ad
Deshabhimani

ഇളകാത്ത കോട്ടയായി കാഞ്ഞങ്ങാട്‌

കാഞ്ഞങ്ങാട് മണ്ഡലത്തിൽനിന്ന് വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി ഗോവിന്ദൻ പള്ളിക്കാപ്പിലിനെ എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ് ചന്ദ്രൻ 
ഷാളണിയിച്ച് സ്വീകരിക്കുന്നു
വെബ് ഡെസ്ക്

Published on May 05, 2026, 02:30 AM | 1 min read

കാഞ്ഞങ്ങാട്‌

എൽഡിഎഫിന്റെ ഇളകാത്ത കോട്ടയായി കാഞ്ഞങ്ങാട്‌ മണ്ഡലം. കന്നി മത്സരത്തിൽ എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ 15,316 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ മണ്ഡലം നിലനിർത്തിയത്‌. ഗോവിന്ദൻ പള്ളിക്കാപ്പിൽ 79,920 വോട്ടും യുഡിഎഫ്‌ സ്ഥാനാർഥി ഷൈജി ഓട്ടപ്പള്ളി 64,604 വോട്ടും എൻഡിഎ സ്ഥാനാർഥി എം ബൽരാജിന്‌ 27,063 വോട്ടും നേടി. സംസ്ഥാനത്ത്‌ മൊത്തത്തിൽ യുഡിഎഫിന്‌ അനുകൂലമായി ഉണ്ടായ മുന്നേറ്റത്തിനിടയിലും കാഞ്ഞങ്ങാട്‌ മണ്ഡലത്തിൽ എൽഡിഎഫ്‌ മികവുറ്റ നേട്ടമുണ്ടാക്കി. വോട്ടെണ്ണലിന്റെ ആദ്യ റ‍ൗണ്ട്‌ മുതൽ എൽഡിഎഫിനായിരുന്നു മണ്ഡലത്തിൽ മേൽകൈ. പിന്നീട്‌ തുടർച്ചയായി എൽഡിഎഫ്‌ ലീഡ്‌ വർധിപ്പിച്ചു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും യുഡിഎഫ്‌ സ്ഥാനാർഥിക്ക്‌ മേൽക്കൈ നേടാനായില്ല. കാഞ്ഞങ്ങാട്‌ മണ്ഡലം നിലവിൽവന്നശേഷം എൽഡിഎഫിന്റെ തുടർച്ചയായ നാലാം വിജയമാണിത്‌. പഴയ ഹൊസ്‌ദുർഗ്‌ മണ്ഡലത്തിൽ 1987ൽ ഒരു തവണ മാത്രമാണ്‌ യുഡിഎഫിന്‌ വിജയിക്കാനായത്. തുടർന്നിങ്ങോട്ട്‌ 35 വർഷമായി എൽഡിഎഫിനെ മാത്രമാണ്‌ ഇവിടെനിന്ന്‌ വിജയിപ്പിച്ചത്‌. 2011 ൽ കാഞ്ഞങ്ങാട് മണ്ഡലം നിലവിൽ വന്ന ശേഷം തുടർച്ചയായി മൂന്ന്‌ തവണ ഇ ചന്ദ്രശേഖരൻ മണ്ഡലത്തെ പ്രതിനിധീകരിച്ചു. വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പിലിന് സ്വീകരണം നല്‍കി. ഫലപ്രഖ്യാപന ശേഷം കാഞ്ഞങ്ങാട് എം എന്‍ സ്മാരകത്തിലെത്തിയ സ്ഥാനാര്‍ഥിയെ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ പി സതീഷ് ചന്ദ്രന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. നേതാക്കളായ ഇ ചന്ദ്രശേഖരന്‍, സി പി ബാബു, എം അസിനാര്‍, കെ വി കൃഷ്ണന്‍, വി കെ രാജന്‍, വി വി രമേശന്‍, എം കുമാരന്‍, കെ രാജ്മോഹനന്‍, എം രാജന്‍, എന്‍ ബാലകൃഷ്ണന്‍ എം ശ്രീജിത്ത്, കരുണാകരന്‍ കുന്നത്ത് തുടങ്ങിയവർ സംബന്ധിച്ചു. കാഞ്ഞങ്ങാട് മണ്ഡലത്തിൽ എൽഡിഎഫിന്റെ വിജയത്തിനായി പ്രവർത്തിച്ച മുഴുവൻപേർക്കും സ്ഥാനാർഥി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ നന്ദി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home