ad
Deshabhimani

ജില്ലയ്ക്ക്‌ നൂറായിരം ഓർമകൾ 
സമ്മാനിച്ച നേതാവ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 22, 2025, 03:45 AM | 2 min read

പത്തനംതിട്ട മറക്കാനാകാത്ത നൂറായിരം ഓർമ്മകളാണ്‌ സഖാവ്‌ വി എസ്‌ അച്യുതാന്ദൻ പത്തനംതിട്ട ജില്ലയ്‌ക്ക്‌ നൽകിയിട്ടുള്ളതെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഓർമിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ മാത്രമല്ല പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോളും ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും നിറസാന്നിധ്യമായിരുന്നു വി എസ്‌. അച്ചൻകോവിൽ നദിയിൽ നിന്ന്‌ തമിഴ്‌നാട്‌ അനധികൃതമായി വെള്ളം കടത്തിക്കൊണ്ടുപോകുന്നു എന്ന ആരോപണം ഉയർന്നപ്പോൾ കേരളത്തിന്റെ താൽപ്പര്യം ഉയർത്തിപ്പിടിച്ച്‌ പത്തനംതിട്ടയിൽ നിന്ന്‌ തമിഴ്‌നാട്ടിലെ മേക്കര ഡാം പരിസരത്തേക്ക്‌ നടത്തിയ ഉജ്ജ്വല മാർച്ച്‌ ലോക മലയാളികൾക്കെല്ലാം ആവേശം പകർന്നതാണ്‌. മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്‌ ശബരിമലയിലേക്കുള്ള യാത്ര നടത്തിയത്‌. തുടക്കത്തിൽ ഡോളിയുമായി ഉദ്യോഗസ്ഥർ വന്നെങ്കിലും ചെറുപുഞ്ചിരിയോടെ അതെല്ലാം നിരസിച്ച്‌ കുത്തനെയുള്ള കയറ്റം നടന്നുകയറി അദ്ദേഹം. ആ യാത്ര ഏവരെയും അത്ഭുതപ്പെടുത്തി. ശബരിമല മാസ്റ്റർ പ്ലാനിന്‌ തുടക്കമിട്ടതും അക്കാലത്താണ്‌. നിലയ്‌ക്കലിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ഇടത്താവളം ദേവസ്വം ബോർഡിന്‌ ലഭ്യമാക്കാൻ പകരം ഭൂമി വനംവകുപ്പിന്‌ നൽകാനും അദ്ദേഹം നേതൃത്വം നൽകി. റാന്നി താലൂക്ക്‌ ആശുപത്രി പുതിയ ബ്ലോക്കിന്റെ നിർമാണം, റാന്നി സിവിൽ സ്‌റ്റേഷൻ നിർമാണം, ചിറ്റാർ–-അച്ചൻകോവിൽ റോഡ്‌ നിർമാണം, 130 കോടി രൂപയുടെ നിലയ്‌ക്കൽ കുടിവെള്ള വിതരണ പദ്ധതിയുടെ ഫണ്ട്‌ അനുവദിക്കൽ, റാന്നി ട്രഷറി പുതിയ മന്ദിരം, ഇലവുംതിട്ട പൊലീസ്‌ സ്‌റ്റേഷൻ, മെഴുവേലി ഐടിഐ, റാന്നി മേജർ കുടിവെള്ള പദ്ധതി ഫണ്ട്‌ അനുവദിക്കൽ, പത്തനംതിട്ട ജനറൽ ആശുപത്രി പുതിയ ബ്ലോക്ക്‌ ഉദ്‌ഘാടനം –-ഇങ്ങനെ പോകുന്നു വി എസിന്റെ കാലഘട്ടത്തിൽ ജില്ല കണ്ട വികസനം. ജില്ലയിൽ സിപിഐ എം കെട്ടിപ്പടുക്കുന്നതിന്‌ സജീവ നേതൃത്വം വഹിക്കാനും വി എസ്‌ മുൻപന്തിയിലുണ്ടായിരുന്നു. ആറന്മുളയിൽ നെൽപ്പാടം നികത്തി വിമാനത്താവളം നിർമിക്കുന്നതിനെതിരെ നടന്ന സമരത്തിൽ വി എസ്‌ മുൻനിരയിലുണ്ടായിരുന്നു. മാരാമൺ കൺവൻഷനെതിരെ വർഗീയവാദികൾ ശബ്‌ദമുയർത്തിയപ്പോൾ ഡിവൈഎഫ്‌ഐ നടത്തിയ സമരം ഉദ്‌ഘാടനം ചെയ്‌തത്‌ വി എസ്‌ ആയിരുന്നു. കർഷകത്തൊഴിലാളി യൂണിയൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്‌ ആറന്മുള, തിരുവല്ല, പന്തളം, കല്ലൂപ്പാറ എന്നിവിടങ്ങളിലെല്ലാം വി എസിന്റെ നിറസാന്നിധ്യമുണ്ടായിരുന്നു. ജില്ലയിലെ പൊതുവിപ്ലവ പ്രസ്ഥാനത്തിന്‌ അദ്ദേഹത്തിന്റെ സംഭാവനകൾ മറക്കാൻ കഴിയാവുന്നതല്ല. വി എസിന്റെ ഓർമകൾക്ക്‌ മുന്നിൽ ഒരായിരം ആദരാഞ്‌ജലികൾ അർപ്പിക്കുന്നു രാജു ഏബ്രഹാം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home