വള്ളസദ്യ സമാപിച്ചു

കോഴഞ്ചേരി
ആറന്മുള ക്ഷേത്രത്തിലെ പ്രസിദ്ധമായ വള്ളസദ്യ സമാപിച്ചു. സമാപന ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യാതിഥിയായിരുന്നു. ജൂലൈ 13ന് തുടങ്ങി 82 ദിവസംകൊണ്ട് 524 വള്ളസദ്യകളാണ് നടന്നത്. അവസാന ദിവസമായ ബുധനാഴ്‌ച്ച 12 വള്ളസദ്യകളാണ് നടന്നത്. ഈ വർഷം നടക്കേണ്ട 29 വള്ളസദ്യകൾ വിവിധ കാരണങ്ങളാൽ അടുത്ത വർഷത്തേക്ക് മാറ്റിവച്ചതായി പള്ളിയോട സേവാ സംഘം ഭാരവാഹികൾ പറഞ്ഞു. അടുത്തവർഷത്തെ വള്ളസദ്യ ബുക്കിങ് നവംബർ മാസത്തോടെ ആരംഭിക്കും. പഞ്ചപാണ്ഡവ ക്ഷേത്രദർശന ടൂർ പാക്കേജിൽ 344 ട്രിപ്പുകൾ കേരളത്തിന്റെ വിവിധ ഡിപ്പോകളിൽ നിന്ന് കെഎസ്ആർടിസി ആറന്മുളയിലേക്ക് നടത്തി. ഇതിലൂടെ 15,000 ത്തിൽ കൂടുതൽ ആളുകൾ വള്ളസദ്യയിൽ പങ്കെടുത്തു. കൂടാതെ പന്ത്രണ്ടായിരത്തോളം ആളുകൾ സ്പെഷ്യൽ പാസ് മുഖേനയും സദ്യയിൽ പങ്കെടുത്തു. അഷ്ടമിരോഹിണി ഉൾപ്പെടെ ഈ വർഷം മൂന്നു ലക്ഷത്തിൽ പരം ആളുകൾ ആറന്മുള വള്ളസദ്യകളിൽ വിവിധ ദിവസങ്ങളിലായി പങ്കെടുത്തതായി ഭാരവാഹികൾ പറഞ്ഞു. 14 സദ്യകരാറുകാരാണ് ഈ വർഷം സദ്യകൾ ഒരുക്കിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡും പള്ളിയോട സേവാ സംഘവും നിർവഹണസമിതിയുടെ നിർദ്ദേശപ്രകാരം വള്ളസദ്യകൾ ക്രമീകരിച്ചിരുന്നു.










0 comments