സ്‌കൂട്ടറുമായി വിന്റേജ് പ്രേമികൾ
ഓൾഡല്ല....ഇത് ഗോൾഡ്

ആർ ഹരീഷ്
Published on Oct 20, 2025, 12:05 AM | 1 min read
പത്തനംതിട്ട
KL-–02 –A– 9101 . 1979 മോഡൽ ബജാജ് സൂപ്പർ സ്‌കൂട്ടർ. ഉടമ മാവേലിക്കര സ്വദേശി അലക്‌സാണ്ടർ മാത്യു. 46 വർഷം മുന്പ് മുത്തച്ഛനായിരുന്നു ഇതിന്റെ ഉടമ. പിന്നീട് അച്ഛൻ, ഇപ്പോൾ അലക്‌സാണ്ടറിന്റെ മകനും ഉപയോഗിക്കുന്നു. അങ്ങനെ നാല് തലമുറകൾ കൈകാര്യം ചെയ്‌ത സകൂട്ടറാണിത്. ഒരു കാലത്ത് നിരത്തുകൾക്ക് അഴക് പകർന്ന സ്‌കൂട്ടറുകൾ. നാട്ടുവഴികൾ അടക്കിവാണിരുന്ന വാഹനങ്ങൾ. അവയെ കരുതലോടെ സൂക്ഷിച്ച് കൊണ്ടുനടന്നവർ അവ പുതുതലമുറയ്‌ക്ക് കൈമാറി. വിന്റേജ് സ്‌കൂട്ടറുകളോടുള്ള അഭിനിവേശം കൂടിയാണ് പത്തനംതിട്ടയിൽ നടന്ന ഗതകാല സ്‌മരണയിരന്പിയ സ്‌കൂട്ടർ പ്രദർശനം.
വിന്റേജ് ക്ലാസിക് സ്‌കൂട്ടർ ക്ലബ് (വിസിഎസ്‌സി) ആണ് പരിപാടി സംഘടിപ്പിച്ചത്. അവരുടെ ഒന്പതാമത് വാർഷികം കൂടിയായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 112 പേരാണ് അവരുടെ ഇഷ്ടവാഹനത്തിലേറി പത്തനംതിട്ടയിലെ കൂട്ടായ്‌മയിലെത്തിയത്. ചേതക്കും എൽഎംഎൽ വെസ്‌പയും ലാംബിയുമെല്ലാമുണ്ടായിരുന്നു. കോയന്പത്തൂരിൽനിന്നും നാഗർകോവിലിൽനിന്നും ആളുകളെത്തി അവരുടെ വാഹനവുമായി. പുതുതലമുറയാണ് കൂടുതലും വിന്റേജ് സ്‌കൂട്ടർ പ്രേമികൾ എന്നത് ശ്രദ്ധേയമാണ്. ദക്ഷിണേന്ത്യയിലെതന്നെ വലിയ വിന്റേജ് സ്കൂട്ടർ സംഗമം കൂടിയായിരുന്നു ഇത്. സംസ്ഥാനത്തും പുറത്തുമുള്ളവരുടേതായ വാട്‌സ്‌ആപ് കൂട്ടായ്‌മയുണ്ട്. ഇതിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രദർശനത്തിന് ശേഷം നഗരംചുറ്റിയുള്ള റൈഡിങും സ്ലോറെയ്‌സ് ഉൾപ്പെടെയുള്ള മത്സരങ്ങളും നടത്തി. കലക്ടർ എസ് പ്രേംകൃഷ്ണൻ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ് ശ്രീലാൽ റാലി ഫ്‌ളാഗ് ഓഫ് ചെയ്‌തു. ഫാ. വി ജെ ജോൺസൺ കൈപ്പട്ടൂർ, മാത്യൂസ് വടശേരിക്കര, അരുൺ അയിരൂർ, റോയി സി സാം, അനൂജ്, മനു തുടങ്ങിയവരാണ് പരിപാടിയുടെ സംഘാടകർ.










0 comments