നാമ്പിടുന്നത് ജീവിതം

ജി സതീശൻ
Published on Jan 02, 2026, 12:05 AM | 1 min read
കൊടുമൺ
തലയും കൈകളും മാത്രം ചലിപ്പിക്കാനാവുന്ന ഇളമണ്ണൂർ പൂതങ്കരകടമാൻ കുഴി ഇടപ്പുരയിൽ ഷാജി മൈലവേലിൽ കാൽ നൂറ്റാണ്ടായി കിടക്കയിൽ തന്നെയാണെങ്കിലും വിധിയെ പഴിക്കാതെ പ്രവർത്തന മികവുകൊണ്ട് ആരെയും അതിശയിപ്പിക്കുകയാണ്. ജീവനോപാധിയായി പേപ്പർ പേനയും, ചോക്ലേറ്റും നിർമിച്ച് വിൽപ്പനയിലാണ് അദ്ദേഹം. പേപ്പർ പേനയിൽ പച്ചക്കറി വിത്ത് കുട്ടിച്ചേർത്താണ് കച്ചവടം. പേനയുടെ ഉപയോഗം കഴിഞ്ഞ് വലിച്ചെറിഞ്ഞാലും ആളുകൾക്കുപയോഗപ്രദമായ മത്തനും, വെണ്ടയും, വെള്ളരിയും വഴുതനയുമെല്ലാം പൊട്ടി മുളയ്ക്കും. ദിവസം 50 എണ്ണം നിർമിക്കും. സാമൂഹിക മാധ്യമത്തിലൂടെ സ്വയം പഠിച്ചെടുത്താണ് സാങ്കേതികവിദ്യ വശമാക്കിയത്. ഓരോ ദിവസവും നിരവധിയാളുകളാണ് അദ്ദേഹത്തെ കാണാനും സാധനങ്ങൾ വാങ്ങാനുമായി എത്തുന്നത്. ഏറെപ്പേരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവരാണ്. അമ്മ ഗൗരിയും സഹോദരൻസജിയും കുടുംബവുമാണ് ഷാജിയുടെ എല്ലാക്കാര്യങ്ങളും നോക്കുന്നത്. ആരെയും ആശ്രയിക്കാതെ
തന്റെ അത്യാവശ്യം ചെലവുകൾക്കുള്ള പണം കണ്ടെത്തണമെന്ന ആഗ്രഹമാണ് കിടക്കയിൽ കിടന്നുകൊണ്ട് പേപ്പർ പേന നിർമിക്കാൻ ഷാജിയെ പ്രേരിപ്പിച്ചത്. അവിടെയെത്തുന്ന ആളുകളുടെ ആവശ്യാനുസരണം പേന കൾ നിർമിച്ച് അമ്മയുടെയും സഹോദരന്റെയും സഹായത്തോടെ എത്തിച്ചു കൊടുക്കും. പോസ്റ്റൽവഴിയും ആവശ്യക്കാർക്ക് എത്തിച്ചു നൽകും. 1999 ജനുവരിയിലാണ് ഷാജിയുടെ ജീവിതത്തെ തകിടം മറിച്ച ദുരന്തം നടന്നത്. ഗുജറാത്തിലെ ഒരു കമ്പനിയിലെ വെൽഡിങ് തൊഴിലാളിയായിരുന്നു അദ്ദേഹം. ജോലിക്കിടയിൽ കാൽവഴുതി വീണ് വയറിന് താഴേക്കുള്ള ശരീരം തളർന്നു പോകുകയായിരുന്നു. ഒരു വർഷം ആശുപത്രിയിൽക്കിടന്ന് ചികിത്സിച്ചിരുന്നു. ഇപ്പോഴും ചികിത്സ തുടരുന്നു.
Highlights: അരയ്‌ക്ക് താഴെ തളർന്ന യുവാവ് പച്ചക്കറി വിത്ത് ചേർത്ത പേപ്പർ പേന നിർമിച്ച് വിൽക്കുന്നു










0 comments