ad
Deshabhimani

ആത്മഹത്യയല്ല... വേണ്ടത്‌ ആത്മവിശ്വാസം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖിക

Published on Mar 08, 2026, 12:05 AM | 1 min read

പത്തനംതിട്ട

ഗാർഹിക പീഡനങ്ങൾ നിറഞ്ഞ ജീവിതത്തോട്‌ മല്ലിട്ട്‌ ആത്മവിശ്വാസത്തോടെ പണിതുയർത്ത മാതൃകാജീവിതം. അടൂർ മഹാത്മാ ജനസേവനകേന്ദ്രം സെക്രട്ടറി പ്രിഷില്‍ഡ ആന്റണിയുടെ ജീവിതം മനോഹരമായൊരു മാതൃകയാണ്‌.

വയോജന മന്ദിരം, യാചകർക്കുള്ള മന്ദിരം, സ്ത്രീകളുടെ സംരക്ഷണകേന്ദ്രം എന്നിവിടങ്ങളിലായി നാനൂറോളം പേര്‍ വിവിധ സ്ഥലങ്ങളില്‍ സംരക്ഷിക്കപ്പെടുമ്പോൾ അതിന്‌ ചുക്കാൻ പിടിക്കുന്നത്‌ പ്രിഷിൽഡയാണ്‌. സ്ഥാപനത്തിലെ അന്തേവാസികളിൽ എഴുപത് ശതമാനവും സ്ത്രീകളാണെന്നതും പ്രത്യേകതയാണ്‌. 120ലധികം വരുന്ന ജീവനക്കാരില്‍ 90 പേരും സ്ത്രീകളാണ്.

കൊല്ലം ഈസ്റ്റ് കല്ലട സ്വദേശിയായ പ്രിഷില്‍ഡ നഴ്‌സായിരുന്നു. ദുരനുഭവങ്ങള്‍ നിറഞ്ഞതായിരുന്നു വിവാഹ ജീവിതം. ഗാര്‍ഹിക പീഡനവും കടങ്ങളും മാത്രമായിരുന്നു ഓർക്കാനുള്ളത്‌. രണ്ടുകുട്ടികളുമായി ആത്മഹത്യയിലേക്ക്‌ ചുവടുവച്ച കാലത്താണ്‌ രാജേഷ് തിരുവല്ലയെന്ന ജീവകാരുണ്യ പ്രവര്‍ത്തകനെ കണ്ടുമുട്ടിയത്‌. സമാന ജീവിതാനുഭവങ്ങളുള്ള അവര്‍ ഒന്നിച്ചതോടെ മഹാത്മ ജനസേവനകേന്ദ്രമെന്ന സ്ഥാപനം ഉയർന്നു. സ്ഥാപനത്തിന്റെ നേതൃത്വം തുല്യമായി പങ്കിട്ട് ജീവിതത്തെ അവര്‍ നേരിട്ടു. തനിക്കുണ്ടായ അനുഭവങ്ങള്‍ മറ്റൊരു സ്ത്രീയ്‌ക്കും വരരുതെന്ന പ്രിഷില്‍ഡയുടെ തീരുമാനമാണ് മഹാത്മയിൽ കൂടുതല്‍ സ്ത്രീകള്‍ക്ക് അവസരമൊരുങ്ങാൻ കാരണം.

മൂത്ത മകൻ അക്ഷയ് രാജ് ഡോക്ടറാണ്. രണ്ടാമത്തെ മകന്‍ അക്ഷര്‍ രാജ് കോസ്റ്റ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് അവസാനവർഷ വിദ്യാർഥി. മൂന്നാമത്തെ മകന്‍ അദ്വൈതും അവന്തികയും ഹയര്‍സെക്കൻഡറി വിദ്യാര്‍ഥികളാണ്‌.

രാജേഷ് തിരുവല്ല മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാനും സെക്രട്ടറിയുടെ ചുമതല പ്രീഷില്‍ഡയും നിര്‍വഹിക്കുന്നു. ഒരുപക്ഷേ ആത്മഹത്യ ചെയ്യുമായിരുന്ന ആ കുടുംബം ഇന്ന്‌ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഇ‍ൗറ്റില്ലമാണ്‌. തന്റെ ബുദ്ധിയിലും കഴിവിലും വിശ്വസിച്ച്‌ പ്രിഷിൽഡ മാറ്റിയെടുത്ത ജീവിതം ഇന്ന്‌ നൂറുകണക്കിന്‌ പേർക്ക്‌ മാതൃക കൂടിയാണ്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home