സീതത്തോട് കുടിവെള്ള പദ്ധതി
നിലയ്‌ക്കലിൽ ആശ്വാസം

ആർ ഹരീഷ്
Published on Dec 16, 2025, 12:05 AM | 1 min read
ശബരിമല
തീർഥാടന കാലത്തിന് ആശ്വാസമായി സീതത്തോട് – നിലയ്‌ക്കൽ കുടിവെള്ള പദ്ധതി. തീർഥാടകർ ഏറെയെത്തുകയും തന്പടിക്കുകയും ചെയ്യുന്ന നിലയ്‌ക്കലിൽ 20 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് നിർമിച്ചാണ് ഇത്തവണ ജലവിതരണം. ഇതോടെ ശബരിമല സീസണിൽ നിലയ്‌ക്കലിൽ ഉണ്ടായിരുന്ന ജലവിതരണ പ്രതിസന്ധിക്ക് അറുതിയായി. കഴിഞ്ഞവർഷം വരെ ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ചാണ് ഉപയോഗിച്ചിരുന്നത്.
120 കോടി രൂപ ചെലവിലാണ് ഇൗ പദ്ധതി പൂർത്തിയായത്. കക്കാട്ടാറ് കേന്ദ്രീകരിച്ച് സീതത്തോട്ടിൽ നിർമിച്ച പ്ലാന്റിൽനിന്നാണ് ജലം പന്പ് ചെയ്‌ത് മൂന്ന് ബൂസ്‌റ്റർ പന്പ്‌ഹൗസ് വഴി നിലയ്‌ക്കലിലെ ജലസംഭരണിയിലെത്തിക്കുന്നത്. തുടർന്നാണ് മണിക്കൂറിൽ 25,000 ലിറ്റർ ഉൽപാദനശേഷിയുള്ള റിവേഴ്സ് ഓസ്‌മോസിസ് ശുദ്ധീകരണ (അഴുക്കും അണുക്കളും ലവണവും നീക്കം ചെയ്യൽ) സംവിധാനത്തിലൂടെ 88 കിയോസ്‌കുകൾ വഴി വിതരണം ചെയ്യും. വെള്ളം നേരിട്ട് കുടിക്കാൻ പാകമാണ്. കൂടാതെ 15 ലക്ഷം സംഭരണശേഷിയുള്ള സ്‌റ്റീൽ ടാങ്കുകളുമുണ്ട്. റിവേഴ്സ് ഓസ്‌മോസിസ് വഴി പുറന്തള്ളുന്ന ജലം ശുചിമുറികളിൽ ഉപയോഗിക്കാൻ എത്തിക്കും.
പന്പയിൽനിന്ന് ശബരീപാതയിലേക്കും ജലവിതരണം സുഗമമാണ്. 13 എംഎൽഡി ഉൽപ്പാദനശേഷിയുള്ള ഇൻടേക് പമ്പ്ഹൗസിൽനിന്ന് പ്രഷർ ഫിൽറ്റർ വഴി ശുദ്ധീകരിച്ച ജലം ഇലക്‌ട്രോക്ലോറിനേറ്റർ സംവിധാനത്തിലൂടെ അണുവിമുകതമാക്കിയാണ് പമ്പയിലും ശരണപാതയിലും വിതരണം ചെയ്യുന്നത്. നീലിമല താഴ്‌ഭാഗം, നീലിമല മുകൾഭാഗം, അപ്പാച്ചിമേട്, ശരംകുത്തി എന്നിവിടങ്ങളിലെ ഭൂതലസംഭരണികളിൽ ശേഖരിച്ച് വിതരണം ചെയ്യും. സന്നിധാനത്തെ ജലവിതരണം ദേവസ്വംബോർഡ് നേരിട്ടാണ്. കുന്നാർ അണക്കെട്ടിൽനിന്ന് വെള്ളമെടുത്താണ് ഉപയോഗിക്കുന്നത്. അണക്കെട്ടിൽ ജലലഭ്യതയുണ്ടാകുന്പോൾ ജലഅതോറിറ്റി നൽകും.
സ്വാമി അയ്യപ്പൻ റോഡിൽ ഇ–ടോയ്‌ലെറ്റുകളിലും ടാപ്പുകളിലും ജലമെത്തിക്കും. പ്ലാസ്റ്റിക് കുപ്പിവെള്ള നിരോധനത്തെ തുടർന്ന് "പമ്പാതീർഥം’ പദ്ധതിയുടെ ഭാഗമായി ശബരിപാതയിൽ 107 കിയോസ്‌കുകളിലൂടെ ശുദ്ധീകരിച്ച ജലവിതരണവുമുണ്ട്.










0 comments