കെ വി അജിതയ്ക്ക് ദേശീയ അംഗീകാരം
അഭിമാനമായി മയൂരിയും പനിനീരും

കെ വി അജിത താമര കൃഷിയിടത്തിൽ
ടി എ റെജി കുമാർ
Published on May 09, 2026, 12:15 AM | 1 min read
തിരുവല്ല
തിരുവല്ല സ്വദേശി കെ വി അജിത വികസിപ്പിച്ച താമര ഇനങ്ങളായ ‘മയൂരി, പനിനീർ' എന്നിവയ്ക്ക് ഭാരത സര്‍ക്കാരിന്റെ സസ്യ ഇന സംരക്ഷണവും കര്‍ഷക അവകാശ അതോറിറ്റിയുടെ രജിസ്‌ട്രേഷന്‍ ലഭിച്ചു. പുതിയ സസ്യ ഇനങ്ങള്‍ വികസിപ്പിക്കുന്ന ശാസ്ത്രജ്ഞര്‍ക്കും സ്ഥാപനങ്ങള്‍ക്കും കര്‍ഷകര്‍ക്കും അവകാശ സംരക്ഷണം നല്‍കുന്നതിനൊപ്പം കര്‍ഷകരുടെ പരമ്പരാഗത അവകാശങ്ങളും സംരക്ഷിക്കുന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. മയൂരി, പനിനീര്‍ കൂടാതെ മറ്റ് 15 വ്യത്യസ്ത താമര ഇനങ്ങളും അജിതയുടെ ശേഖരത്തിലുണ്ട്.
‘മയൂരി'ഇനത്തിന് 2024/0365 എന്ന രജിസ്‌ട്രേഷന്‍ നമ്പറും "പനിനീര്‍ റോസ്' ഇനത്തിന് 2024/0364 എന്ന രജിസ്‌ട്രേഷന്‍ നമ്പരുമാണ് അനുവദിച്ചിരിക്കുന്നത്. 2026 ഏപ്രില്‍ 6 മുതല്‍ രജിസ്‌ട്രേഷന്‍ പ്രാബല്യത്തില്‍ വന്നു. പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സഹായത്തോടെയാണ് അജിതക്ക് അവാര്‍ഡ് ലഭ്യമായത്. നെലുംബോനുസിഫെറ എന്ന ശാസ്ത്രീയ നാമമാണിതിനുള്ളത്. അജിത വികസിപ്പിച്ച ‘മയൂരി' ഇനം കടുംപിങ്ക് നിറത്തിലുള്ള കിണ്ണാകൃതിയിലുള്ള പൂക്കളും ചെറുതായ വലിപ്പവും കൊണ്ടു പ്രത്യേക ശ്രദ്ധേയമാണ്.
ചെറിയ കണ്ടെയ്നറുകളിലും കുളങ്ങളിലുമുള്ള കൃഷിക്ക് ഇത് അനുയോജ്യമാണ്. 'പനിനീര്‍ ഇനം നിരവധി ദളങ്ങളുള്ള മൃദുവായ പിങ്ക് നിറത്തിലുള്ള പൂക്കളും മനോഹരമായ സുഗന്ധവുമുള്ളതാണ്. അലങ്കാര ജലതോട്ടങ്ങളില്‍ ഈ ഇനം മികച്ച ദൃശ്യസൗന്ദര്യം നല്‍കുന്നു. കോട്ടയത്ത് നടന്ന ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ വാര്‍ഷിക സോണല്‍ ശിൽപ്പശാലയില്‍ ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. രജ്ബീര്‍ സിങ്ങ് അവാര്‍ഡ് സമ്മാനിച്ചു. താമര ഇനങ്ങള്‍ വികസിപ്പിക്കാനും വിവിധയിനം താമര വളര്‍ത്തുന്നതിനുമുള്ള അജിതയുടെ ഈ പ്രത്യേക താൽപ്പര്യത്തിന് പിന്തുണയുമായി ഭര്‍ത്താവ് ആര്‍ പ്രദീപ്കുമാറും മകൻ പ്രജിത്തും കൂടെയുണ്ട്.










0 comments