണ പ്രവർത്തനങ്ങൾ
സുരേഷ് മടിക്കെെ
Published on Apr 03, 2026, 02:30 AM | 1 min read
കരിന്തളം
കരിന്തളം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കോയിത്തട്ട കൊണ്ടോടിയില്‍ ദ്രൂതഗതിയില്‍ പുരോഗമിക്കുന്നു. സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ 2022ല്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ് കരിന്തളം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍. നിര്‍മാണത്തിനായി 2022ല്‍ തന്നെ റവന്യൂ വകുപ്പ് കരിന്തളം കോയിത്തട്ട കൊണ്ടോടിയില്‍ 15 ഏക്കര്‍ സ്ഥലം പട്ടികവര്‍ഗ വികസന വകുപ്പിന് കൈമാറിയിരുന്നു. ഇപ്പോള്‍ ദ്രൂതഗതിയില്‍ കെട്ടിടനിര്‍മാണം പുരോഗമിക്കുന്നു. നിര്‍മാണം തുടങ്ങി വെറും ഒന്നരമാസംകൊണ്ട് പ്രവൃത്തിയില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. 90 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തിയാണ് നടക്കുന്നത്. പൊതുമേഖല സ്ഥാപനമായ കെല്ലിനാണ് നിര്‍മാണ കരാര്‍. നിലവില്‍ 20 കോടി രൂപ കൈമാറി. അക്കാദമിക് ബ്ലോക്ക്, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍, ജീവനക്കാര്‍ക്ക് ക്വാർട്ടേഴ്‌സ്, കായിക പരിശീലനത്തിന് ആവശ്യമായ ഗ്രൗണ്ട്, സിന്തറ്റിക് ട്രാക്ക്, ഫുട്ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോൾ, കോര്‍ട്ടുകള്‍, സിമ്മിങ് പൂള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, മുഴുവന്‍ കുട്ടികള്‍ക്കും ഇരുന്നു ഭക്ഷണം കഴിക്കാന്‍ ആവശ്യമായ ഡൈനിങ് ഹാളോട് കൂടിയ അടുക്കള എന്നിവയുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ നിര്‍മാണം പൂര്‍ത്തീകരിച്ച് സ്കൂളിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ സജ്ജമാകും. ആറ് മുതല്‍ 12 വരെ ക്ലാസുകളിലായി 420 കുട്ടികളാണ് പഠിക്കുന്നത്. 210 വീതം ആണ്‍കുട്ടികളും പെണ്‍കുട്ടികളും. കേരളത്തിലെ 14 ജില്ലകളിലെയും പട്ടികവര്‍ഗ വിഭാഗത്തില്‍നിന്ന് സ്പോര്‍ട്സില്‍ കഴിവു തെളിയിച്ച കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക ക്യാമ്പ് നടത്തി അതില്‍നിന്നാണ് 30 വീതം കുട്ടികളെ തിരഞ്ഞെടുക്കുന്നത്. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റനും കണ്ണൂര്‍ സ്വദേശിയുമായ കെ വി ധനേഷാണ് സ്പോര്‍ട്സ് ഡയരക്ടര്‍. ദേശീയതലത്തില്‍ നടന്ന എംആര്‍എസ് അത്‌ലറ്റിക് മീറ്റില്‍ നിരവധി മെഡലുകള്‍ കരിന്തളം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ കുട്ടികള്‍ നേടിയിട്ടുണ്ട്. നിലവില്‍ പെരിങ്ങോത്ത് സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. മുമ്പ് പ്രിന്‍സിപ്പൽ ഉള്‍പ്പെടെ കരാര്‍ നിയമനം ആയിരുന്നെങ്കില്‍ കഴിഞ്ഞവര്‍ഷം പ്രിന്‍സിപ്പൽ ഉള്‍പ്പെടെ 8 സ്ഥിരം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.










0 comments