ad
Deshabhimani

സ്വപ്‌നങ്ങൾ പാതിയിൽ 
മുറിഞ്ഞ്‌ രഞ്‌ജിതയെത്തും

pullaadu shreevivekaananda hiskool muttam naale avarude priyappetta shisiaye veendum maarodanaykkum.

രഞ്ജിത ജി നായർ

വെബ് ഡെസ്ക്

Published on Jun 24, 2025, 01:37 AM | 1 min read

പുല്ലാട്‌

പുല്ലാട്‌ ശ്രീവിവേകാനന്ദ ഹൈസ്‌കൂൾ മുറ്റം നാളെ അവരുടെ പ്രിയപ്പെട്ട ശിഷ്യയെ വീണ്ടും മാറോടണയ്‌ക്കും. കലപില സംസാരിച്ചിരുന്ന ആ മിടുക്കി ഇക്കുറി ആ സ്‌നേഹം തിരിച്ചറിയില്ല. അഹമ്മദാബാദ്‌ വിമാനാപകടത്തിൽ മരിച്ച പുല്ലാട്‌ കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ജി നായരുടെ മൃതദേഹം ചൊവ്വാഴ്‌ച സ്‌കൂൾ മുറ്റത്ത്‌ പൊതുദർശനത്തിന്‌ വെയ്‌ക്കും. സ്‌കൂളിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ്‌ പൊതുദർശന ചടങ്ങുകൾ. രഞ്ജിത അഞ്ചാം ക്ലാസ്‌ മുതൽ പഠിച്ച സ്‌കൂളാണ്‌ പുല്ലാട്‌ ശ്രീവിവേകാനന്ദ ഹൈസ്‌കൂൾ. രഞ്‌ജിതയുടെ മകൻ ഇന്ദുചൂഡനും സ്‌കൂളിലെ പത്താം ക്ലാസ്‌ വിദ്യാർഥിയാണ്‌. മരണവിവരം അറിഞ്ഞത്‌ മുതൽ അധ്യാപകരും നാട്ടുകാരും സഹപാഠികളും കൂട്ടുകാരും എല്ലാവരും രഞ്‌ജിതയ്‌ക്കായുള്ള കാത്തിരിപ്പിലായിരുന്നു. ഡിഎൻഎ സാമ്പിൾ ഫലം ലഭിക്കാൻ വൈകിയതാണ്‌ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകിയത്‌. ചൊവ്വാഴ്ച രാവിലെ ഏഴിന്‌ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം ആംബുലൻസിൽ സ്വദേശമായ പുല്ലാട് പകൽ 11ന് എത്തിക്കും. സ്‌കൂളില്‍ പകൽ 2.30 വരെ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്‌കാരം 4.30ന് വീട്ടുവളപ്പില്‍ നടക്കും. അമ്മ തുളസിയുടെ ഡിഎന്‍എ പരിശോധനയിലൂടെയാണ് രഞ്ജിതയെ തിരിച്ചറിഞ്ഞത്. പുതിയ വീട്ടിൽ താമസിച്ചു കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ജോലിക്ക് തിരിച്ച്‌ കയറണമെന്നായിരുന്നു രഞ്‌ജിതയുടെ ആഗ്രഹം. അതിനായാണ്‌ കുടുംബവീടിന്‌ സമീപം വീട്‌ നിർമാണം ആരംഭിച്ചതും. ജില്ലാ ആശുപത്രിയിലെ ജോലിയിൽ തിരികെ പ്രവേശിക്കാനാവശ്യമായ നടപടികൾക്കായാണ് ജൂൺ ഏഴിന്‌ രഞ്ജിത നാട്ടിലെത്തിയത്. അഞ്ച്‌ ദിവസത്തേക്കായിരുന്നു അവധി. ജോലിസംബന്ധമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ്‌ അഹമ്മദാബാദിൽനിന്ന്‌ എയർ ഇന്ത്യ വിമാനത്തിൽ ലണ്ടനിലേക്ക്‌ മടങ്ങിയത്. ഈ യാത്രയാണ്‌ അവസാനയാത്രയായതും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home