പ്രവൃത്തി പുനരാരംഭിച്ചു എൻഡോസൾഫാൻ ദുരന്ത സ്മൃതി ശിൽപം ഒരു മാസത്തിനകം ഒരുങ്ങും

കാസർകോട്
ജില്ലാ പഞ്ചായത്ത് ഓഫീസിന്റെ മുറ്റത്ത് ശിൽപി കാനായി കുഞ്ഞിരാമൻ ഒരുക്കുന്ന എൻഡോസൾഫാൻ ദുരന്ത സ്മൃതി ശിൽപം ഫെബ്രുവരിക്കകം പൂർത്തിയാക്കും. കാനായിയുടെ നേതൃത്വത്തിൽ ശിൽപത്തിന്റെ പ്രവൃത്തി പുനരാരംഭിച്ചു. ജില്ലാപഞ്ചായത്തിന്റെ പുതിയ ഭരണസമിതി നിലവിൽ വന്നതിന് പിന്നാലെയാണ് 20 വർഷം മുന്പ് നിർമാണം ആരംഭിച്ച ശിൽപം വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടി ആരംഭിച്ചത്. കാനായി രൂപകൽപന ചെയ്‌ത ശിൽപത്തിന് 40 അടി ഉയരമുണ്ട്. പല കാരണങ്ങളാൽ ശിൽപ നിർമാണം ഇടയ്‌ക്കിടെ മുടങ്ങി. 2006 ലാണ് എൻഡോസൾഫാൻ ദുരതബാധിതരുടെ വേദനയും കണ്ണീരും അടയാളപ്പെടുന്ന ശിൽപം തയ്യാറാക്കണമെന്ന് കാനായിയോട് ജില്ലാ പഞ്ചായത്ത് ആവശ്യപ്പെടുന്നത്. 20 ലക്ഷം രൂപയായിരുന്നു അന്നത്തെ ചെലവ്. പ്രതിഫലമില്ലാതെ കാനായി നിർമാണം ഏറ്റെടുത്തു. 2019ൽ കോവിഡ് ലോക്ഡൗൺ വന്നതോടെ നിർമാണം പൂർണമായി ഉപേക്ഷിച്ച പോലെയായി. ശിൽപം പൂർത്തിയാക്കാൻ കഴിഞ്ഞ ജില്ലാപഞ്ചായത്ത് ഭരണസമിതി 10 ലക്ഷം രൂപകൂടി അനുവദിച്ചു. അഞ്ച് തൊഴിലാളികളുടെ സഹായത്തോടെ കാനായിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിർമാണവും പുനരാരംഭിച്ചതാണ്. എന്നാൽ ഇടയ്‌ക്ക് വീണ്ടും നിർമാണം നിലച്ചു. ഇതുവരെ 54 ലക്ഷം രൂപയോളം ചെലവിട്ടു. കഴിഞ്ഞ ഭരണസമിതി അനുവദിച്ച തുക കൂടി ഉൾപ്പെടുത്തി ഒരു മാസത്തിനുള്ളിൽ ശിൽപം അനാഛാദനം ചെയ്യാനുള്ള നടപടിയാണ് ദ്രുതഗതിയിൽ പുരോഗമിക്കുന്നത്.










0 comments