ad
Deshabhimani

തേജസ്വിനിയിൽ ആശങ്കയുടെ ഓളങ്ങൾ ചാമ്പ്യൻസ്‌ ബോട്ട്‌ ലീഗ്‌ ഇത്തവണ വരില്ലേ

തേജസ്വിനി പുഴയിൽ കഴിഞ്ഞ വർഷം ചാമ്പ്യൻസ് ബോട്ട് ലീഗ്- ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് മുന്പ്‌ ടീമുകളുടെ മാസ്ഡ്രിൽ(ഫയൽ ചിത്രം)
വെബ് ഡെസ്ക്

Published on Jul 01, 2026, 03:00 AM | 1 min read

ചെറുവത്തൂർ ആവേശത്തുഴയുടെ ആരവങ്ങൾ പല ജില്ലകളിലും തുടങ്ങിയതോടെ കാസർകോടിന്റെ വള്ളംകളി മത്സരം ഇത്തവണ എങ്ങനെയായിരിക്കുമെന്ന ആശങ്ക പങ്കുവച്ച്‌ തുഴച്ചിൽ ക്ലബ്ബുകൾ. ടൂറിസം വകുപ്പ്‌, ചെറുവത്തൂർ പഞ്ചായത്ത്‌, നീലേശ്വരം നഗരസഭ, ഭരണസംവിധാനം, ജനകീയ സംഘാടക സമിതി എന്നിവയുടെ നേതൃത്വത്തിലായിരുന്നു തേജസ്വിനി പുഴയിൽ ഉത്തര മലബാർ ജലോത്സവം സംഘടിപ്പിച്ചിരുന്നത്‌. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാറിന്റെ കാലത്ത്‌ എംഎൽഎയായിരുന്ന എം രാജഗോപാലന്റെ ഇടപെടലിൽ അന്നത്തെ ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ജലോത്സവം ചാമ്പ്യൻസ്‌ ബോട്ട്‌ ലീഗിൽ ഉൾപ്പെടുത്തി. കാര്യങ്കോട്ട്‌ ദേശീയപാത പ്രവൃത്തി നടക്കുന്നതിനാൽ അച്ചാംതുരുത്തി കോട്ടപ്പുറം പാലത്തിന്‌ സമീപമാണ്‌ നാല്‌ വർഷമായി ജലോത്സവം നടക്കുന്നത്‌. ആദ്യ സിബിഎൽ മത്സരത്തിന്റെ അവസാനത്തിൽ ഉണ്ടായ ചില സാങ്കേതിക തകരാറും ഹീറ്റ്സ് മത്സരങ്ങൾക്കിടയിൽ ഉണ്ടായ സമയ സൂചികയുടെ സാങ്കേതിക തകരാറുമാണ് മത്സരം മുടങ്ങാൻ കാരണമായത്. ഇതോടെ മത്സരങ്ങൾ മറ്റൊരുദിവസം നടത്താൻ തീരുമാനിച്ചെങ്കിലും പിന്നീട് പ്രതികൂല കാലാവസ്ഥകാരണം നടന്നില്ല. ലക്ഷങ്ങൾചെലവഴിച്ച്‌ ചുരുളൻ വള്ളങ്ങൾ നിർമിക്കുകയും മാസങ്ങളോളം പരിശീലനം നേടുകയുംചെയ്‌ത ക്ലബ്ബുകൾക്കും ആശ്വാസമായത്‌ ബോട്ട്‌ ലീഗ്‌ മത്സരമായി ഇത്‌ മാറിയതാണ്‌. ടൂറിസം വകുപ്പ്‌ ഏറ്റെടുത്തതോടെ ആശ്വാസമായ തുകയും ലഭിച്ചു. ചാമ്പ്യൻസ്‌ ബോട്ട്‌ ലീഗ്‌ ഇത്തവണ നടക്കുമോ എന്ന ആശങ്കയിലാണ്‌ തുഴച്ചിൽ ക്ലബ്ബുകളും ജലോത്സവ പ്രേമികളും. ജലോത്സവത്തിനായുള്ള പ്രാഥമിക ആലോചനപോലും നടന്നിട്ടില്ല. രണ്ടുദിവസംമുമ്പ്‌ ചമ്പക്കുളം മൂലം വള്ളംകളിയിൽ ജില്ലയിൽനിന്ന്‌ മുപ്പതോളം തുഴച്ചിലുകാർ വിവിധ ക്ലബ്ബുകൾക്കായി പങ്കായമേന്തി. ഇത്തവണ ചാമ്പ്യൻസ്‌ ബോട്ട്‌ ലീഗ്‌ ഉണ്ടാകുമോ അതോ മുന്പ്‌ നടത്തിയപോലുള്ള വള്ളംകളി മത്സരംമാത്രമാവുമോ എന്നാണ്‌ ഏവരുടെയും ആശങ്ക. ​ദേശീയപാത നിർമാണത്തിന്റെ ഭാഗമായാണ്‌ കാര്യങ്കോടുനിന്ന്‌ ജലോത്സവം ഉചിതമായ സ്ഥലം കണ്ടെത്തി അച്ചാംതുരുത്തിയിലേക്ക്‌ മാറ്റിയത്‌. ജനങ്ങൾക്ക്‌ എളുപ്പം എത്തിച്ചേരാൻ സാധിക്കുന്ന അച്ചാംതുരുത്തി തേജസ്വിനി പുഴയിൽതന്നെ ഇത്തവണയും ജലോത്സവം നടത്തണമെന്നും ഏറ്റവുംകൂടുതൽ തുഴച്ചിൽക്ലബ്ബുകളുള്ള പഞ്ചായത്താണ് ചെറുവത്തൂരെന്നും ക്ലബ്ബ്‌ ഭാരവാഹികൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home