വീടും സ്ഥലവും പുഴയെടുക്കുന്നു ഭീതിയോടെ 7 കുടുംബം

ഭീമനടി മഴ കനത്തതോടെ ചൈത്രവാഹിനി പുഴയിലെ ജലനിരപ്പ് ഉയരുന്നു. ഏതുനിമിഷവും വീടുകൾ പുഴയെടുക്കുമെന്ന ഭീതിയിൽ ഏഴ് കുടുംബങ്ങൾ. പുഴയിലെ ജലനിരപ്പ് ഉയർന്നതോടെ വെസ്റ്റ് എളേരി പഞ്ചായത്തിൽ ആറിലകണ്ടത്ത് പുഴയോരത്തുള്ള ഏഴ് വീടുകളാണ് അപകട ഭീഷണിയിലായത്. ആറിലക്കണ്ടത്തെ വേലിക്കോത്ത് വി കെ ഇബ്രാഹിം, അരഞ്ചറ എ സി അലീമ, നങ്ങാരത്ത് എൻ സുബൈദ, തലയില്ലത്ത് ടി ഷെരീഫ്, തലയില്ലത്ത് ജാഫർ, കെ എം മുഹമ്മദ് മൗലവി, അഞ്ചില്ലത്ത് എ സി ഫാത്തിമ എന്നിവരുടെ വീടുകളാണ് പുഴയിലെ കുത്തൊഴുക്കിൽ കരയിടിഞ്ഞ് അപകടാവസ്ഥയിലായത്. പുഴയോരത്ത് വീടുകൾ ഇല്ലാത്തവരുടെ ഭൂമിയും തകർച്ചയുടെ വക്കീലാണ്. വളരെ ദൂരത്തിൽ മണ്ണ് വിണ്ടുകീറി പുഴയിലേക്ക് ഇടിഞ്ഞുതാഴാൻ പാകത്തിലാണ്. ജലനിരപ്പ് ഇനിയും ഉയർന്നാൽ ഈ ഭാഗം പൂർണമായും ഒലിച്ചുപോവുകയും തൊട്ടടുത്തുള്ള വീടുകളുടെ അടിത്തറ ഇളകുകയും ചെയ്യുന്ന അവസ്ഥയാണ്. വർഷങ്ങളായി പുഴയുടെ അരിക് ഇടിഞ്ഞ് പുഴയിലേക്ക് ചേരുന്ന സ്ഥിതിയാണ്. അത് ഇപ്പോൾ പല വീടുകളുടെയും അരികിൽ എത്തിനിൽക്കുന്നു . മണ്ണൊലിപ്പും മണ്ണിടിച്ചലും തടയാൻ താൽക്കാലികമായി പ്ലാസ്റ്റിക് ഷീറ്റുകൾ വിരിച്ച് സംരക്ഷിക്കാൻ നാട്ടുകാർ ശ്രമിക്കുന്നുണ്ടെങ്കിലും ശക്തമായ മഴയിലും ഒഴുക്കിലും ഇത് സുരക്ഷിതമാവില്ല. കാലവർഷം കനക്കുന്നതോടെ ഏത് നിമിഷവും വലിയൊരു അപകടം ഉണ്ടായേക്കാമെന്ന ഭീതിയിലാണ് കുടുംബങ്ങൾ. ഇവരുടെ കുടിവെള്ള സ്രോതസും തകർച്ചയുടെ വക്കിലാണ്. അധികൃതർ ഇടപെട്ട് പുഴക്കരയിൽ സംരക്ഷണ ഭിത്തി നിർമിച്ച് വീടും കുടിവെള്ള സ്രോതസ്സും സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ച് സുരക്ഷാ നടപടി സ്വീകരിക്കുകയും വേണം.










0 comments