കൂടത്തിൽ കേസ്
6 മരണങ്ങൾ ഇന്നും അജ്ഞാതം: 9 വർഷം നീണ്ട അന്വേഷണം; തെളിഞ്ഞത് കാര്യസ്ഥന്റെ കൊടുംക്രൂരത

തിരുവനന്തപുരം: കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരകൾക്കൊപ്പം ചർച്ച ചെയ്യപ്പെട്ടതായിരുന്നു കരമന കൂടം കുടുംബത്തിലുണ്ടായ ദുരൂഹമരണങ്ങൾ. 15 വർഷങ്ങൾക്കിടെ ഈ കുടുംബത്തിലെ 7 പേരാണ് മരിച്ചത്. 6മരണ ങ്ങളും ദുരൂഹമായിരുന്നുവെങ്കിലും ഏഴാമത്തെ മരണത്തോടെയാണ് നിഗൂഢതയുടെ ചുരുളഴിഞ്ഞത്. അതിലേക്ക് സംശയം ഉയർത്തിയത് കൂടത്തായി കൊലപാതക പരമ്പരയും
2017 ൽ കൂടം കുടുംബത്തിലെ ഒടുവിലെ കണ്ണിയായ ജയമാധവൻ നായരുടെ മരണമാണ് സംശയം ശക്തമാക്കിയത്. ഈ കേസിന്റെ അന്വേഷണത്തിൽ കുടുംബത്തിലെ കാര്യസ്ഥന്റെ കൊടുംക്രൂരത പുറത്തുവന്നു. ബ്രെയിൻ മാപ്പിങ്ങിലൂടെയാണ് പ്രതിയുടെ പങ്ക് കണ്ടെത്തിയത്. ചൊവ്വാഴ്ച ചോദ്യംചെയ്യലിനായി രവീന്ദ്രൻ നായരെ സിറ്റി പോലീസ് കമീഷണറുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് ഇന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
ചുരുളഴിയാത്ത 6 കൊലപാതകങ്ങൾ
ജയമാധവൻ നായരുടെ കൊലപാതകത്തിൽ വ്യക്തത വന്നുവെങ്കിലും മറ്റ് ആറ് മരണങ്ങളും ഇന്നും ദുരൂഹമായി തുടരുകയാണ്. ഗോപിനാഥ പിള്ള, ഭാര്യ സുമുഖിയമ്മ, മക്കളായ ജയബാലകൃഷ്ണൻ, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ എന്നിവരുടെ മരണങ്ങളാണ് അജ്ഞാതമായി തുടരുന്നത്.
ഗോപിനാഥൻ നായർ 1998 ലാണ് മരിച്ചത്. ഭാര്യ സുമുഖിയമ്മ 2008 ലും ഇവരുടെ മക്കളിൽ ജയശ്രീ 1991 ലും ജയകൃഷ്ണൻ 2002 ലും മരിച്ചു. ജയശ്രീ മരിക്കുമ്പോൾ പ്രായം മുപ്പതിൽ താഴെയായിരുന്നു. ജയകൃഷ്ണന് 40 വയസിൽ ജീവൻ നഷ്ടമായി. ജയപ്രകാശും സമാനമായി പ്രായം നാൽപതുകളിൽ നിൽക്കവെയായിരുന്നു മരിച്ചത്. അന്ന് ഈ കാര്യസ്ഥൻ രവീന്ദ്രൻ നൽകിയ മൊഴി കട്ടിലിൽ നിന്നു വീണു മരിച്ചു എന്നായിരുന്നു. പിന്നാലെ വേലുപ്പിള്ളയും മകൻ ഉണ്ണികൃഷ്ണനും മരിച്ചു.
രവീന്ദ്രനിലേയ്ക്ക് വഴിതിരിച്ച മൂന്ന് മരണങ്ങൾ
ജയമാധവൻ, ജയപ്രകാശ്, ജയബാലകൃഷ്ണൻ എന്നിവരുടെ മരണമാണ് രവീന്ദ്രനിലേക്ക് സംശയമു നീളാൻ വഴിവെച്ചിരുന്നു. ജയമാധവനും ജയകൃഷ്ണനും കട്ടിലിൽ നിന്നു വീണു മരിച്ചുവെന്നായിരുന്നു രവീന്ദ്രന്റെ മൊഴി. ജയപ്രകാശും ജയബാലകൃഷ്ണനും നാൽപതുകളിൽ നിൽക്കവെയായിരുന്നു മരണം. അതിനു ശേഷമായിരുന്നു ജയമാധവൻ നായരുടെ മരണം. ഇതോടെ ബന്ധുക്കളിലും നാട്ടുകാരിലും ചെറിയ സംശയം ഉടലെടുത്തു. കാര്യസ്ഥന്റെ മൊഴികളിലും വേലക്കാരിയുടെ മൊഴികളിലുമുണ്ടായ പൊരുത്തക്കേടുകൾ രവീന്ദ്രനിലേക്ക് വിരൽചൂണ്ടി. എങ്കിലും കാര്യമായ അന്വേഷണം നടക്കാതിരുന്നതിനാൽ കാര്യമുണ്ടായില്ല.
കാര്യസ്ഥനെ കുടുക്കിയ ജയമാധവൻ നായരുടെ മരണം
2017 ൽജയമാധവനെ വീട്ടിലെ കട്ടിലിൽ നിന്നു വീണു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കട്ടിലിൽനിന്ന് വീണ് തലയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചുവെന്നാണ് കാര്യസ്ഥൻ നൽകിയ മൊഴി. കുടുംബത്തിലെ അവസാനത്തെ കണ്ണിയായിരുന്നു ജയമാധവൻ.
ഇദ്ദേഹത്തിന്റെ മരണത്തോടെ കാര്യസ്ഥൻ രവീന്ദ്രന്റെയും ബന്ധുക്കളുടെയും പേരിൽ കുടുംബത്തിലെ 100 കോടിക്ക് മുകളിൽ വരുന്ന സ്വത്തുവകകൾ ഇഷ്ടദാനം എഴുതിയതായി കണ്ടെത്തി. ഇതോടെ രവീന്ദ്രനിലേക്ക് അന്വേഷണം ശക്തമായി. തൊട്ടടുത്ത് ആശുപത്രിയുണ്ടായിട്ടും ദൂരെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയതും ക്രൈംബ്രാഞ്ചിന്റെ സംശയം വർധിപ്പിച്ചു. കൂടാതെ ജയമാധവനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത് രവീന്ദ്രന്റെ സുഹൃത്തിന്റെ ഓട്ടോയിലുമായിരുന്നു. അടുത്തു തന്നെ ഓട്ടോറിക്ഷകൾ ഉണ്ടായിട്ടും സുഹൃത്തിനെ വിളിച്ചു വരുത്തി ആശുപത്രിയിൽ കൊണ്ടുപോകാൻ കാത്തിരുന്നതും സംശയം ശക്തമാക്കി.
ഇതോടൊപ്പം ജയമാധവൻ നായരുടെ മരണത്തിലെ കൊലപാതക സാധ്യത പോസ്റ്റുമോർട്ടം റിപ്പോർട്ടിലും പ്രകടമായി. തലയ്ക്കേറ്റ സാരമായ പരിക്കാണ് മരണത്തിന് കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. മുറിവുകൾ എങ്ങനെ സംഭവിച്ചു എന്നറിയാൻ നടത്തിയ ഫോറൻസിക് പരിശോധനകളും രവീന്ദ്രന് എതിരായി. സ്ഥലത്തുനിന്ന് രക്തക്കറ പുരണ്ട തടിക്കഷ്ണം കണ്ടെടുത്തു. സഹോദരൻ ജയപ്രകാശ് രക്തം ഛർദ്ദിച്ചാണ് മരിച്ചതെങ്കിലും അന്ന് പോസ്റ്റുമോർട്ടം നടത്തിയിരുന്നില്ല.
ലക്ഷ്യം കുടുംബ സ്വത്തുക്കൾ
ഒരു കുടുംബത്തിലെ അവസാന കണ്ണിയെയും നീക്കം ചെയ്തതിനു പിന്നിൽ കുടുംബത്തിലുണ്ടായിരുന്ന 100 കോടിക്കു മുകളിൽ വരുന്ന സ്വത്തുവകകളായിരുന്നു. നഗരത്തിൽ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണ് കുടുംബത്തിനുണ്ടായിരുന്നത്. എന്നാൽ എല്ലാവരുടെയും മരണശേഷം എല്ലാം രവീന്ദ്രന്റെയും ബന്ധുക്കളുടെയും പേരിൽ ഇഷ്ടദാനം എഴുതിയതായി അന്വേഷണത്തിൽ കണ്ടെത്തി. എല്ലാം വ്യാജരേഖകൾ ഉപയോഗിച്ച് കൈക്കലാക്കിയതാണെന്നും വ്യക്തമായി. ഇതോടെ മറ്റു മരണങ്ങളിലും ഇയാളെ സംശയിക്കുന്ന സാഹചര്യമായി.
9 വർഷം നീണ്ട അന്വേഷണം
കുടുംബത്തിൽ മരിച്ച വേലുപിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരിയുടെയും നാട്ടുകാരനായ അനിൽകുമാറിന്റെയും പരാതിയിലാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. 9 വർഷം നീണ്ടു അന്വേഷണത്തിനൊടുവിൽ രവീന്ദ്രന്റെ പങ്ക് വ്യക്തമാവുകയും ബ്രെയിൻ മാപ്പിങ്ങിലൂടെ കൊലപാതകത്തിന്റെ ചുരുൾ അഴിയുകയുമായിരുന്നു.
മാധവൻ നായരുടെ കൊലപാതക ചുരുൾ അഴിഞ്ഞതോടെ വീണ്ടും കൂടത്തിൽ കേസ് ചർച്ച ചെയ്യപ്പെടുകയാണ്. വരും നാളുകളിൽ ദുരൂഹമായി നിൽക്കുന്ന ആറു മരണങ്ങളുടെയും സത്യാവസ്ഥ പുറത്തുവന്നേയ്ക്കും.








0 comments