ad
Deshabhimani

റിങ്‌ റോഡിനെ സുന്ദരമാക്കി നാടൻ മാവുകൾ

തളിർത്തു, പൂത്തു, കായ്ച്ചു...

Photo
avatar
സ്വന്തം ലേഖിക

Published on Jun 05, 2026, 12:05 AM | 1 min read

പത്തനംതിട്ട

ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന വഴിയോരം ഇന്ന്‌ നാടൻ മാവുകളുടെ ഒരു കുഞ്ഞൻ തോട്ടം. ഫലവും തണലും നൽകി 15 മാവുകൾ പച്ചപ്പ്‌ വിരിച്ച്‌ നിൽക്കുന്ന കാഴ്ച. പത്തനംതിട്ട സ്‌റ്റേഡിയം ജങ്‌ഷനിൽനിന്ന്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ജങ്‌ഷനിലേക്കുള്ള റിങ്‌ റോഡിന്റെ വശത്താണ്‌ നാടൻ മാവുകളുടെ വിവിധയിനങ്ങൾ തലയുയർത്തി നിൽക്കുന്നത്‌.

നാടൻ മരങ്ങളോടുള്ള ഇഷ്‌ടത്താൽ പത്തോളം പേർ ചേർന്ന്‌ രൂപീകരിച്ച നാട്ടുമരക്കൂട്ടം എന്ന ക‍ൂട്ടായ്മയാണ്‌ പരിപാലനം. ഓരോ വർഷവും പരിസ്ഥിതിദിനത്തിൽ മരത്തൈകൾ നട്ട്‌, മറന്നുപോകുന്നവർക്ക്‌ മറുപടിയാണ്‌ നഗരത്തിലെ നാട്ടുമരക്ക‍ൂട്ടം. 2022ലാണ്‌ പിഡബ്ല്യുഡിയുടെ അനുമതിയോടെ മരത്തൈകൾ നട്ടത്‌. നട്ടവ ഒന്നും ബഡ്‌ തൈകൾ അല്ല. കുരുവിൽനിന്ന്‌ തൈ കിളിർപ്പിച്ചെടുത്തതിനാൽ സ്വാഭാവിക വലിപ്പമുണ്ടാകുകയും ദീർഘകാലം നിലനിൽക്കുകയും ചെയ്യുമെന്ന്‌ നാട്ടുമരക്കൂട്ടം പ്രതിനിധികൾ പറഞ്ഞു. 15 മാവുകളാണ്‌ ഇവിടെ തണൽ വിരിച്ച്‌ നിൽക്കുന്നത്‌. കപ്പമാവ്‌, മൂവാണ്ടൻ, കിളിച്ചുണ്ടൻ അടക്കം കേരളത്തിന്റെ പച്ചപ്പിൽനിന്ന്‌ മാഞ്ഞ 15 നാടൻ മാവിനങ്ങൾ ഇവിടെയുണ്ട്‌. ഇവയിൽ 60 ശതമാനം മരങ്ങളും കായ്ക്കുകയും ചെയ്തു.

പത്തനംതിട്ട വെറ്ററിനറി ആശുപത്രി പരിസരത്തും ഇടത്താവളത്തിലും നാട്ടുമരക്കൂട്ടം മരങ്ങൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്‌. പലയിടത്തുനിന്നും തൈകൾ മോഷ്‌ടിക്കപ്പെട്ട അനുഭവവുമുണ്ട്. എന്നാൽ അതിൽ തളരാതെ വീണ്ടും തൈ നട്ടു. റിങ് റോഡ്‌ സ‍ൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നവീകരണം നടത്തുമ്പോൾ മരങ്ങൾക്ക്‌ ചുറ്റും തറകെട്ടി സംരക്ഷിക്കണമെന്നാണ്‌ കൂട്ടായ്മയുടെ ആവശ്യം. ഭാവിയിൽ മറ്റ്‌ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ്‌ കൃത്യമായി അനുമതി തേടിയതെന്നും തങ്ങളുടെ ദീർഘനാളത്തെ പരിശ്രമഫലമാണ്‌ ഇ‍ൗ മരങ്ങളെന്നും രാജൻ സാമുവൽ കോട്ടക്കൽ പറഞ്ഞു. ബെന്നി അജന്ത, അബു ന്യൂ ഇന്ത്യ, വർഗീസ് പോൾ, ജിജി, റോഷൻ, ബിജു തുടങ്ങി നിരവധി പേരടങ്ങിയ കൂട്ടായ്‌മയാണ്‌ നാട്ടുമരക്കൂട്ടം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home