ad
Deshabhimani

തകർന്നടിഞ്ഞ്‌ മാലിന്യസംസ്‌കരണം

നഗരം നാറുന്നു

Photo

പത്തനംതിട്ട മത്സ്യച്ചന്തയ്ക്കുസമീപം നീക്കം ചെയ്യാതെ കിടക്കുന്ന മാലിന്യം

avatar
സ്വന്തം ലേഖിക

Published on Apr 14, 2026, 12:05 AM | 2 min read

പത്തനംതിട്ട

മാസങ്ങളായി കുന്നുകൂടിയ പ്ലാസ്റ്റിക്‌ മാലിന്യങ്ങളാൽ വീർപ്പുമുട്ടുകയാണ്‌ ജില്ലാ ആസ്ഥാനം. വിവിധയിടങ്ങളിൽ നിന്ന്‌ ഹരിതകർമസേനാംഗങ്ങൾ ശേഖരിക്കുന്ന മാലിന്യമാണ്‌ കൃത്യമായി സംസ്കരണകേന്ദ്രത്തിൽ എത്താതെ നഗരത്തിന്റെ ശ്വാസം മുട്ടിക്കുന്നത്‌. ശേഖരിക്കുന്ന മാലിന്യം കുന്നന്താനത്തെ പ്ലാസ്റ്റിക്‌ മാലിന്യ സംസ്കരണകേന്ദ്രത്തിലെത്തിക്കേണ്ടത്‌ നഗരസഭയുടെ ഉത്തരവാദിത്തമാണ്‌. എന്നാൽ യുഡിഎഫ്‌ നേതൃത്വം അധികാരത്തിലെത്തിയതോടെ ഇത്‌ താളംതെറ്റി.

നഗരസഭാ കാര്യാലയത്തിന്‌ പിന്നിലുള്ള ചന്തയിലും മത്സ്യസ്റ്റാളുകൾക്ക്‌ സമീപവും ടൺ കണക്കിന്‌ മാലിന്യമാണ്‌ ചാക്കുകളിൽ കെട്ടി അലക്ഷ്യമായി വച്ചിരിക്കുന്നത്‌. മാലിന്യങ്ങൾക്ക്‌ നടുവിലിരുന്ന്‌ കച്ചവടം ചെയ്യേണ്ട സാഹചര്യമാണെന്ന്‌ വ്യാപാരികളും പറയുന്നു. എൽഡിഎഫ്‌ ഭരണസമിതി കൃത്യമായി നടപ്പാക്കിയ മാലിന്യസംസ്കരണമാണ്‌ യുഡിഎഫ്‌ അധികാരത്തിലേറി മാസങ്ങൾക്കുള്ളിൽ തകർന്നത്‌. എംസിഎഫുകളില്ലാത്ത വാർഡുകളിൽ നിന്നുള്ള പ്ലാസ്റ്റിക്‌ മാലിന്യമാണ്‌ ചന്തയ്ക്ക്‌ സമീപം ശേഖരിച്ചുവച്ച്‌ കുന്നന്താനത്തേക്ക്‌ കൊണ്ടുപോയിരുന്നത്‌. കഴിഞ്ഞ ഭരണസമിതി നഗരസഭയിലെ മുഴുവൻ വാർഡുകളിലും എംസിഎഫ്‌ സ്ഥാപിക്കണമെന്ന നിർദേശം വച്ചിരുന്നു. എന്നാൽ യുഡിഫ്‌ പ്രതിനിധികളുള്ള വാർഡുകളിൽ ഇത്‌ നടപ്പായില്ല. ഇവിടെനിന്ന്‌ ശേഖരിക്കുന്ന മാലിന്യമാണ്‌ നഗരസഭാ മാർക്കറ്റിന്‌ സമീപമെത്തിക്കുന്നത്‌.

മാലിന്യസംസ്കരണകേന്ദ്രം; പദ്ധതി കൈയൊഴിഞ്ഞ്‌ യുഡിഎഫ്‌

പത്തനംതിട്ട

നഗരം ഉൽപ്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്‌ മാലിന്യത്തിന്‌ നഗരത്തിൽ തന്നെ സംസ്‌കരണം ഉറപ്പാക്കാനുള്ള കഴിഞ്ഞ എൽഡിഎഫ്‌ ഭരണസമിതിയുടെ സ്വപ്‌നപദ്ധതിക്ക്‌ യുഡിഎഫിന്റെ ഇരുട്ടടി. വിവിധ വെല്ലുവിളികൾ നേരിട്ട്‌ ടെൻഡർ നടപടിയിലേക്ക്‌ കടന്ന പദ്ധതി നടപ്പാക്കാൻ താൽപ്പര്യമില്ലെന്ന്‌ വ്യക്തമാക്കുന്നതാണ്‌ യുഡിഎഫിന്റെ നയം.

കുലശേഖരപതിയിലെ ഉപയോഗശൂന്യമായ മിൽമ ഗോഡ‍ൗണും അതിരിക്കുന്ന അരയേക്കർ ഭൂമിയും ഗ്രീൻ പാർക്കാക്കി മാറ്റുന്നതായിരുന്നു പദ്ധതി. കലക്ടറുടെ ഒ‍ൗദ്യോഗിക വസതിക്ക്‌ പിന്നിലുള്ള മിൽമയുടെ ഇ‍ൗ ഭൂമി പ്ലാസ്റ്റിക്‌ മാലിന്യസംസ്‌കരണ കേന്ദ്രമാകുന്നതോടെ നഗരത്തിന്റെ മാലിന്യം പുറത്തുകൊണ്ടുപോയി സംസ്കരിക്കേണ്ട ആവശ്യം വരില്ല. പ്രദേശത്തെ തന്നെ നിരവധിപേർക്ക്‌ തൊഴിലും ലഭിക്കുന്ന പദ്ധതി നടപ്പാക്കുന്നതിൽ പുതിയ ഭരണസമിതി പിന്നോട്ട്‌ വലിയുകയാണ്‌.

സഗരസഭയുടെ പരാജയം

മാലിന്യം കൃത്യമായി കൈകാര്യം ചെയ്യാതെ പോയത്‌ അധികൃതരുടെ പരാജയമാണ്‌. ഇത് തുടർന്നാൽ നഗരം അതിവേഗം വലിയ മാലിന്യപ്രശ്നത്തിലാകുമെന്ന്‌ ഉറപ്പ്‌. ശേഖരിക്കുന്ന പ്ലാസ്റ്റിക്‌ മാലിന്യം കൃത്യമായി കുന്നന്താനത്തെ സംസ്കരണ കേന്ദ്രത്തിൽ എത്തിക്കേണ്ട ഉത്തരവാദിത്തം വഹിക്കാൻ നഗരസഭ തയാറാകണം–

അഡ്വ. ടി സക്കീർ ഹുസൈൻ, നഗരസഭ മുൻ അധ്യക്ഷൻ

Caption: ചിത്രം ജെ കെ




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home