വിളമ്പും വിഷമില്ലാ വിഭവങ്ങൾ

അങ്ങാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പച്ചക്കറി കൃഷി
പി അനൂപ്
റാന്നി
അങ്ങാടി പഞ്ചായത്തിൽ ഓണത്തിന് വിളമ്പുന്ന സാമ്പാറിനും അവിയലിനുമെല്ലാം രുചിയേറും. നാട്ടിൽതന്നെ കൃഷിചെയ്‌ത വിഷരഹിത പച്ചക്കറിയാണ് ഓണത്തിന് വിഭവങ്ങളാവുക. പഞ്ചായത്തിനെ തരിശുരഹിത കൃഷിയിടമാക്കിയത് വനിതകൾ. കുടുംബശ്രീ നേതൃത്വത്തിലാണ് പല ഭാഗങ്ങളിൽ മുപ്പതിലേറെ ഏക്കർ സ്ഥലം ഏറ്റെടുത്ത് പച്ചക്കറി കൃഷി നടത്തുന്നത്. വനിതകളുടെ ഈ നേട്ടം സംസ്ഥാനത്തെ കുടുംബശ്രീ അംഗങ്ങൾക്ക് മുഴുവൻ അഭിമാനമാണ്. അങ്ങാടി കുടുംബശ്രീയുടെകീഴിൽ 22 സംഘകൃഷി യൂണിറ്റുണ്ട്. ഓരോ സംഘത്തിലും അഞ്ചുമുതൽ 10 വരെ അംഗങ്ങളുണ്ട്. വന്യമൃഗ ആക്രമണം രൂക്ഷമായ സ്ഥലത്ത് ഇവരുടെ കൃഷി കാർഷികമേഖലയ്‌ക്കുതന്നെ പുതിയ മാതൃകയാണ്. കൃഷി ചെയ്യുമ്പോഴുള്ള സംതൃപ്തിയും വരുമാനവും കൂടിയാകുമ്പോൾ സംഘകൃഷി സൂപ്പറാകുന്നു. കപ്പ, ചേന, ചേമ്പ്, വാഴ, കാശ്‌മീരി മുളക് എന്നിവയെല്ലാം തോട്ടങ്ങളിലുണ്ട്. കൂടാതെ ഓണത്തിന് പൂക്കൾക്കായി രണ്ട് യൂണിറ്റ് ചെണ്ടുമല്ലി കൃഷിയും. പഞ്ചായത്ത് ഭരിക്കുന്ന എൽഡിഎഫ് ഭരണസമിതിയുടെ അകമഴിഞ്ഞ സഹായം കൂടിയായപ്പോൾ സംഗതി ജോർ. 2015ലാരംഭിച്ച കൃഷിയാണ് ഇപ്പോൾ പൂർണതോതിലെത്തിയത്. സിഡിഎസ് ചെയർപേഴ്സൺ ഓമന രാജൻ, വൈസ് ചെയർപേഴ്സൺ ആൻസി സനീഷ്, അഗ്രികൾച്ചർ ആർ പി കുഞ്ഞൂഞ്ഞമ്മ സൈമൺ എന്നിവരുടെ നേതൃത്വമാണ് കൃഷിയെ വിജയത്തിലേക്ക് നയിച്ചത്.








0 comments