ad
Deshabhimani

സിലിണ്ടറില്ല; ഹോട്ടലുകളിൽ പ്രതിസന്ധി

ഭക്ഷണം പൊള്ളും

GAS
avatar
സ്വന്തം ലേഖിക

Published on May 10, 2026, 12:15 AM | 1 min read



പത്തനംതിട്ട
വാണിജ്യസിലിണ്ടർ വില കുത്തനെ വർധിപ്പിച്ചതോടെ ഭക്ഷണവില വർധിപ്പിക്കാൻ നിർബന്ധിതരായി ഹോട്ടലുടമകൾ. ചായ മുതൽ ഉ‍ൗണ്‌, ബിരിയാണി വരെയുള്ള വിഭവങ്ങൾക്ക്‌ വില വർധിച്ചുകഴിഞ്ഞു. രണ്ടുമുതൽ നാലുരൂപ വരെയാണ്‌ ചായയ്ക്ക്‌ വില വർധന.
90 രൂപയുള്ള ഉ‍ൗണിന്‌ ചിലയിടങ്ങളിൽ 120 രൂപ വരെയായി. ബിരിയാണി, അൽ-ഫാം, ഷവായ്‌, ഷവർമ തുടങ്ങി എല്ലാ വിഭവങ്ങൾക്കും 20 മുതൽ 40 രൂപ വരെ വിലകൂടി. വാണിജ്യ പാചകവാതക വിലയിൽ 993 രൂപയുടെ വർധനവുണ്ടായതോടെ ഒരു സിലിണ്ടർ വാങ്ങാൻ വ്യാപാരികൾക്ക്‌ ചെലവാകുക 4000 രൂപയാണ്‌. ഇ‍ൗ വിലയിൽ പാചകവാതക സിലിണ്ടർ വാങ്ങി പഴയ വില തുടരുന്നത്‌ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌ നയിക്കുമെന്നും അതിനാലാണ്‌ ഭക്ഷണ വിലവർധനവെന്നും വ്യാപാരികൾ ഒന്നടങ്കം പറയുന്നു.
പല സ്ഥാപനങ്ങളും ദിവസവും രണ്ടുമുതൽ എട്ടുസിലിണ്ടർ വരെ ഉപയോഗിക്കുന്നവരാണ്‌. ഇതിലൂടെ മാത്രം 30,000 രൂപയിലധികം ചെലവുവരും. ആവശ്യാനുസരണം സിലിണ്ടർ ലഭ്യമാകാത്തതോടെ പലരും ഇലക്‌ട്രിക്‌ അടുപ്പിലേക്ക്‌ മാറിയിരുന്നു. വൈദ്യുതിനിരക്ക്‌ കൂടുന്നതും പ്രതിസന്ധിയായി. ഹോട്ടലുകൾ, ബേക്കറി, തട്ടുകട, വീട്ടിലൂണ്‌ പോലെയുള്ള എല്ലാ സ്ഥാപനങ്ങളും സിലിണ്ടർ ക്ഷാമത്തിലാണ്‌.
സിലിണ്ടർ വില വർധിക്കുകയും ക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ ഹോട്ടലുകൾ വിഭവങ്ങൾ വെട്ടിക്കുറച്ചുകഴിഞ്ഞു. പലയിടങ്ങളിലും ഉ‍ൗണ്‌ കിട്ടാനില്ല.
പുതിയ ഹോട്ടലുകളിലൊന്നും വിറകടുപ്പിനുള്ള സ‍ൗകര്യമില്ലാത്തത്‌ മറ്റൊരു പ്രതിസന്ധിയാണ്‌. അതിഥി തൊഴിലാളികൾ  പലരും മടങ്ങിയെത്തിയതോടെ കൂലി നൽകേണ്ടവരുടെ എണ്ണവും കൂടി. ഇ‍ൗ സാഹചര്യത്തിൽ പിടിച്ചുനിൽക്കണമെങ്കിൽ വില വർധനയല്ലാതെ മറ്റ്‌ മർഗമില്ലെന്ന്‌ വ്യാപാരികൾ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home