മരണാനന്തര അവയവദാനം
നാലുമാസത്തിൽ ദാനം ചെയ്തത് 13 പേർ

സ്വന്തം ലേഖിക
Published on Apr 22, 2026, 12:05 AM | 1 min read
പത്തനംതിട്ട
മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കാനുള്ള കേരള സ്‌റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷന്റെ (കെ–സോട്ടോ) വിവിധ നടപടികൾ ഫലം കാണുന്നു. 2026ൽ ഇതുവരെ 13 പേരുടെ അവയവങ്ങളാണ് അടുത്ത ബന്ധുക്കൾ മരണാനന്തരം ദാനം ചെയ്യാൻ തയാറായത്.
മരണാനന്തരം അവയവങ്ങൾ ആവശ്യക്കാർക്ക് നൽകുന്നതിന്റെ പ്രധാന്യം സമൂഹം മനസിലാക്കിത്തുടങ്ങിയതിന്റെ തെളിവ് കൂടിയാണിത്. 13 പേരിൽ നിന്നായി 42 അവയവങ്ങളാണ് ജീവൻ നഷ്‌ടമായേക്കാവുന്ന നിരവധി പേരിലേക്കെത്തിയത്. കഴിഞ്ഞ 10 വർഷത്തിൽ 2025ലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മരണാനന്തര അവയവദാനം നടത്തിയത്, 25 പേർ. 2026ൽ ഇത് വർധിക്കുമെന്നാണ് കെ–സോട്ടോയുടെ പ്രതീക്ഷ.
2021 മുതൽ 2025 വരെ ആകെ 86 പേരുടെ അവയവങ്ങളാണ് മരണശേഷം ദാനം ചെയ്തത്. 2026 ജനുവരി മുതൽ മാർച്ചുവരെയുള്ള കണക്കുപ്രകാരം ജീവനോടെയിരിക്കെ 337 പേരാണ് അവയവങ്ങൾ ദാനം ചെയ്തത്. പത്തുമാസം പ്രായമുള്ള മല്ലപ്പള്ളി സ്വദേശിനി ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള മാതാപിതാക്കളുടെ തീരുമാനം വലിയ പ്രശംസ നേടിയിരുന്നു. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ മാറി.
സംസ്ഥാനത്ത് 13,169 പേർ മാത്രമാണ് മരണാനന്തര അവയവദാന സമ്മതപത്രം നൽകിയിട്ടുള്ളത്. പതിനായിരത്തിൽ താഴെയായിരുന്ന എണ്ണം അടുത്തിടെയാണ് വർധിച്ചത്. ആലിനെ കൂടാതെ ജയി ജയകുമാർ, കൃഷ്‌ണലാൽ, അഭി സജീവ്, എസ് ബിനു, ജാസ്‌ലിയ ജോൺസൺ, സി ജിജിൻ, എസ് വിജയകുമാരി, പി അയ്യപ്പൻ തുടങ്ങി പ്രായഭേദമന്യേ നിരവധിപേരുടെ അവയവങ്ങൾ 2026ൽ മറ്റ് നിരവധിപേർക്ക് പുതിയ ജീവിതം നൽകി.
2026ൽ മരണാനന്തര അവയവദാനം ചെയ്തവർ–13
വൃക്ക–23
കരൾ–11
ഹൃദയം–5
പാൻക്രിയാസ്–1
കൈ–2
കഴിഞ്ഞ അഞ്ചുവർഷത്തെ കണക്ക്
2021–17
2022–14
2023–19
2024–11
2025–25










0 comments