ad
Deshabhimani

മാലിന്യനിർമാർജനം പാളി

പന്തളം തെക്കേക്കരയിൽ രോഗം പടരുന്നു

Photo

പന്തളം തെക്കേക്കര പഞ്ചായത്തിലെ ഇടമാലിയിൽ ഒരിപ്പുറം – തോലുഴം റോഡിൽ റോഡുവശത്ത് മാലിന്യം ചാക്കിൽ കെട്ടി വെച്ചിരിക്കുന്നു

avatar
എം  സുജേഷ്

Published on May 22, 2026, 12:05 AM | 1 min read

പന്തളം

പന്തളം തെക്കേക്കര പഞ്ചായത്തിൽ മാലിന്യനിർമാർജനവും മഴക്കാലപൂർവ ശുചീകരണവും പാളിയതിനുപിന്നാലെ 12 പേർക്ക് ഡെങ്കിപ്പനിയെന്ന സംശയമുണ്ടായത്‌ ആശങ്ക പടർത്തിയിരിക്കുകയാണ്. പഞ്ചായത്തിലെ 4, 5 വാർഡുകളിലാണ് 12 പേർക്ക് ഡെങ്കിപ്പനി ഉള്ളതായി ആരോഗ്യവകുപ്പിന് സംശയമുണ്ടായിരിക്കുന്നത്. ആദ്യ പരിശോധനയിൽ ഇവർക്ക് ഡെങ്കിപ്പനി ബാധിച്ചതായി സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. പ്രാഥമികമായി നടന്ന കാർഡ് ടെസ്റ്റിലാണ് ഡെങ്കിയുണ്ടെന്ന് സംശയം തോന്നിയത്. എന്നാൽ വിശദപരിശോധനയിൽ മാത്രമേ ഡെങ്കിപ്പനി സ്ഥിരീകരിക്കാൻ കഴിയുള്ളൂവെന്നും വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഇതിനായി അസുഖം ഗുരുതരമാകുന്നവർക്ക് എലിസ ടെസ്റ്റ് നടത്തണം. നാല്, അഞ്ച് വാർഡുകളിൽ നടത്തിയ പരിശോധനയിൽ 12 പേർക്കാണ് രോഗബാധ എന്ന സംശയം ഉയർന്നത്. ഇതേ തുടർന്ന് പഞ്ചായത്തിൽ ഏതുതരം കൊതുകാണ് പെരുകിയിട്ടുള്ളതെന്ന് അറിയാൻ എൻഡോമോളജി വിഭാഗം പരിശോധന തുടങ്ങി.

ബിജെപി ഭരിക്കുന്ന പഞ്ചായത്തിൽ റോഡുകളുടെ വശങ്ങളിലും ബോട്ടിൽ ബൂത്തുകളിലും എംസിഎഫുകളിലും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കുമിഞ്ഞുകൂടിയത്‌ കഴിഞ്ഞദിവസം ദേശാഭിമാനി റിപ്പോർട്ട് ചെയ്തിരുന്നു.

കഴിഞ്ഞ കുറെ മാസങ്ങളായി ഇവിടെ കീരുകുഴിയിലെ എംസിഎഫിൽനിന്ന് മാലിന്യം തരംതിരിച്ച് കൊണ്ടുപോകുന്നില്ല.

എൽഡിഎഫ് നേതൃത്വത്തിലുള്ള മുൻ ഭരണസമിതി രണ്ടുമാസം കൂടുമ്പോൾ പ്ലാസ്റ്റിക് മാലിന്യം അടക്കം ക്ലീൻ കേരള കമ്പനിക്ക് കൈമാറിയിരുന്നു. വെട്ടാതെ കിടക്കുന്ന ചില റബർ തോട്ടങ്ങളിൽ ചിരട്ടകളിൽ വെള്ളം കെട്ടിനിന്ന് കൊതുക് പരക്കുന്നതും രോഗത്തിന് കാരണമാകുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home