ഇന്ത്യയിൽ വീണ്ടും എൽ ക്ലാസിക്കോ ആവേശം; റയൽ മാഡ്രിഡ്–ബാഴ്‌സലോണ ലെജൻഡസ് പോരാട്ടം കൊൽക്കത്തയിൽ

കഴിഞ്ഞ വർഷം മുംബൈയിൽ നടന്ന എൽ ക്ലാസിക്കോയിൽ ബാഴ്‌സലോണ ലെജൻഡ്‌സ് പരാജയപ്പെട്ടിരുന്നു
കൊൽക്കത്ത: സ്പാനിഷ് ഫുട്ബോളിലെ ചിരവൈരികളായ റയൽ മാഡ്രിഡിന്റെയും ബാഴ്‌സലോണയുടെയും ഇതിഹാസ താരങ്ങൾ തമ്മിലുള്ള പ്രദർശന മത്സരം നവംബർ 25ന് കൊൽക്കത്തയിൽ നടക്കും. പശ്ചിമ ബംഗാൾ കായിക മന്ത്രി ഇന്ദ്രനിൽ ഖാനാണ് ചൊവ്വാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്.
കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം സംഘടിപ്പിക്കുക. ഇരു ക്ലബ്ബുകളിലെയും മുൻകാല താരങ്ങൾ അണിനിരക്കുന്ന പോരാട്ടം ഫുട്ബോൾ ആരാധകർക്ക് ആവേശമാകുമെന്നാണ് പ്രതീക്ഷ.
മത്സരത്തിന്റെ സൂചന നൽകി മന്ത്രി തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. നവംബർ 25ന് ബാഴ്‌സലോണ ലെജൻഡ്‌സും റയൽ മാഡ്രിഡ് ലെജൻഡ്‌സും ഏറ്റുമുട്ടുമെന്നായിരുന്നു കുറിപ്പിലെ പ്രഖ്യാപനം.
ഈ മാസം ആദ്യം ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ രണ്ട് പ്രധാന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കും സാൾട്ട് ലേക്ക് സ്റ്റേഡിയം വേദിയായിരുന്നു. ഒക്ടോബർ മൂന്നിന് അഞ്ച് തവണ ലോകകപ്പ് നേടിയ ബ്രസീലിനെയും ആറിന് രണ്ട് തവണ ലോകകപ്പ് നേടിയ ഉറുഗ്വേയെയും ഇന്ത്യ നേരിട്ടിരുന്നു.
ലോക ഫുട്ബോളിലെ ഏറ്റവും പ്രശസ്തമായ വൈരങ്ങളിൽ ഒന്നായ എൽ ക്ലാസിക്കോയുടെ ആവേശം ഇതിഹാസ താരങ്ങളുടെ പോരാട്ടത്തിലൂടെ ഇന്ത്യയിലേക്കും എത്തുന്നതിന്റെ പ്രതീക്ഷയിലാണ് ആരാധകർ.









0 comments